ആംബുലൻസിലെ പീഡനം: പെൺകുട്ടിക്കും സാക്ഷികൾക്കും കർശന സുരക്ഷയൊരുക്കുമെന്ന് എസ്. പി.  കെ. ജി. സൈമൺ

പത്തനംതിട്ട: കഴിഞ്ഞ ദിവസം  കോവിഡ്  പോസിറ്റീവായി ആശുപത്രിയിലേക്ക് ചികിത്സയ്ക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസിൽ വെച്ച് പീഡിപ്പിക്കപ്പെട്ട പെൺകുട്ടിക്കും സാക്ഷികൾക്കും നിയമപ്രകാരം എല്ലാവിധ സുരക്ഷയും ഉറപ്പാക്കുമെന്ന് ജില്ലാ പോലീസ് മേധാവി കെ ജി സൈമൺ മാധ്യമങ്ങളോട് വെളിപ്പെടുത്തി. പട്ടാബുക്ക് സ്ഥാപിക്കുന്നത് ഉൾപ്പെടെ നിരന്തര നിരീക്ഷണം ഉറപ്പുവരുത്തും. ജില്ലാ ജഡ്ജിയും ജില്ലാ പോലീസ് മേധാവിയും ജില്ലാ പ്രോസിക്യൂട്ടറും പങ്കെടുത്ത യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമെടുത്തതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.


ജില്ലയിൽ തന്നെ ഇത്തരമൊരു തീരുമാനം ആദ്യമാണെന്നും പന്തളം പോലീസിന് ഇതുസംബന്ധിച്ച് കർശന നിർദ്ദേശം നൽകിയതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു. അതേസമയം പെൺകുട്ടിക്ക് പട്ടികജാതി പട്ടികവർഗ ക്ഷേമ വകുപ്പിൻ്റെ  ഫണ്ടിൽ നിന്നും സഹായം നൽകുന്നതിന് തീരുമാനമായിട്ടുണ്ട് ഇതു സംബന്ധിച്ച് കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ  തീരുമാനമായതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.


കോവിഡ് ബാധിതയായ യുവതിയെ ആംബുലൻസിൽ വെച്ച്  പീഡനത്തിനിരയാക്കിയ ആംബുലൻസ് ഡ്രൈവർക്കെതിരെ മാനഭംഗപ്പെടുത്തൽ കൂടാതെ പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമത്തിലെ നിർദിഷ്ട വകുപ്പുകൾ കൂടി ചേർത്താണ് കേസ് അന്വേഷണം നടത്തുന്നത്. റിമാൻഡിൽ കഴിയുന്ന പ്രതിക്കെതിരെ പഴുതടച്ച അന്വേഷണം നടത്തി നിശ്ചിത സമയത്തിനകം കുറ്റപത്ര സമർപ്പിക്കുന്നതിന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ആർ ബിനു നടപടിയെടുത്തു വരുന്നതായി ജില്ലാ പോലീസ് മേധാവി പറയുകയുണ്ടായി. 

RELATED STORIES