വൻ കവർച്ച; 2.5 കോടിയുടെ വിഗ്രഹം കവര്‍ന്നതായി പരാതിക്കാരൻ

ചെങ്ങന്നൂരിൽ വിഗ്രഹനിര്‍മാണശാലയിൽ വൻ കവർച്ച. ചെങ്ങന്നൂര്‍ കാരക്കാട് വിഗ്രഹ നിര്‍മാണ ശാലയിലാണ് ആയുധങ്ങളുമായി എത്തിയ സംഘം കവർച്ച നടത്തിയത്. ഇന്നലെ രാത്രി 9.30 ഓടെയായിരുന്നു സംഭവം. ചെങ്ങന്നൂര്‍ തട്ടാവിളയില്‍ മഹേഷ് പണിക്കര്‍, പ്രകാശ് പണിക്കര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള പണിക്കേഴ്‌സ് ഗ്രാനൈറ്റ്‌സിലാണ് സംഭവം.


ബൈക്കുകളിലും കാറിലുമായി എത്തിയാണ് സംഘം മോഷണം നടത്തിയത്. കവർച്ച നടത്തിയ സമയം ആറ് ജീവനക്കാര്‍ മാത്രമാണ് സ്ഥാപനത്തില്‍ ഉണ്ടായിരുന്നത്. ആയുധങ്ങളുമായി എത്തിയ അക്രമികള്‍ ജീവനക്കാരെയും തടയാനെത്തിയ ഉടമകളെയും മര്‍ദിച്ച ശേഷം അറുപത് കിലോ തൂക്കം വരുന്ന അയ്യപ്പ വിഗ്രഹം മോഷ്ടിക്കുകയായിരുന്നു. മുന്‍ ജീവനക്കാരന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കവർച്ച നടത്തിയതെന്ന് ഉടമകള്‍ പറയുന്നു. അപഹരിക്കപ്പെട്ടത് പഞ്ചലോഹ വിഗ്രഹമാണ്. ഇതിന് 2.5 കോടിയിലേറെ വിലവരും.കാരക്കാട് സ്വദേശിയും സ്ഥാപനത്തില്‍ കഴിഞ്ഞ ഒന്നരമാസമായി ഡ്രൈവറായി ജോലി ചെയ്തു വന്നരുന്നതുമായ സോണി എന്ന യുവാവിന്‍റെ നേതൃത്വത്തിലാണ് മോഷണം നടന്നതെന്ന് ഡിവൈഎസ്‌പി പി.വി. ബേബി പറഞ്ഞു. പ്രതികളില്‍ അഞ്ച് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.


മറ്റ് ബാഹ്യ ബന്ധങ്ങള്‍ ഒന്നും തന്നെ സംഭവത്തിനില്ലെന്നാണ് പ്രാഥമിക നിഗമനമെന്നും പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും ഡിവൈഎസ്‌പി അറിയിച്ചു. പ്രതികളില്‍ ഒരാള്‍ ആക്രമണത്തില്‍ പരിക്കേറ്റ് ചെങ്ങന്നൂരിലെ മാമന്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു പൊലീസ് എത്തിയപ്പോഴേക്കും ഇയാള്‍ രക്ഷപെടുകയായിരുന്നു. എന്നാൽ വിഗ്രഹത്തിന്‍റെ വില സംബന്ധിച്ച് മറ്റും ചില അവ്യക്തതകള്‍ നിലനില്‍ക്കുന്നുണ്ടെന്നും അതിലും അന്വേഷണം നടന്നു വരുന്നതായും ചെങ്ങന്നൂർ പൊലീസ് പറഞ്ഞു.


കവർച്ചാ സംഘത്തിന്‍റെ ആക്രമണത്തില്‍ സ്ഥാപനത്തിന്‍റെ ജനല്‍ ചില്ലുകള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്.ഉടമകളിലൊരാളായ പ്രകാശ് പണിക്കരുടെ കഴുത്തില്‍ കിടന്ന ഒന്നര പവന്‍റെ മാലയും നഷ്ടമായിട്ടുണ്ട്. ലണ്ടനിലെ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനായി നിര്‍മിച്ചതായിരുന്നു വിഗ്രഹമെന്നും ഒരു കിലോയിലേറെ സ്വര്‍ണ്ണം വിഗ്രഹത്തില്‍ ഉപയോഗിച്ചിട്ടുണ്ടെന്നും സ്ഥാപന ഉടമകള്‍ പറയുന്നു. ഗുരുതരമായി പരിക്കേറ്റ തമിഴ്നാട് സ്വദേശിയായ തൊഴിലാളിയെ കോട്ടയം മെഡിക്കല്‍ കോളജിലും മറ്റ് തൊഴിലാളികളെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ചെങ്ങന്നൂര്‍ ഡിവൈഎസ്‌പി പിവി ബേബി, ചെങ്ങന്നൂര്‍ സി.ഐ ജോസ് മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

RELATED STORIES