ദിനോസർ' മത്സ്യത്തെ നോർവെയിൽ പിടികൂടി

ദിനോസറുമായി രൂപസാദൃശ്യമുള്ള അപൂർവ്വയിനം മത്സ്യത്തെ പിടികൂടി. മത്സ്യബന്ധന കമ്പനിയുടെ നോർഡിക് സീ ആഗ്ലിങ്ങിന്റെ വോളന്റിയറായ ഓസ്കാർ ലുൻഡാൾ (19)നാണ് മത്സ്യത്തെ ലഭിച്ചത്. തുറിച്ച കണ്ണുകളും വലിയ തലയുമുള്ള മത്സ്യത്തിന് താരതമ്യേന ചെറിയ ശരീരമാണുള്ളത്.

അൻഡോയ ദ്വീപിനു സമീപത്ത് ബ്ലൂ ഹാലിബട്ട് എന്നയിനം മത്സ്യത്തെ തെരഞ്ഞു പോയപ്പോഴാണ് അപൂർവ്വയിനം മത്സ്യത്തെ ലഭിച്ചത്. 'ദിനോസറിനെപ്പോലെ'യുള്ള മത്സ്യത്തെയാണ് താൻ പിടികൂടിയതെന്ന് ഓസ്കാർ പറഞ്ഞു.

"കരയിൽനിന്നും അഞ്ച് മൈലോളം അകലെ വളരെ അപൂർവ്വമായി മാത്രം കാണുന്ന ബ്ലൂ ഹാലിബട്ട് എന്നയിനം മത്സ്യത്തെ തേടിയാണ് ഞങ്ങൾ മത്സ്യബന്ധനത്തിനിറങ്ങിയത്." "നാല് ചൂണ്ടക്കൊളുത്താണ് ഞാൻ നൂലിൽ ബന്ധിച്ചിരുന്നത്. അര മണിക്കൂറോളം എടുത്താണ് മത്സ്യത്തെ പിടികൂടാൻ കഴിഞ്ഞത്." ഓസ്കാർ വ്യക്തമാക്കി.

300 ദശലക്ഷം വർഷം പഴക്കമുള്ള സ്രാവിന്റെ കുടുംബത്തിൽപ്പെട്ട 'റാറ്റ് ഫിഷ്'ആണിതെന്ന് വിദഗ്ദർ പറഞ്ഞു. 'ചിമേരസ് മോൺസ്ട്രോസ ലിന്നേയസ്' എന്നാണ് ഇതിന്റെ ലാറ്റിൻ നാമമെന്നും അവർ വ്യക്തമാക്കി. സിംഹത്തിന്റെ തലയും വ്യാളിയുടെ ഉടലുമുള്ള ഒരു ഗ്രീക്ക് കഥാപാത്രത്തിൽ നിന്നാണ് മത്സ്യത്തിന്റെ പേര് ഉരുത്തിരിഞ്ഞതെന്നും വിദഗ്ധർ പറയുന്നു.

വളരെയധികം ആഴത്തിൽ ജീവിക്കുന്ന മത്സ്യമാണിത്. വളരെ വിരളമായി മാത്രമാണ് ഇത് പിടികൊടുക്കാറുള്ളത്. ഇരുട്ടുനിറഞ്ഞ പ്രദേശത്ത് ജീവിക്കുന്നതിനാലാണ് ഈ മത്സ്യത്തിന് ഇത്ര വലിയ കണ്ണുകൾ ലഭിച്ചതെന്നാണ് ആളുകൾ പറയുന്നത്.


RELATED STORIES