ജിസാറ്റ് 11 വിക്ഷേപണം വിജയകരം

ഏറ്റവും ഭാരമേറിയ ഇന്ത്യൻ നിർമിത വാർത്താ വിതരണ ഉപഗ്രഹമായ ജിസാറ്റ് 11 വിജയകരമായി വിക്ഷേപിച്ചു. ഫ്രാൻസിന്റെ വാഹകശേഷി കൂടിയ വിക്ഷേപണ വാഹനമായ ഏരിയൻ 5 ആണ് ജീസാറ്റ് 11നെ ഭ്രമണപഥത്തിലെത്തിച്ചത്.

ഭാരമേറിയ നിരവധി ഉപ​ഗ്രഹങ്ങളെ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചിട്ടുള്ള വിക്ഷേപണ വാഹനമാണ്‌ ഏരിയൻ 5. ഫ്രഞ്ച് ഗയാനയിലെ കൌറു വിക്ഷേപണത്തറയില്‍ നിന്ന് ഇന്ത്യൻ സമയം പുലർച്ചെ മൂന്നരയോടെയായിരുന്നു വിക്ഷേപണം.

ഇന്ത്യൻ ഗ്രാമങ്ങളിലെ ഇന്റർനെറ്റ് വേഗം കൂട്ടുകയാണ് ജിസാറ്റ് 11ന്റെ പ്രാഥമിക ലക്ഷ്യം. ​ഗ്രാമീണ മേഖലയിൽ ഇനി ഇന്റർനെറ്റ് സൗകര്യങ്ങൾ കൂടുതൽ വേ​ഗത്തിലും ഫലപ്രദമായും ലഭ്യമാകും. 5845 കിലോ​ഗ്രാമാണ് ജിസാറ്റ് 11ന്റെ ഭാരം. ഉപഗ്രഹാധിഷ്‌ഠിത ഇന്റർനെറ്റ് സേവനങ്ങൾ ഉപയോഗപ്പെടുത്തി രാജ്യത്തെ ആശയവിനിമയം കൂടുതൽ ഫലപ്രദമാക്കാൻ ജിസാറ്റ് 11 സഹായകമാകും.

1200 കോടി രൂപചെലവുള്ള ഉപഗ്രഹത്തിന്റെ കാലാവധി 15 വർഷമാണ്. റേഡിയോ സി​ഗ്നൽ സ്വീകരിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന 40 ട്രാൻസ്പോണ്ടറുകൾ ഉപ​ഗ്രഹത്തിലുണ്ട്‌. ഈ ശ്രേണിയിൽ ഉൾപ്പെട്ട ജിസാറ്റ് 19, ജിസാറ്റ് 29 എന്നീ ഉപ​ഗ്രഹങ്ങൾ നേരത്തെ വിക്ഷേപിച്ചിരുന്നു. ജിസാറ്റ് 20 അടുത്ത വർഷം വിക്ഷേപിക്കും. ഇന്ത്യൻ ഉപഗ്രഹത്തിനൊപ്പം ദക്ഷിണ കൊറിയയുടെ ഉപഗ്രഹവും ഏരിയൻ ഭ്രമണപഥത്തിലെത്തിച്ചു.

RELATED STORIES