തൃശൂർ അന്തിക്കാട്ടിൽ രോഗിയെ കൂട്ടാൻ പോയ 108 ആംബുലന്‍സ് മറിഞ്ഞു; നഴ്‌സിന് ദാരുണാന്ത്യം

തൃശൂര്‍: അന്തിക്കാട്ടിൽ രോഗിയെ കൂട്ടാനായി വീട്ടിലേക്ക് പോയ 108 ആംബുലന്‍സ് മറിഞ്ഞ് നേഴ്സ് മരിച്ചു. പെരിങ്ങോട്ടുകര സ്വദേശിയായ ഡോണ (22) യാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ആംബുലന്‍സ് ഡ്രൈവറെ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവശ നിലയിലായ രോഗിയെ ആശുപത്രിയിലേക്ക് കൂട്ടാനായി പോകുമ്പോഴായിരുന്നു അപകടം.


കാറില്‍ തട്ടിയാണ് ആംബുലന്‍സ് മറിഞ്ഞതെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ആംബുലൻസ് മറ്റൊരു വീട്ടു മതിലിലും വീടിന്‍റെ ചുമരിലും ഇടിച്ച് മറിയുകയായിരുന്നു. വീട്ടുകാർ പിറക് വശത്ത് ആയിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. കാഞ്ഞാണിയിൽ നിന്നും രോഗിയെ കൊണ്ടുവരാൻ പോയതായിരുന്നു ആംബുലൻസ്. ഇടിച്ച് മറിഞ്ഞ് ആംബുലൻസിനുള്ളിൽ നിന്നും ഏറെ പണിപ്പെട്ടാണ് ഇരുവരെയും പുറത്തെടുത്തത്.


ഉടൻ തന്നെ രണ്ടുപേരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഡോണയുടെ ജീവൻ രക്ഷിക്കാനായില്ല. ഒരു മാസം മുമ്പാണ് ഡോണ അന്തിക്കാട് പിഎച്സിയിൽ ജോലിയിൽ പ്രവേശിച്ചതെന്നാണ് റിപ്പോർട്ടുകൾ.

RELATED STORIES