ചുരുളഴിയാതെ ബിലിവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് ആസ്ഥാനം
Chief Editor Pr.Santhosh Pandalam 08-Nov-202047

തിരുവല്ല : ബിലിവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ചും അതിന്റെ സ്ഥാപനങ്ങളും കരിനിഴലിലായി. ആദായനികുതി വകുപ്പിന്റെ പരിശോധനയില്‍ വന്‍ അഴിമതിയും സാമ്പത്തിക തിരിമറിയും കണ്ടുപിടിച്ചിരിക്കുകയാണ്. ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും പരിശോധനാ സംഘത്തില്‍ ഉണ്ട്. കണക്കില്‍ പെടാത്ത കോടിക്കണക്കിനു രൂപയും അനധികൃത പണമിടപാടുകള്‍ സംബന്ധിച്ച നിരവധി രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.
സഭയുടെ ഉടമസ്ഥതയിലുള്ള തിരുവല്ല - കുറ്റപ്പുഴയിലെ ബിലിവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളേജില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍നിന്നും ഏഴര കോടി രൂപയാണ് ആദായനികുതി ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്. ഈ വാഹനത്തിന്റെ ഉടമസ്ഥത സംബന്ധിച്ച് ഇപ്പോഴും ദുരൂഹത നിലനില്‍ക്കുകയാണ്. കുറ്റപ്പുഴ സ്വദേശിയും ബിലിവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് ഫിനാന്‍ഷ്യന്‍ ഡയറക്ടറുമായ ദാനിയേല്‍ വര്‍ഗീസിന്റെ ഉടമസ്ഥതയിലുള്ളതാണ് KL-02 AK 1610 രജിസ്ട്രേഷന് നമ്പറിലുള്ള നിസ്സാന്‍ സണ്ണി കാര്‍. മല്ലപ്പള്ളി - ആനിക്കാട് വടപ്പുരയിടത്തില്‍ വീട്ടില്‍ എബി എന്നറിയപ്പെടുന്ന എബനേസര്‍ കെ.ഉമ്മന്‍ എന്നയാളിന് 2020 ഫെബ്രുവരി മാസം അഞ്ചാം തീയതി മൂന്നു ലക്ഷം രൂപക്ക് വിറ്റതായി രേഖയുണ്ടെങ്കിലും അതില്‍ വാഹന ഉടമയായ ദാനിയേല്‍ വര്‍ഗീസിന്റെ ഒപ്പ് ഇട്ടിട്ടില്ല. സാക്ഷിയായി ഒരാളുടെ പേര് മാത്രമേയുള്ളൂ. എല്ലാം എഴുതിയത് ഒരാള്‍ തന്നെയെന്നു വ്യക്തമാണ്. എബി എന്നറിയപ്പെടുന്ന എബനേസര്‍ കെ.ഉമ്മന്‍ ബിലിവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളേജിന്റെ പി.ആര്.ഓ ആണ്.
വാഹനത്തിന്റെ ആദ്യ ഉടമ ദാനിയേല്‍ വര്‍ഗീസും കുടുംബവും രണ്ടാഴ്ച മുമ്പാണ് യു.കെയിലേക്ക് പോയത്. വാഹനം എബി എന്നറിയപ്പെടുന്ന എബനേസര്‍ കെ.ഉമ്മന്‍ കൊടുത്തുവെങ്കിലും ഇതുവരെയും പേരില്‍ മാറ്റിയിട്ടില്ല. രജിസ്റ്റേഡ് ഉടമയെ പരിശോധന നടത്തിയ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടപ്പോഴാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. തുടര്‍ന്ന് യു.കെ യിലുള്ള ദാനിയേല്‍ വര്‍ഗീസ് എബിയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. തന്നെ എന്തിനാണ് ചതിയില്‍പ്പെടുത്തിയതെന്ന് ദാനിയേല്‍ വര്‍ഗീസ് കരഞ്ഞുകൊണ്ട് ചോദിക്കുന്നുണ്ട്. താന്‍ മരിച്ചാല്‍ തന്റെ കുടുംബത്തെയെങ്കിലും നോക്കണമെന്നും ഇദ്ദേഹം കരഞ്ഞുകൊണ്ട് അപേക്ഷിക്കുന്നുണ്ട്. വാഹനം വിറ്റതെങ്കില്‍ കൈമാറ്റ കരാറില്‍ എന്തുകൊണ്ട് ഉടമയായ ദാനിയേല്‍ വര്‍ഗീസ് വിലാസമെഴുതി കയ്യൊപ്പ് ഇട്ടിട്ടില്ല എന്നത് ദുരൂഹമാണ്. കൂടുതല്‍ അന്വേഷണവും ചോദ്യം ചെയ്യലും ഉണ്ടാകുമെന്ന് കരുതാം.
ബിലിവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ കെ.പി യോഹന്നാന് ഇക്കാര്യത്തില്‍ നിരപരാധിയാണെന്നും എല്ലാം ചെയ്തത് ബിലിവേഴ്സിന്റെ മുന്‍ പി.ആര്.ഓ യും ഇപ്പോള്‍ മാനേജരുമായ ഫാദര്‍ സിജോ പന്തപ്പള്ളില്‍ ആണെന്നും ആരോപിച്ചുകൊണ്ട് സഭയിലെ ഒരു വിഭാഗം രംഗത്തുവന്നത് ഏറെ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. ബിലിവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് സേവ് ഫോറമാണ് കെ.പി യോഹന്നാനെ വെള്ളപൂശുവാന്‍ രംഗത്തുള്ളത്. നാളിതുവരെ സഭയുടെ മുഴുവന്‍ കാര്യങ്ങളും നടത്തിയിരുന്നത് ഫാദര്‍ സിജോ പന്തപ്പള്ളില്‍ ആണ്. കെ.പി.യോഹന്നാന് തന്റെ സ്ഥാപനങ്ങളെല്ലാം നിയന്ത്രിച്ചിരുന്നത് ഫാദര്‍ സിജോയിലൂടെയാണ്. മാധ്യമങ്ങളുമായി നല്ല ബന്ധവും ഉണ്ടാക്കിയെടുത്തിരുന്നു. സാമ്പത്തിക പ്രയാസങ്ങള്‍ ഉണ്ടായിട്ടും മാധ്യമങ്ങള്‍ക്ക് കൊടുക്കുന്നത് മുടക്കിയിരുന്നില്ലെന്നാണ് വിവരം. അതുകൊണ്ടുതന്നെ ബിലിവേഴ്സ് ചര്‍ച്ചിലെ ആദായനികുതി പരിശോധന കൂടുതല്‍ പുറത്തേക്ക് വരുന്നില്ല.