പ്രസംഗവേദികള്‍ കീഴടക്കാന്‍
സ്വന്തം ലേഖകൻ 13-Dec-2018425
.jpg)
ചരിത്രത്തിലെ എക്കാലത്തെയും മികച്ച പ്രസംഗമായി അറിയപ്പെടുന്ന അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്ന എബ്രഹാം ലിങ്കന്റെ ഗെറ്റിസ്ബര്‍ഗ് പ്രഭാഷണം വെറും രണ്ടുമിനിട്ട് മാത്രമുള്ളതായിരുന്നു.
പലരും മണിക്കൂറുകള്‍ പ്രസംഗിച്ചിട്ടും കേള്‍വിക്കാരില്‍ യാതൊരു സ്വാധീനവും ചെലുത്താതെ വിരസവും, സമയംകൊല്ലിയുമായി മാറുന്നു.
എനിക്കൊരു സ്വപ്നമുണ്ട് (I have a Dream))
എന്നു തുടങ്ങുന്ന മാര്ട്ടിന് ലൂതറിന്റെ വിശ്വപ്രശസ്തമായ പ്രസംഗം അമേരിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരുടെ വിമോചനത്തിന് വഴിമരുന്നിടുന്നതായി മാറി. വിവിധ ഫോബിയ (ജവീയശമ) അഥവാ ഭയങ്ങളെപ്പറ്റി മനഃശാസ്ത്രജ്ഞന്മാര് പറയുന്നുണ്ട്. പക്ഷേ നമ്മെ അതിശയിപ്പിക്കുന്ന വസ്തുത പാമ്പിനെയോ, തേളിനെയോ, പട്ടിയേയോ അല്ല മനുഷ്യര്‍ ഏറ്റവുമധികം ഭയപ്പെടുന്നത് നേരെ മറിച്ചു രണ്ടുപേരുടെ മുന്പില് ഒരു പ്രസംഗം നടത്തുന്നതിനെയാണ്.
രണ്ടുവാക്കു സംസാരിക്കാന്‍ പറഞ്ഞാല്‍ ഒഴിഞ്ഞുമാറുന്നവരാണധികവും. പലരും സ്റ്റേജില്‍ കയറിയാല്‍ ശരീരം വിറയ്ക്കുക, വിയര്‍ക്കുക, ഹൃദയം പടപടായിടിക്കുക, സംസാരിക്കാന്‍ വാക്കുകിട്ടാതെ ഉഴലുക എന്നിങ്ങനെ ആകെ ബേജാറാവുന്നു. നന്നായി സംസാരിക്കാന്‍ സാധിക്കാത്തതുമൂലം തങ്ങളുടെ പ്രൊഷനില് വേണ്ടപോലെ ശോഭിക്കാന്‍ കഴിയാത്ത അനേകരെ ഈ ലേഖകന്‍ കണ്ടിട്ടുണ്ട്. നന്നായി ജോലി ചെയ്യുമെങ്കിലും, കമ്പനി മീറ്റിംഗുകളില്‍ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയാതെ വിഷമിക്കുന്നവരുണ്ട്.
പാടുവാനോ, വരക്കുവാനോ ഉള്ള കഴിവുകള്‍ പോലെ ജന്മസിദ്ധമായ ഒന്നല്ല പ്രസംഗപാടവം. ശ്രമിച്ചാല്‍ ആര്‍ക്കും നല്ലൊരു പ്രസംഗകനാകാം. പ്രസംഗം ഒരു കലയാണ്, അത് നിങ്ങളെ രാഷ്ട്രത്തിന്റെ പരമോന്നതസ്ഥാനത്ത് എത്തിക്കാം, ജനലക്ഷങ്ങളെനയിക്കുന്ന നേതാവാക്കാം, ജനങ്ങള്‍ കാതോര്‍ക്കുന്ന ആത്മീയ സന്ദേശം നല്കുന്ന ആചാര്യനാക്കാം. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോഡി, സ്വാമിവിവേകാനന്ദന്, ഹിറ്റ്ലര്‍, വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ തുടങ്ങിയവര്‍ ഉദാഹരണങ്ങളാണ്. പ്രസംഗകലയില്‍ എങ്ങനെ ഉസ്താദാകാം എന്ന് നോക്കാം.
പ്രസംഗിക്കേണ്ട വിഷയത്തെപ്പറ്റി നല്ല അറിവ് നേടുക. പുസ്തകങ്ങള്‍, ഇന്റര്‍നെറ്റ്, വിദ്ധഗദ്ധരായ ആളുകള്‍ എന്നിവയില്‍ നിന്നെല്ലാം വിവരങ്ങള്‍ ശേഖരിക്കാം. നല്ല ഒരു പ്രസംഗകനാവാന്‍, നല്ല വായനാശീലം വേണം, വിവിധ വിഷയങ്ങളെപ്പറ്റിയുള്ള പുസ്തകങ്ങള്‍, കവിതകള്‍, നോവലുകള്‍ തുടങ്ങിയവ വായനയില്‍ ഉള്‍പ്പെടുത്തണം. വായിക്കുന്ന പുസ്തകങ്ങളിലെ ആശയങ്ങള്‍ ഒരു നോട്ടുബുക്കില്‍ കുറിച്ചു വയ്ക്കാം. ഭാവിയില്‍ ഇതു റഫന്‍സായി ഉപയോഗിക്കാം.
ചിലര്‍ പ്രസംഗം എഴുതി വായിക്കാന്‍ ശ്രമിക്കാറുണ്ട്. നോക്കി വായിക്കുന്നതല്ല പ്രസംഗം.
പ്രധാന പോയിന്റുകള്‍ കുറിച്ചു വയ്ക്കാം. പോയിന്റുകള്‍ ഇടയ്ക്ക് നോക്കാവുന്നതാണ്. സംസാരിക്കേണ്ട വിഷയത്തെപ്പറ്റി ക്രമാനുഗതമായി കുറിപ്പ് തയ്യാറാക്കുക. എങ്ങനെ തുടങ്ങണം, പ്രധാനപ്പെട്ട പോയിന്റുകള്‍, പ്രസംഗം എങ്ങനെ അവസാനിപ്പിക്കണം എന്നിങ്ങനെ എല്ലാ കാര്യവും കുറിച്ചു വെയ്ക്കുക.
മഹാരഥന്മാരുടെ വാക്കുകള്‍, ഉദ്ധരണികള്‍ ഇവ പ്രസംഗത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. പ്രസംഗം എഴുതി തയ്യാറാക്കി കഴിഞ്ഞാല്‍, നിങ്ങള്‍ എപ്രകാരമാണോ സ്റ്റേജില്‍ സംസാരിക്കാന്‍ പോകുന്നത്, അതു പോലെ പ്രസംഗിച്ചു പരിശീലിക്കുക. ലോകപ്രശസ്ത ആത്മീയ പ്രഭാഷകനായ ബില്ലി ഗ്രഹാം വേദിയില്‍ സംസാരിക്കാന്‍ പോകുന്നതിന്മുമ്പായി നിരവധി തവണ പ്രസംഗിച്ചു പഠിക്കുമായിരുന്നു. നിങ്ങള്‍ സംസാരിക്കുന്നതിന്റെ വീഡിയോ റെക്കോര്‍ഡ് ചെയ്തു കാണുന്നത് തെറ്റുകള്‍ തിരുത്തി മെച്ചപ്പെ ടുത്താന്‍ സഹായിക്കും.
പ്രസംഗിക്കാന്‍ പോകുന്നതിന് മുമ്പ്, ശ്രോതാക്കള്‍ ഏതു തരക്കാരാണ് എന്നു മനസ്സിലാക്കണം. കുട്ടികള്‍ മാത്രമുള്ള രു സദസ്സു പോലെയല്ല, മുതിര്‍ന്നവരുടേത്. ഒരു കോളേജില്‍ സംസാരിക്കുന്നതുപോലെയല്ല കര്‍ഷകരുടെ ഒരു യോഗത്തില്‍ സംസാരിക്കേണ്ടത്.
പ്രസംഗിക്കുമ്പോള്‍ ഒരു പ്രതിമ പോലെ നില്‍ക്കരുത്. നമ്മുടെ മുഖം, കൈകള്‍ എന്നിവയെല്ലാം ആശയം കൈമാറാന്‍ ഉപയോഗപ്പെടുത്തണം. പ്രസംഗിക്കുമ്പോള്‍ കേള്‍വിക്കാരുടെ പ്രതികരണം നിരീക്ഷിക്കണം. അവര്‍ക്ക് പ്രസംഗം ഇഷ്ടമായോ എന്നു മനസ്സിലാക്കി, എന്തെങ്കിലും വിരസത കാണിക്കുന്നെങ്കില്‍, പ്രസംഗ ത്തിന്റെ ശൈലി മാറ്റിനോക്കണം. അല്പം ഹ്യൂമര്‍സെന്‍സ് ഉളളത് പ്രസംഗം രസകരമാക്കും.
പ്രസംഗിക്കുമ്പോള്‍ സദസിലിരിക്കുന്നവരെ നോക്കി വേണം പ്രസംഗിക്കാന്‍. ചിലര്‍ ആളുകളെ നോക്കാതെ സ്റ്റേജിന്റെ മേല്‍ക്കൂരയെയോ, പ്രസംഗപീഠത്തെയോ നോക്കി സംസാരിക്കുന്നത് കാണാറുണ്ട്. ഐ കോണ്ടാക്റ്റ് വളരെ പ്രധാനമാണ്.
തുടക്കത്തിലെ സദസ്സിന്റെ ശ്രദ്ധ പിടിച്ചു പറ്റണം. അതിനായി തമാശകള്‍, ചെറിയ കഥകള്‍, സമകാലിക സംഭവങ്ങള്‍, അനുഭവങ്ങള്‍ എന്നിവ പറയാവുന്നതാണ്. കഥകള്‍, തമാശകള്‍ ഇവ പ്രസംഗത്തില്‍ ഉള്‍പ്പെടു ത്തുന്നത് കേള്‍വിക്കാരെ ബോറടിപ്പിക്കാതെ രസിപ്പിക്കാന്‍ ഉപകരിക്കും.
നല്കപ്പെട്ടിരിക്കുന്ന സമയത്തുതന്നെ പ്രസംഗം നിര്‍ത്താന്‍ ശ്രമിക്കണം. സമയക്രമം (ഠശാല ങമിമഴലാലിേ) പാലിക്കേണ്ടത് പ്രസംഗകന്റെ ഉത്തരവാദിത്വമാണ്.
പണ്ട് ഞങ്ങളുടെ നാട്ടില്‍ ഒരു മാഷുണ്ടായിരുന്നു. നാട്ടിലെ എല്ലാ സമ്മേളനങ്ങള്‍ക്കും പ്രസംഗിക്കാന്‍ മാഷുണ്ടാകും. നാട്ടിലെ ക്ലബ് മീറ്റിംഗ് ആയാലും, സ്കൂള്‍ വാര്‍ഷികം ആയാലും, മറ്റേതു മീറ്റിംഗ് ആയാലും മാഷ് നാട്ടിലെ കാര്യത്തില്‍ തുടങ്ങി, ഇന്ത്യയിലെ സ്റ്റേറ്റുകളും കടന്ന്, അമേരിക്കയും, റഷ്യയും അന്റാര്‍ട്ടിക്കയും കറങ്ങി തിരിച്ചു നാട്ടില്‍ എത്തും.
ഒരിക്കലും വിഷയത്തില്‍ ഒതുങ്ങിനിന്ന് സംസാരിക്കില്ല. ഒരു നല്ല പ്രസംഗകന് കാര്യമാത്രപ്രസക്തമായി കാര്യങ്ങള്‍ അവതരിപ്പിക്കണം. കാടു കയറരുത്. പ്രസംഗത്തില്‍ പറയുന്ന പോയിന്റുകള്‍ സ്ഥാപിക്കാന്‍ ഉദാഹരണങ്ങള്‍, സ്ഥിവിവരകണക്കുകള്‍, സര്‍വ്വേകള്‍ തുടങ്ങിയ ഉപയോഗിക്കാം.
സമീപകാലത്ത് നടക്കുന്ന സംഭവങ്ങളുമായി ബന്ധിച്ച് വിഷയം അവതരിപ്പിക്കുന്നത് കേള്‍വിക്കാരുടെ ശ്രദ്ധപിടിച്ചുപറ്റുവാന് സഹായിക്കും. ആയിരക്കണക്കിന് മൈല്‍ നീളുന്ന ഒരു യാത്ര ആരംഭിക്കുന്നത് ഒരു ചെറിയ കാല്‍വെയ്പ്പില്‍ നിന്നാണ്. ആരും വലിയ പ്രഭാഷകരായി ജനിക്കുന്നില്ല. ചെറിയ വേദികളില്‍ സംസാരിച്ചു, തഴക്കവും പഴക്കവും വന്നിട്ടാണ്, ആയിരക്കണക്കിന് അല്ലെങ്കില്‍ ലക്ഷക്കണക്കിന് ആളുകളെ പിടിച്ചിരുത്തുന്ന മാസ്മരിക വാഗ്ചാരുത കൈവരിക്കുന്നത്. നമുക്കാഹ്ലാദിക്കാവുന്ന ചെറുതും വലുതുമായ അവസരങ്ങള്‍ ഉപയോഗപ്പെടുത്തണം.
പ്രസംഗപരിശീലനം നല്കുന്ന ടോസ്റ്റ്മാസ്റ്റേഴ്സ് പോലുള്ള ഇന്റെര്‍നാഷണല്‍ പരിശീലന സ്ഥാപനങ്ങളില്‍ ചേര്‍ന്ന് പ്രസംഗിക്കാനുള്ള കഴിവ് ശാസ്ത്രീയമായി വികസിപ്പിക്കാവുന്നതാണ്. പ്രസംഗ കലയിലെ വിദഗ്ദ്ധരില്‍ നിന്നും നമ്മുടെ പ്രസംഗത്തിലെ കുറവുകള്‍ കണ്ടെത്തി പരിഹരിച്ചു മുന്നോട്ടു പോകാന്‍ സഹായകരമാണ്.
പ്രസംഗകന്റെ വേഷം പ്രധാനപ്പെട്ടതാണ്. പങ്കെടുക്കുന്ന മീറ്റിംഗിനനുസരിച്ചു വേണം വേഷം തെരഞ്ഞെടുക്കാന്‍. പ്രൊഫഷണല്‍ മീറ്റിംഗുകളില്‍ പങ്കെടുക്കുമ്പോള്‍ ഫോര്‍മല്‍ ആയ വേഷം ധരിക്കണം. വലിയ വേഗത്തിലോ, തീരെ പതുക്കെയോ സംസാരിക്കരുത്. നല്ല ശബ്ദത്തില്‍ വേണം സംസാരിക്കാന്‍. ഒരേ താളത്തില്‍ പ്രസംഗിക്കരുത്. ചില വാക്കുകള്‍ ഊന്നല്‍ കൊടുത്തും, ശബ്ദമുയര്‍ത്തിയും, ചിലയിടങ്ങളില്‍ ശബ്ദം കുറച്ചും സംസാരിക്കണം. പ്രസംഗം അവസാനിപ്പിക്കേണ്ട വ്യക്തമായ ഒരു സന്ദേശം അല്ലെങ്കില്‍ ആഹ്വാനം നല്‍കിക്കൊണ്ടാവണം.