പാസ്റ്റര്‍ പി.എ.വി. സാമിന്‍റെ സംസ്‌കാരം 2020 ഒക്ടോബര്‍ 17 ന്

മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരളാ സ്റ്റേറ്റ് മുന്‍ ഓവര്‍സിയറും വെസ്റ്റ് ഏഷ്യന്‍ സൂപ്രണ്ടുമായിരുന്ന പാസ്റ്റര്‍ പിഎവി സാമിന്റെ (85) സംസ്‌കാര ശുശ്രൂഷ 2020 ഒക്ടോബർ 17 ശനിയാഴ്ച രാവിലെ 9 ന് മുളക്കുഴ ചർച്ച് ഓഫ് ഗോഡ് ആസ്ഥാനത്ത് ആരംഭിച്ച് 12.30ന് സഭാ സെമിത്തേരിയിൽ നടത്തും. ഭൗതിക ശരീരം ഒക്ടോബർ 16 ന് രാത്രി കളമശ്ശേരി ഫെയ്ത്ത് സിറ്റി ചർച്ച് ഓഫ് ഗോഡ് ഹാളിൽ ഒരു മണിക്കൂർ പൊതുദർശനത്തിന് വെച്ച ശേഷം മുളക്കുഴയിലേക്ക് കൊണ്ടു വരും. ശുശ്രൂഷകള്‍ക്ക് ഫെയ്ത്ത് സിറ്റി ചർച്ച് സീനിയർ പാസ്റ്റർ പി.ആർ.ബേബി, കർണാടക ചർച്ച് ഓഫ് ഗോഡ് ഓവർസിയർ പാസ്റ്റർ എം.കുഞ്ഞപ്പി എന്നിവരുടെ മുഖ്യ നേതൃത്വത്തിൽ നടത്തും. പാസ്റ്റർമാരായ വൈ. റജി, ഡോ. ഷിബു കെ.മാത്യൂ, പാസ്റ്റർ റ്റി.എം. മാമച്ചൻ,  എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. കോവിഡ്-19 പ്രോട്ടോക്കോള്‍ അനുസരിച്ചായിരിക്കും ശുശ്രൂഷകള്‍ നടക്കുക എന്ന് സഭാ നേതൃത്വം അറിയിച്ചു. കാക്കനാട് സണ്‍റൈസ് ആശുപത്രിയില്‍ സെപ്റ്റംബര്‍ 25-ന് ഹൃദയ സ്തംഭനത്തെ തുടര്‍ന്നാണ് അന്ത്യം സംഭവിച്ചത്. 

  1936 -ല്‍ പാസ്റ്റര്‍ എആര്‍ടി അതിശയത്തിന്റെയും അന്നമ്മ അതിശയത്തിന്റെ സീമന്ത പുത്രനായി ജനിച്ചു. കേരളാ യുണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം നേടിയ ശേഷം സീബാ ഗൈഗി എന്ന മെഡിക്കല്‍ സ്ഥാപനത്തിന്റെ സൗത്ത് ഇന്‍ഡ്യാ മാനേജരായി ജോലി ചെയ്തു.. പിന്നീട് ജോലി രാജിവച്ച് പൂര്‍ണസമയ സുവിശേഷപ്രവര്‍ത്തകനായി. ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റില്‍ 1988 മുതല്‍ 12 വര്‍ഷം ഓവര്‍സിയറായിരുന്നു. തുടര്‍ന്ന് വെസ്റ്റേഷ്യന്‍ സൂപ്രണ്ടായി പ്രമോഷന്‍ ലഭിക്കുകയും 8 വര്‍ഷം ആ സ്ഥാനത്ത് തുടരുകയും ചെയ്തു തുടര്‍ന്ന്  വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു. ഫീല്‍ഡ് സെക്രട്ടറി, ഇവാഞ്ചലിസം ഡയറക്ടര്‍, ഗവേണിംഗ് ബോഡി ചെയര്‍മാന്‍, ബൈബിള്‍ സ്‌കൂള്‍ അദ്ധ്യാപകന്‍, സുവിശേഷനാദം മാസികയുടെ പത്രാധിപര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.ഭാര്യ: ഏലിയാമ്മ, മക്കള്‍ റോയി, റെനി,  പരേതനായ റെജി. ലാന്‍ഡ് വേ ന്യൂസിന്‍റെ അനുശോചനം അറിയിച്ചുകൊള്ളുന്നു. 


N:B (കേരളാ പോലീസിൻ്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശപ്രകാരം ഇപ്പോള്‍ കോവിഡ് രോഗം പകരുന്ന സഹചര്യമായതിനാൽ പൊതുവിൽ  നടക്കുന്ന  എല്ലാ പരിപാടികളില്‍  നിന്നും  ആൾക്കാർ അകലം പാലിക്കുകയും കൂട്ടം കൂടി നിൽക്കാതെയും  മരണാന്തര ശുശ്രൂകളില്‍  പോകുന്നവര്‍  അവിടെ നിന്നും  പെട്ടെന്ന്  മാറി പോകണമെന്നും  ഈ വിഷയത്തില്‍ അവരവർ  തന്നെ നിയന്ത്രിക്കണമെന്നും സാഹചര്യം മനസിലാക്കാതെ ഇടപ്പെടുന്നവരെ  നിയമ നടപടികൾക്ക് വിധേയമാക്കുമെന്നും മുന്നറിയിപ്പ് നൽകുന്നു). 

RELATED STORIES