മറക്കാൻ പറ്റാത്ത മാന്യതയുടെ മുഖം പാസ്റ്റർ ബിനു

എവിടെ വച്ച് കണ്ടാലും പുഞ്ചരിയുടെ മുഖത്തോടെ സ്നേഹ വന്ദനം ചെയ്തിരുന്ന എനിക്ക് മറക്കാൻ കഴിയാത്ത മാന്യനായ വ്യക്തിയായിരുന്നു പാസ്റ്റർ ബിനു (മാത്യൂസ് ജോസഫ്) ഒരു പ്രാവശ്യം താനുമായി ആര് ഇടപെട്ടാലും ആ മുഖം മനസ്സിൽ നിന്നും മാറുകയില്ല എന്നത് സത്യമണ്. 


സൗദി അറേബ്യയിലെ  ദമ്മാം ഐ.പി.സി ഈസ്റ്റേൻ റീജയൻ പ്രസിഡൻറ് കൂടിയായ താൻ എല്ലാ സഭകൾക്കും ദൈവ ദാസൻമാർക്കും ഒരു അനുഗ്രഹമായിരുന്നു. ആരെയും അംഗീകരിക്കാനുള്ള ഒരു വിശാല മനസ്സിന് താൻ ഉടമയായിരുന്നുവെന്ന്  തന്നെക്കുറിച്ച് എനിക്ക് സാക്ഷ്യം പറയുവാൻ കഴിയും. 


എൻ്റെ വ്യക്തിപരമായ ജീവിതയാത്രയിൽ ധാരാളം യാത്രകൾ അദ്ദേഹവുമായി നടത്തിയിട്ടുണ്ട്. ഒരിമിച്ചുള്ള ആരാധനകൾ, ഭക്ഷണ പാനീയങ്ങൾ, വിമാനയാത്രകൾ തുടങ്ങി ഒട്ടനവധി ഓർമ്മകൾ പങ്കുവക്കുവാൻ എനിക്ക് കഴിയും. 


എൻ്റെ നാട്ടുക്കാരനും സഹോദരനുമായ ഇടപ്പോൺ മറ്റത്തുകാലായിൽ കുടുംബത്തിലെ അംഗവുമായ ബിനു ബ്രദർ 2020 ജൂലൈ പതിനഞ്ചാം തീയതി വൈകിട്ട് 3:11 ന് എൻ്റെ വാട്ട്സാപ്പിൽ ഒരു മെസേജ് അയച്ചു. അത് കണ്ടപ്പോൾ പെട്ടെന്ന് കണ്ണിൽ ഇരുട്ട് കയറുന്നതുപോലെ  ചില നിമിഷങ്ങൾ ഞാന്‍ നിശ്ചലനായി. ഇത് വിശ്വസിക്കാൻ കഴിയാത്തതിനാൽ വീണ്ടും സ്വദേശത്തും വിദേശത്തും ചിലരുമായി സംസാരിച്ച് നിജസ്ഥിതി മനസ്സിലാക്കി ആ വാർത്ത സ്വയമേ ഞാൻ വിശ്വസിക്കേണ്ടി വന്നു.


അദ്ദേഹത്തെ അറിയാവുന്ന ആരും ഒരിക്കൽ പോലും നിനച്ചു കാണുകയില്ല ഇത്ര പെട്ടെന്ന് ഞങ്ങളെ വിട്ട് സ്വന്ത ഭവനത്തിലേക്ക്പോകുമെന്ന് എങ്കിലും ഒരാളിനെക്കുറിച്ചുള്ള ദൈവത്തിൻ്റെ പദ്ധതിയെ നമുക്കാർക്കും ചോദ്യം ചെയ്യാൻ കഴിയുകയില്ലല്ലോ. 


ഞങ്ങൾ വളരെ അടുത്ത സ്നേഹിതരാണെങ്കിൽപ്പോലും പല പ്രാവശ്യം ഞാൻ ലാൻഡ് വേ ന്യൂസിൻ്റെ മുഖാമുഖം പരിപാടിയിലേക്ക് ഒരു വീഡിയോ ഇൻ്റർവ്യൂ ചെയ്യാമെന്ന് പറഞ്ഞപ്പോൾ ഇപ്പോൾ വേണ്ടാ ഞാൻ അതിനൊന്നും ഇപ്പോൾ പ്രാപ്തനായിട്ടില്ലാ പിന്നെയാകട്ടെ ചെയ്യാം എന്നതായിരുന്നു എല്ലായ്പ്പോഴുമുള്ള തൻ്റെ ചിരിച്ചു കൊണ്ടുള്ള മറുപടി ഞാൻ ഓർത്തു പോകുകയാണ്. 


ഞങ്ങൾ തമ്മിലുള്ള വിമാനയാത്രകളിൽപ്പോലും എനിക്കുവേണ്ടി പാസ്റ്റർ ബിനുവും കുടുംബവും സ്വഭവനത്തിൽ നിന്നും ആഹാരം കൊണ്ടുവന്ന് ദൈവസ്നേഹത്തിൽ പോക്ഷിപ്പിച്ചതും ഓർമ്മ മണ്ഡലത്തിൽ ഇപ്പോഴും അലയടിച്ചുക്കൊണ്ടിരിക്കുന്നു.

വാത്സല്യ സഹോദരി ബെറ്റിയെയും തലമുറകളായ ജെറോം, ജെസിക്കാ എന്നിവരെ ദൈവം ആശ്വസിപ്പിക്കുവാനായി ആത്മാർത്ഥമായി ലാൻഡ് വേ ന്യൂസിലെ പ്രവർത്തകർ ഒന്നടങ്കം പ്രാർത്ഥിക്കുന്നു.


ഉയർപ്പിൻ്റെ പൊൻപുലരിയിൽ നമുക്ക് ഏവർക്കും പാസ്റ്റർ ബിനുവിനെ മുഖാമുഖമായി കാണാം എന്ന പ്രത്യാശയിൽ ഈ ഓർമ്മക്കുറിപ്പിന് വിരാമം കുറിക്കുന്നു.


                                                                                                                                                                              ചീഫ് എഡിറ്റർ, ലാൻഡ് വേ ന്യൂസ്,

                                                                                                                                                                                                                                ഡോ. സന്തോഷ് പന്തളം

RELATED STORIES