328 ദിവസം ബഹിരാകാശത്ത്; ചരിത്രം കുറിച്ച് ക്രിസ്റ്റിന കോച്ച് തിരികെ ഭൂമിയില്‍

2019 ഒക്ടോബര്‍ 18-നാണ് രണ്ട് സ്ത്രീകള്‍ ശൂന്യാകാശത്ത് വലിയൊരു നേട്ടം കൈവരിച്ചത്. വനിതകള്‍ മാത്രം പങ്കെടുക്കുന്ന ആദ്യത്തെ ബഹിരാകാശ നടത്തമായിരുന്നു അത്. ക്രിസ്റ്റീന കോച്ചും ജെസിക്ക മെയറുമായിരുന്നു ഈ നേട്ടം സ്വന്തമാക്കിയത്. ''ഞങ്ങള്‍ രണ്ടുപേരും പരസ്‍പരം കണ്ണുകളില്‍ നോക്കുകയായിരുന്നു. ഒരുപാട് ആളുകള്‍ക്ക് പ്രചോദനമാകുന്ന ഈ അവസരം ലഭിച്ച ഞങ്ങള്‍ ശരിക്കും ആദരിക്കപ്പെട്ടിരിക്കുന്നു. ഈ അനുഭവം പറഞ്ഞറിയിക്കാന്‍ പറ്റാത്തത്ര പ്രത്യേകതകള്‍ നിറഞ്ഞതാണ്.'' - ക്രിസ്റ്റീന കോച്ച് പറയുന്നു.

ദൗത്യത്തിനിടെ ആറ് തവണയാണ് കോച്ച് ശൂന്യാകാശത്ത് നടന്നത്. ഇതില്‍ രണ്ടെണ്ണം ജെസിക്ക മെയറിനൊപ്പമാണ്. ആകെ 42 മണിക്കൂറും 15 മിനിറ്റുമാണ് ക്രിസ്റ്റീന കോച്ച് ബഹിരാകാശ നിലയത്തിന് പുറത്ത് കഴിഞ്ഞത്. വിവിധ പരീക്ഷണങ്ങളും ഗവേഷണങ്ങളും നടത്താനാണ് കോച്ച് ബഹിരാകാശ നിലയത്തില്‍ കഴിഞ്ഞ സമയം മുഴുവന്‍ ഉപയോഗിച്ചത്. കറങ്ങിക്കൊണ്ടിരിക്കുന്ന ലബോറട്ടറിയായാണ് ബഹിരാകാശ നിലയം പ്രവര്‍ത്തിക്കുന്നത്. ഭൂഗുരുത്വാകര്‍ഷണമില്ലാതെ മനുഷ്യന്‍ എങ്ങനെ കഴിയുമെന്നത് കണ്ടെത്താനുള്ള പരീക്ഷണങ്ങളായും ബഹിരാകാശ നിലയത്തിലെ യാത്രികരുടെ ജീവിതം ഉപയോഗിക്കാം.

ആറുമാസത്തെ ദൗത്യത്തിനായിരുന്നു നാസ ക്രിസ്റ്റീന കോച്ചിനെ ബഹിരാകാശ നിലയത്തിലേക്ക് അയച്ചത്. എന്നാല്‍ ദൗത്യം നീട്ടിയതോടെ കോച്ച് ശൂന്യാകാശത്ത് നിന്നത് ആകെ 328 ദിവസമാണ്. ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശത്ത് കഴിഞ്ഞ വനിതയെന്ന റെക്കോര്‍ഡാണ് ഇതിലൂടെ കോച്ച് സ്വന്തമാക്കിയത്. 288 ദിവസമെന്ന പെഗ്ഗി വിറ്റ്സണിന്‍റെ റെക്കോര്‍ഡാണ് കോച്ച് മറികടന്നത്. ഏറ്റവും കൂടുതല്‍ കാലം ബഹിരാകാശത്ത് കഴിഞ്ഞതിന്‍റെ റെക്കോര്‍ഡ് നാസയുടെ സ്‍കോട്ട് കെല്ലിയ്ക്കാണ്. 340 ദിവസമാണ് കെല്ലി ബഹിരാകാശത്ത് കഴിഞ്ഞത്.

ശൂന്യകാശത്ത് മനുഷ്യശരീരത്തിന് എന്ത് സംഭവിക്കുമെന്ന് മനസ്സിലാക്കുന്നതിന് വലിയ സംഭാവനയാണ് കോച്ച് നല്‍കിയിരിക്കുന്നത്. ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ കഴിയുന്നത് എല്ലുകളുടെയും പേശികളുടെയും തേയ്‍മാനത്തിന് കാരണമാകും. ഇത് തടയാനുള്ള മാര്‍ഗം തേടി നിരവധി പരീക്ഷണങ്ങള്‍ മുമ്പും നടത്തിയിട്ടുണ്ട്. നട്ടെല്ല് ശക്തിപ്പെടുത്തുന്നതിനുള്ള പരീക്ഷണങ്ങളുടെ ഭാഗമായിരുന്നു കോച്ച്. ശൂന്യാകാശത്ത് നട്ടെല്ലിന് തേയ്‍മാനമുണ്ടാകുന്നത് തടയാനുള്ള മരുന്നുകളും വ്യായാമങ്ങളും പരീക്ഷിച്ചു. ഈ പരീക്ഷണങ്ങളിലെ കണ്ടെത്തലുകള്‍ ഭാവിയില്‍ നാസയുടെ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ഉപകാരപ്രദമാവും. വൃക്കയിലെ കോശങ്ങളെക്കുറിച്ചുള്ള പഠനമായിരുന്നു മറ്റൊരു പ്രധാന പഠന മേഖല. ശൂന്യാകാശത്ത് വെച്ച് കിഡ്‍നി സ്റ്റോണും അസ്ഥിക്ഷവും ഉണ്ടാകുന്നത് എങ്ങനെ തടയാമെന്നാണ് പരിശോധിച്ചത്. പുതിയ ചികിത്സാ സംവിധാനങ്ങള്‍ കണ്ടെത്താനുള്ള പരീക്ഷണങ്ങളും നടത്തി.

കാന്‍സര്‍, ട്യൂമര്‍ കോശങ്ങളുടെ വളര്‍ച്ച തടയാനുള്ള മൈക്രോഗ്രാവിറ്റി ക്രിസ്റ്റല്‍സ് പരീക്ഷണത്തിന്‍റെയും ഭാഗമായിരുന്നു കോച്ച്. ഗ്രാവിറ്റി കുറയുമ്പോള്‍ ക്രിസ്റ്റലിന്‍റെ വളര്‍ച്ച ഭൂമിയിലേതിനേക്കാള്‍ പതിന്‍മടങ്ങ് കൂടുതലാണെന്ന് കണ്ടെത്തി. ഭൂമിയില്‍ വെച്ച് ഇതേ പരീക്ഷണം നടത്തിയപ്പോഴുണ്ടായതിനേക്കാള്‍ മികച്ച ഫലമാണ് ശൂന്യാകാശത്ത് ലഭിച്ചത്. ഈ കണ്ടെത്തലുകള്‍ കാന്‍സര്‍ ചികിത്സാ രംഗത്ത് വന്‍ കുതിച്ചുചാട്ടമുണ്ടാക്കുമെന്നാണ് ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്. ശൂന്യാകാശത്ത് വെച്ച് കോശങ്ങളുടെ പകര്‍പ്പെടുക്കാന്‍ സഹായിക്കുന്ന ബയോഫാബ്രിക്കേഷന്‍ ഫസിലിറ്റി സ്ഥാപിക്കാനും കോച്ച് സഹായിച്ചു. ഭൂമിക്ക് പുറത്ത് വെച്ച് മനുഷ്യാവയവങ്ങള്‍ സൃഷ്ടിക്കുന്ന ഭാവിയിലേക്കുള്ള തുടക്കമാണിത്. ഭൂമിയില്‍ വെച്ച് സൂക്ഷ്‍മരക്തവാഹിനികള്‍ പോലെയുള്ള അവയവങ്ങളുടെ പകര്‍പ്പെടുക്കാന്‍ വളരെ പ്രയാസമാണ്. എന്നാല്‍ ഗുരുത്വാകര്‍ഷണമില്ലാത്തതിനാല്‍ ബഹിരാകാശത്ത് ഇത് കുറുച്ചുകൂടി എളുപ്പമാകും.

സസ്യശാസ്ത്രവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളും കോച്ച് ശൂന്യാകാശത്ത് നടത്തി. ശൂന്യാകാശത്ത് സസ്യങ്ങള്‍ എങ്ങനെ വളരുമെന്ന് മനസ്സിലാക്കാനുള്ള പരീക്ഷണങ്ങളാണ് നടത്തിയത്. കടുക് ചെടിയാണ് കോച്ചും സംഘവും ബഹിരാകാശ നിലയത്തില്‍ വളര്‍ത്തിയത്. ശൂന്യാകാശത്ത് ഭക്ഷണം ഉണ്ടാക്കി കഴിക്കാനും കഴിയുന്ന കാലത്തിലേക്കുള്ള ആദ്യ ചുവടാണിത്. ശൂന്യാകാസത്ത് അഗ്നി എങ്ങനെ പ്രതികരിക്കുമെന്നും കോച്ചും സംഘവും പരീക്ഷിച്ചു.

2019 മാര്‍ച്ച് 14-നാണ് ക്രിസ്റ്റീന കോച്ച് ബഹിരാകാശ നിലയത്തിലെത്തിയത്. ബഹിരാകാശ നിലയത്തിലെ കുഞ്ഞുവാതിലിലൂടെ ആദ്യം അകത്ത് കടന്ന ആ നിമിഷമാണ് താന്‍ ഓര്‍മയില്‍ മായാതെ കുറിച്ചുവെച്ചിരിക്കുന്നതെന്ന് കോച്ച് പറയുന്നു. ''അതുല്യമായ ഒട്ടേറെ അനുഭവങ്ങളിലൂടെയാണ് കടന്നുപോയതെന്നും കോച്ച് പറയുന്നു. ഞാന്‍ ജനിച്ചുവളര്‍ന്ന നോര്‍ത്ത് കരോലനിയ്ക്ക് മുകളിലൂടെ പോയപ്പോള്‍ വീടിനെക്കുറിച്ച് ഓര്‍മ വന്നു. വീടിന്‍റെ കരുതാലായ പിസ്സ കിറ്റുകള്‍ ബഹിരാകാശ നിലയത്തിലെ പതിവ് ഭക്ഷണങ്ങള്‍ക്കിടയിലെ ആഹ്ളാദമായി.'' -ക്രിസ്റ്റീന പറയുന്നു.

വളരെ പെട്ടെന്ന് തന്നെ ശരീരം മൈക്രോഗ്രാവിറ്റിയുമായി താദാത്മ്യം പ്രാപിച്ചതോടെ ക്രിസ്റ്റീന ശൂന്യാകാശത്താണെന്ന് തന്നെ മറന്നുപോയി. തിരിച്ചെത്തിയപ്പോള്‍ ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി വീണ്ടും യോജിക്കാന്‍ കഴിഞ്ഞതെങ്ങനെ എന്നാണ് താന്‍ അത്ഭുതപ്പെടുന്നതെന്നും അവര്‍ പറയുന്നു. ശൂന്യാകാശത്ത് ഉറങ്ങാന്‍ ഭൂമിയിലേക്കാള്‍ സുഖമാണെന്നാണ് ക്രിസ്റ്റീനയുടെ അഭിപ്രായം. ''കൂടുതല്‍ ചൂടോ തണുപ്പോ ഇല്ലാത്ത സുഖകരമായ കാലാവസ്ഥയില്‍ തിരിഞ്ഞും മറിഞ്ഞും കിടക്കാതെ സുഖമായി ഉറങ്ങാം.''- ക്രിസ്റ്റീന പറയുന്നു. ''ശരീരം അതിന് ഇഷ്‍ടമുള്ളതുപോലെ കിടക്കുന്നു. ഭൂമിയില്‍ തിരിച്ചെത്തിയാല്‍ ഇതുപോലെ സുഖമായി കിടക്കാന്‍ കഴിയുമോ എന്നായിരുന്നു ആശങ്ക.''- കോച്ച് പറയുന്നു.

ശൂന്യാകാശത്ത് നല്ല സുഖമായിരുന്നെങ്കിലും ഭൂമിയില്‍ മാത്രം കിട്ടുന്ന ചിലതുണ്ടെന്നും ക്രിസ്റ്റീന പറയുന്നു. ''ഒഴുകുന്ന വെള്ളം, മഴത്തുള്ളികള്‍, മുടിയിഴകളിലൂടെ പടരുന്ന കാറ്റ്... അങ്ങനെ പ്രകൃതിയുടെ മനോഹാരിതയൊന്നും അവിടെ കിട്ടില്ല. ഭക്ഷണമായിരുന്നു നഷ്‍ടബോധമുണ്ടാക്കിയ മറ്റൊരു കാര്യം. ഇതൊക്കെ എന്നെ എത്രയും വേഗം ഭൂമിയിലേക്ക് മടങ്ങിവരാന്‍ പ്രേരിപ്പിച്ചുകൊണ്ടിരുന്നു.'' - കോച്ച് പറയുന്നു.

തന്‍റെ മുന്‍ഗാമികളെ പോലെ ക്രിസ്റ്റീനയും ശൂന്യാകാശ നടത്തത്തിനിടയില്‍ ഭൂമിയുടെ ചിത്രങ്ങളെടുത്തു. അത് ഭൂമിയെക്കുറിച്ച് പുതിയൊരു കാഴ്‍ചപ്പാടാണ് നല്‍കിയതെന്നാണ് ക്രിസ്റ്റീന പറഞ്ഞത്. ''ഭൗമോപരിതലത്തിന് 250 മൈലുകള്‍ ഉയരെയുള്ള പ്രത്യേക സ്ഥാനത്ത് നിന്ന് ഭൂമിയുടെ ശക്തിയും സൗന്ദര്യവും അറിഞ്ഞു. ബഹിരാകാശത്ത് നിന്ന് നോക്കുമ്പോള്‍ അതിര്‍ത്തികളില്ല. ഒരുമിച്ച് നിന്ന് ശ്വസിക്കുകയും ജീവിക്കുകയും ചെയ്യുന്ന വലിയൊരു ജീവിയുടെ ഭാഗമാണ് നമ്മളെല്ലാവരും. ഈ കാഴ്‍ചയുടെ ആനന്ദം ഒരു വര്‍ഷത്തിലധികം കാലം എന്‍റെയുള്ളില്‍ നിറഞ്ഞു. ഭൂമിയിലെത്തിയപ്പോള്‍ ‍ഞാന്‍ ബഹിരാകാശ നിലയം കാണാനായി ആകാശത്തേക്ക് നോക്കുകയാണ്. എന്‍റെ സഹപ്രവര്‍ത്തകര്‍ അവിടെ എന്തായിരിക്കും ചെയ്യുന്നത്. 20 വര്‍ഷത്തോളമായി മനുഷ്യന്‍ തുടര്‍ച്ചയായി ബഹിരാകാശത്തേക്ക് പോവുന്നു. ഇനിയും അത് തുടരും.'- ക്രിസ്റ്റീന പറയുന്നു.


RELATED STORIES