കൊറോണ സംസ്ഥാന ദുരന്തമല്ല; തീരുമാനം പിൻവലിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കൊറോണ വൈറസ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച തീരുമാനം പിൻവലിച്ച് കേരള സര്‍ക്കാര്‍. പുതുതായി പോസിറ്റീവ് കേസുകള്‍ പ്രത്യക്ഷപ്പെടാത്ത സാഹചര്യത്തിലാണ് തീരുമാനം പിൻവലിക്കാൻ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതോടെ അതികഠിനമായ നിയന്ത്രണങ്ങള്‍ ഉണ്ടാക്കില്ല. എന്നാൽ ജാഗ്രത തുടരുമെന്നാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചത്.

രോഗം സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയവരുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ഈ സാഹചര്യത്തിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ നീക്കിയത്. ഇതിനിടെ രോഗം പടര്‍ന്ന ചൈനയിൽ നിന്ന് യാത്രാസൗകര്യങ്ങളില്ലാത്തതിനാൽ നാട്ടിലെത്താൻ കഴിയാതെ ക്ലേശിച്ച ഇന്ത്യൻ വിദ്യാര്‍ഥികളുടെ പ്രശ്നത്തിന് പരിഹാരമായി. കമിങ് ഡാലിയൻ സര്‍വകലാശാലയിലെ മെഡിക്കൽ വിദ്യാര്‍ഥികളാണിവര്‍. ഇവര്‍ താമസിക്കുന്ന സ്ഥലത്തും കൊറോണ റിപ്പോര്‍ട്ട് ചെയ്തതോടെ നാട്ടിലേയ്ക്ക് മടങ്ങാൻ വിദ്യാര്‍ഥികള്‍ തീരുമാനിക്കുകയായിരുന്നു. സിംഗപ്പൂര്‍ വഴിയുള്ള വിമാനത്തിൽ ടിക്കറ്റെടുത്തെങ്കിലും കൊറോണ ബാധയുടെ സാഹചര്യത്തിൽ യാത്ര അനുവദിക്കാനാകില്ലന്ന് അധികൃതര്‍ നിലപാടെടുത്തതോടെയാണ് വിദ്യാര്‍ഥികള്‍ ദുരിതത്തിലായത്. ചൈനീസ് നഗരമായ കൻമിംഗിൽ കുടുങ്ങിക്കിടന്ന 21 അംഗ സംഘം ഹോങ്കോങ് വഴിയാണ് രാജ്യത്തെത്തുക. ഇവര്‍ക്ക് വിമാന ടിക്കറ്റ് ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

RELATED STORIES