ക്യാൻസർ ശസ്ത്രക്രിയയ്ക്കുശേഷം വായിൽ രോമവളർച്ച; ഉമിനീര് പോലും ഇറക്കാൻ പറ്റാതെ സ്റ്റീഫൻ!

തിരുവനന്തപുരം: രോഗം എന്ന ദുരിതത്തിന് പരിഹാരമാണ് ചികിത്സ. എന്നാൽ ചികിത്സയെ തുടര്‍ന്ന് ദുരിതത്തിലായിരിക്കുകയാണ് തിരുവനന്തപുരം വെള്ളറട സ്വദേശിയായ സ്റ്റീഫൻ!. ക്യാൻസർ ശസ്ത്രക്രിയയ്ക്കുശേഷം വായിൽ രോമം വളര്‍ന്ന് കുടിവെള്ളം പോലും ഇറക്കാൻ സാധിക്കാതെ ദുരിത ജീവിതം നയിക്കുകയാണ് സ്റ്റീഫൻ.

തിരുവനന്തപുരം ആര്‍സിസി ആശുപത്രിയിൽ വായിലെ അര്‍ബുദ മുഴ നീക്കം ചെയ്യാനാണ് സ്റ്റീഫൻ ശസ്ത്രക്രിയയ്ക്കു വിധേയനായത്. കഴിഞ്ഞ വര്‍ഷം ജൂലൈ ഒമ്പതിനായിരുന്നു ശസ്ത്രക്രിയ. കീഴ്ത്താടിയിൽ നിന്ന് ചര്‍മ്മം എടുത്ത് വായിൽ തുന്നിച്ചേര്‍ക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് വായിൽ രോമ വളര്‍ച്ച അനുഭവപ്പെട്ടത്. പിന്നീട് രോമം വായിൽ മുഴുവൻ വ്യാപിച്ചു. ഉമിനീര് ഇറക്കാൻ പോലും സാധിക്കാത്ത സാഹചര്യമാണെന്ന് സ്റ്റീഫൻ പറയുന്നു.

ശസ്ത്രക്രിയ ചെയ്യുന്ന സമയത്ത് തുടയിൽ നിന്ന് ചർമ്മം എടുത്ത് വായിൽ തുന്നിചേർക്കുമെന്നാണ് പറഞ്ഞത്. എന്നാൽ ശസ്ത്രക്രിയയിൽ എന്താണ് ചെയ്തതെന്ന് അറിയില്ല. ഒരുപിടി ആഹാരം കഴിക്കണമെങ്കിൽ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വേണം. എന്തെങ്കിലും എടുത്ത് വായിൽ വെച്ചാൽ മുടിയിൽ തട്ടി ആഹാരം ഇറങ്ങിയില്ലെങ്കിൽ പിന്നെ ഒന്നും കഴിക്കാൻ സാധിക്കില്ല' സ്റ്റീഫൻ ദുരിത ജീവിതം പറയുന്നു. ചികിത്സിച്ച ഡോക്ടറെ സമീപിച്ചപ്പോള്‍ ബാര്‍ബറെ വിളിച്ച് രോമം വടിച്ചുകളയാൻ നിര്‍ദ്ദേശിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം സംഭവത്തിൽ ആരോഗ്യ മന്ത്രി കെ കെ ശൈലജ അന്വേഷണം പ്രഖ്യാപിച്ചു. ഡോക്ടര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചെങ്കിലും കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

RELATED STORIES