വേദനിക്കുന്ന സുവിശേഷകൻ്റെ തുറന്ന കത്ത്

കുമ്പനാട്: കോവിഡ് 19 എന്ന മാരക രോഗം, ലോകം  മുഴുവൻ പടർന്നു പിടിച്ചുക്കൊണ്ടെയിരിക്കുന്നു. ഇത് നിമിത്തം നമ്മുടെ രാജ്യം  ഉൾപ്പടെ പല രാജ്യങ്ങളും ലോക്ക്‌ ഡൗൺ ചെയ്തിരിക്കുകയാണല്ലോ?.


ഇത്തരുണത്തിൽ നമ്മുടെ കേരളത്തിലുള്ള എല്ലാ വിഭാഗത്തിൽപ്പെട്ടവർക്കും ഒരു നിലയിൽ അല്ലെങ്കിൽ മറ്റൊരു നിലയിൽ, ഗവൺമെന്റ് ശമ്പളമോ, സ്റ്റൈഫെന്റോ നൽകുന്നു സത്യം തന്നെയാണ്. എന്നാൽ ഇതിലൊന്നും പെടാത്തത്  ചില ദൈവദാസന്മാരും  ദിവസ വേതനം വാങ്ങുന്നവരായ വിശ്വാസികളുമാണ് .

എന്റെ  അറിവിൽ വിശ്വാസികൾ പണി ചെയ്താലേ 50%  ദൈവദാസന്മാർക്കും സാമ്പത്തിക നന്മ ഉണ്ടാകുകയുള്ളൂ എന്നതാണ്. ഇല്ലെങ്കിൽ  ഇരു കൂട്ടരും പട്ടിണി ആകും അതാണ് നഗ്നമായ സത്യം. ഇതാരും തുറന്ന് പറയുന്നില്ലാ എന്ന് അധികാരികളും മറ്റുള്ളവരും ദയവായി ചിന്തിച്ചാലും.


ലോക്ക്‌ ഡൗൺ നിമിത്തം ഇതാണു ഇവിടെ സംഭവിച്ചിരിക്കുന്നത്. ഭക്ഷണ ക്രമീകരണത്തിന് ഉള്ളത്  ഗവർമെന്റ് ഏർപ്പെടുത്തിയിരിക്കുന്നുവെങ്കിലും, അത് മാത്രമല്ല ജീവിതത്തോടുളള ബന്ധത്തിൽ മറ്റനേകം നിരവധി സാമ്പത്തിക ചിലവുകൾ ഈ കൂട്ടർക്ക് ഉണ്ട് എന്നത് ഓർത്തിരുന്നുവെങ്കിൽ എത്ര നല്ലതായിരുന്നു.


അവരെ കൂടെ (വിശ്വാസികളെ കൂടെ) സാമ്പത്തികമായി സഹായിക്കേണ്ടത് കഴിവുള്ളവരുടെ ഉത്തരവാദിത്വമാണ് നാം അത് മറന്ന് പോകരുത്. കേരളത്തിലെ സാലറി ചലഞ്ചിലൂടെ  ഉദ്യോഗസ്ഥന്മാരുടെ  ഒരു മാസത്തെ ശമ്പളം ഗവൺമെന്റ് ആവശ്യപ്പെട്ടിരിക്കുന്നു.

അധികാരികളോടും മേൽത്തട്ടിൽ പ്രവർത്തിക്കുന്നവരോടും എന്റെ എളിയ ശുപാർശ ഞാൻ പങ്കുവക്കട്ടെ.  കുറഞ്ഞത്  20,000 ൽ കൂടുതൽ മാസ വരുമാനം  (അത്  ശമ്പളത്തിലൂടെയും, മറ്റു വരുമാന മാർഗ്ഗങ്ങളിൽക്കൂടിയും) ലഭിക്കുന്ന  ദൈവദാസൻമാരും, 30,000 ൽ കൂടൂതൽ മാസവരുമാനമുള്ള സഭകളും, ഈ പ്രതിസന്ധി കയിയുവോളം  മേൽപറഞ്ഞ തുകയിൽ കൂടുതൽ ഉള്ളത്, ഐ.പ .സി യിൽ ആണെങ്കിലും മറ്റ് ഏത് പ്രസ്ഥാനത്തിലാണെങ്കിലും അതാത് സ്റ്റേറ്റ് കൗൺസിലിനെ ഏൽപിക്കുകയും, കൗൺസിൽ അത് കൃത്യമായി, സെൻ്റെർ ശുശ്രൂഷകന്മാരുമായി ആലോചിച്ച്, അതിന്  അർഹരായവരുടെ കൈകളിൽ എത്തിക്കുകയും ചെയ്യട്ടെ. 


ഇത് ശുശ്രൂഷകരുടെ ഗണത്തിൽ ലോക്കൽ, സെൻ്റെർ തലത്തിൽ ഉള്ളവരും, ഐ.പി.സി.യിലും മറ്റ് പൊതു ശുശ്രൂഷകർ എന്ന്  അറിയപ്പെടുന്നവരും ഉൾപ്പെടണം.  ''സമത്വം ഉണ്ടാകുവാൻ തക്കവണ്ണം  അവരുടെ സുഭിക്ഷം നിങ്ങളുടെ ദുർഭിക്ഷത്തിന് ഉതകേണ്ടതിന്, ഇക്കാലം നിങ്ങൾക്കുള്ള സുഭിക്ഷം അവരുടെ ദുർഭിക്ഷത്തിന് ഉതകട്ടെ" (2 കൊരിന്ത്യർ 8:14).

ഈ മഹമാരിയിൽ നിന്ന്  രാജ്യങ്ങളെ വിടുവിക്കേണ്ടത്തിനും, ജനങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിനും  നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം, ഈ പ്രതിസന്ധിയെ നേരിടാം, നിശ്ച്ചയമായും ദൈവം നമ്മുടെ സ്ഥിതിക്ക് മാറ്റം വരുത്തും. ''എളിയവനെ ആദരിക്കുന്നവൻ ഭാഗ്യവാൻ  അനർത്ഥ ദിവസത്തിൽ  യഹോവ അവനെ വിടുവിക്കും''

ദൈവം നമ്മെ ഏവരേയും അനുഗ്രഹിച്ച് സംരക്ഷിക്കുമാറാകട്ടെ.

                  എന്ന്, ക്രിസ്തുവിൽ                   

     Pr. Sunny Abraham, (Kanjirapally IPC,  Center Pastor)

RELATED STORIES