നിക്കി ക്രൂസ് ......
രാജീവ് കല്ലേലിൽ രാജു (കടപ്പാട് )

 അമേരിക്ക ന്യൂയോർക്ക് സിറ്റിയിലെ അധികമാരും പോകുവാൻ താല്പര്യം പ്രകടിപ്പിക്കാത്ത 'മൗമോസ് ' എന്ന കുപ്രസിദ്ധ കൊള്ളസംഘം അടക്കിവാഴുന്ന ഒരു തെരുവ്... നശിച്ചുപോകുന്ന ആത്മാക്കളെക്കുറിച്ച് ഹൃദയവേദനയുള്ള ഒരു ഉപദേശി ഒരു ദിവസം അവിടെ പോകുവാനും അവിടെയുള്ള സകല ക്രിമിനൽസിനോടും യേശുക്രിസ്തുവിന്റെ സുവിശേഷം പങ്കുവെയ്ക്കുവാനും തയാറായി.. എന്നാൽ ഉപദേശിയെ കാത്തിരുന്നത് മൗമോസിന്റെ തലവൻ ആയ നിക്കി ക്രൂസ് എന്ന പ്യൂർട്ടോ റിക്കോക്കാരനാണ്.. ബാല്യത്തിൽ തന്നെ അമ്മയപ്പൻമാരാൽ അവഗണിക്കപ്പെട്ട്, പരിഹാസങ്ങൾ മാത്രം ഏറ്റുവാങ്ങിയ നിക്കി ക്രൂസ്... അവൻ ജനിച്ചു വളർന്ന പ്യൂർട്ടോറിക്കയുടെ തെരുവുകൾക്കും അവനു നൽകുവാൻ യാതൊരു നന്മയും ബാക്കിയില്ലായിരുന്നു.. തെരുവിലെ അഴുക്കുചാലുകൾ നിറഞ്ഞ കുത്തഴിഞ്ഞ ബാല്യത്തിൽ നിന്ന് നിക്കി ക്രൂസിനെ തന്റെ പതിനഞ്ചാമത്തെ വയസ്സിൽ  മാതാപിതാക്കൾ ന്യൂയോർക്കിൽ  തന്റെ സഹോദരന്റെ അടുത്തേക്ക് അയച്ചു... സഹോദരന്റെ കൂടെയുള്ള ജീവിതം ഇഷ്ടപ്പെടാതിരുന്ന നിക്കി അവിടെ നിന്നും കടന്ന് ന്യൂയോർക്കിന്റെ തെരുവുകളിൽ ജീവിതം ആരംഭിച്ചു.... താമസിയാതെ അവൻ " മൗ മോസ് " എന്ന കവർച്ചാ സംഘത്തിലെ അംഗമായി.... ആറുമാസത്തിനകം തന്നെ നിക്കി "മൗ മോസിന്റെ " തലവനുമായി...

 

അങ്ങനെയിരിക്കെയാണ് നിക്കി ക്രൂസ് ഈ ഉപദേശിയുടെ സുവിശേഷം കേൾക്കുന്നത്... നിക്കിയെ കണ്ടയുടനെ ഉപദേശി ഇങ്ങനെ വിളിച്ച് പറഞ്ഞു.. "പ്രിയ സ്നേഹിതാ, യേശു നിന്നെ സ്നേഹിക്കുന്നു.... അത് ഒരിക്കലും അവസാനിക്കാത്ത സ്നേഹമാകുന്നു"... ഉപദേശി പറഞ്ഞു തീരുന്നതിനു മുന്നമെ നിക്കിയുടെ ബലിഷ്ഠമായ കരങ്ങൾ ഉപദേശിയുടെ ചെകിട്ടത്ത് പതിഞ്ഞിരുന്നു... അരയിൽ തിരുകിയ കഠാര ഊരിയെടുത്ത് ഉപദേശിയുടെ വയറ്റിൽ കുത്തിപ്പിടിച്ച് നിക്കി അലറി... "ഈ വർത്തമാനം കൊണ്ട് നിന്നെ ഇനി ഇവിടെ കണ്ടു പോകരുത് " 

 

മടങ്ങിപ്പോയ ആ ഉപദേശി പിന്നെയും അതേ തെരുവിൽ സുവിശേഷഘോഷണത്തിനായി വന്നു... ഇത്തവണയും ഉപദേശി നിക്കിയെയും കൂട്ടാളികളെയും നോക്കി ശക്തിയോടെ വിളിച്ചു പറഞ്ഞു... "പ്രിയ സ്നേഹിതരെ യേശു നിങ്ങളെ സ്നേഹിക്കുന്നു... " .. കലിപൂണ്ട ഗുണ്ടാസംഘം നിക്കി യുടെ നേതൃത്വത്തിൽ ഉപദേശിയെ മർദ്ദിച്ചു ജീവശ്ഛവമാക്കി... നിലത്ത് അർദ്ധ പ്രാണനായി കിടന്ന ഉപദേശിയെ താങ്ങിയെടുത്ത് കഠാര കഴുത്തിലമർത്തി നിക്കി പറഞ്ഞു... " ഇനി നിന്നെ ഈ തെരുവിൽ കണ്ടാൽ നിന്‍റെ ശരീരം 24 കഷണങ്ങളാക്കി നഗരത്തിലെ 24 കുപ്പത്തൊട്ടിയിൽ തള്ളിയിരിക്കും "...നിക്കിന്റെ ആക്രോശം കേട്ടു തെല്ലും സങ്കോചമേതുമില്ലാതെ ആ ഉപദേശി ഇപ്രകാരം പ്രതിവചിച്ചു...

 

"പ്രിയ സ്നേഹിതാ എന്നെ നിങ്ങൾ 24 കഷണങ്ങളായി വെട്ടിമാറ്റിയാൽ ആ ഓരോ കഷണവും നിങ്ങളോടു വിളിച്ചു പറയും യേശു നിങ്ങളെ സ്നേഹിക്കുന്നുവെന്ന് " 

 

"മൗ മോസ് " എന്ന ഗ്യാംഗിനെയും അതിന്റെ തലവൻ നിക്കിയെയും മാനസാന്തരത്തിലേക്കു നയിക്കുവാനുള്ള ശ്രമങ്ങൾ ഉപദേശി പിന്നെയും തുടർന്നു... നിക്കിയും സംഘത്തിന്റെയും  താവളത്തിനടുത്തു തന്നെ ഉപദേശി ഒരു സുവിശേഷ യോഗം തന്നെ സംഘടിപ്പിച്ചു... വിവരമറിഞ്ഞ നിക്കി ഒരു സംഘം ആളുകളെയും കൂട്ടി യോഗം നടക്കുന്ന സ്ഥലത്തേക്ക് ഉപദേശിയെ ലക്ഷ്യമാക്കി ചെന്നു... ഇനിയും ഈ പ്രസംഗം പ്രസംഗിക്കുവാൻ ഇയാളെ അനുവദിക്കുകയില്ല എന്ന ലക്ഷ്യത്തോടെ അവിടെ വന്ന നിക്കിക്ക് ഉപദേശിയുടെ പ്രസംഗം തുടങ്ങിയപ്പോൾ തന്റെ ഹൃദയത്തിനു വല്ലാത്ത ഒരു ഭാരം അനുഭവപ്പെടുകയും അത് നിക്കിയെ കുറ്റബോധത്തിലേക്ക് നയിക്കുകയും ചെയ്തു... താൻ അന്നുവരെ ചെയ്ത സകല പ്രവൃത്തികളെയും പറ്റി തനിക്ക് പശ്ചാത്താപം ഉണ്ടായ നിക്കി അവിടെ വച്ചു തന്നെ പ്രാർത്ഥിക്കുവാൻ ആരംഭിക്കുകയും ചെയ്തു... പ്രസംഗത്തിനു ശേഷം ഉപദേശി നിക്കിക്കും കൂട്ടർക്കും വേണ്ടി പ്രാർത്ഥിച്ചു... തുടർന്ന് പിറ്റേ ദിവസം തന്നെ നിക്കിയും കൂട്ടരും തൊട്ടടുത്ത പോലീസ് സ്റ്റേഷനിലെത്തി തങ്ങളുടെ പക്കലുള്ള സകല ആയുധങ്ങളും വച്ച് കീഴടങ്ങി... പോലീസുകാരെ മുഴുവനും അത്ഭുതപ്പെടുത്തിയ ഒരു സംഭവമായി മാറി അത്... മാനസാന്തരത്തിന്റെ കാറ്റ് വീശിയ നിക്കി പതിയെ ബൈബിൾ വായിക്കുവാനും ബൈബിൾ കോളേജിൽ പോയി പഠിക്കുവാനും തുടങ്ങി.. ബൈബിൾ പഠനത്തിനു ശേഷം മുഴുവൻ സുവിശേഷകനായി മാറിയ നിക്കി ക്രൂസ് തന്റെ പഴയ താവളത്തിലേക്ക് മടങ്ങിച്ചെന്ന് ശേഷിക്കുന്ന ഗ്യാംഗിലെ അംഗങ്ങളോട് സുവിശേഷം അറിയിക്കുകയും നിക്കിയുടെ  ശേഷം ഗ്യാംഗിന്റെ പുതിയ ലീഡറായ ഇസ്രയേൽ നർവേസിനെ ഉൾപ്പെടെ അനേകരെ ക്രിസ്തുവിലേക്ക് നയിക്കുകയും ചെയ്തു...

 

ഇന്ന് നിക്കി ക്രൂസ് അറിയപ്പെടുന്ന ഒരു സുവിശേഷകനാണ്.... ഗ്യാംഗുകളിൽ നശിച്ച് പോകുന്ന യുവതലമുറയെയും  യേശുവിനെ അറിയാത്ത മറ്റനേക വിഭാഗങ്ങളെയും  രക്ഷയിലേക്ക് നയിക്കുന്നതിനായി Nicky Cruz Outreach എന്ന പേരിൽ ഒരു സുവിശേഷ പ്രവർത്തന സംഘടനയും അദ്ദേഹം തുടങ്ങി... അന്ധകാരത്തിന്റെ പിടിയിലമർന്ന അനേകരെ അത്ഭുത പ്രകാശത്തിലേക്ക് നയിക്കുവാൻ നിക്കി ക്രൂസ് എന്ന പഴയ തെരുവു ഗുണ്ടയെ ഇന്ന് സർവ്വശക്തനായ ദൈവം തമ്പുരാൻ ഉപയോഗിക്കുന്നു... ഏകദേശം രണ്ട് മില്യണിലധികം വിറ്റഴിഞ്ഞ അദ്ദേഹത്തിന്റെ ആത്മകഥയാണ് " റൺ ബേബി റൺ " എന്ന പേരിലുള്ള പുസ്തകം... ഒരവസരത്തിൽ പാസ്റ്റർ ഡേവിഡ് വിൽക്കേഴ്സണിന്റെ കീഴിൽ അദ്ദേഹത്തിന്റെ "ടീൻ ചലഞ്ച് " എന്ന സുവിശേഷ പ്രസ്ഥാനത്തിന്റെ ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചു...  നിക്കി ക്രൂസ് - ഗുണ്ടാത്തലവനിൽ നിന്നും ക്രിസ്തുവിന്റെ കൈകളിലേക്ക്...

 

പ്രിയരെ,,, പൊതു സമൂഹത്തിനു നിരന്തരം ഭീഷണി ഉയർത്തിയിരുന്ന ഒരു ഗ്യാംഗ് ലീഡറായ നിക്കിയെ ക്രൂശിതന്റെ സ്നേഹത്തിലേക്ക് നയിച്ച ആ ഉപദേശി മറ്റാരുമല്ല...മറ്റൊരു യേശുവിന്റെ സുവിശേഷവുമായി സമൃദ്ധിയുടെയും വ്യാജ പ്രവാചകൻമാരുടെയും പിറകെ പോയ അമേരിക്കൻ ജനതയെ സത്യവചനത്തിലേക്ക് മടക്കി വരുത്തുവാൻ  അക്ഷീണം  പ്രയത്നിച്ച  സാക്ഷാൽ " ഡേവിഡ് വിൽക്കേഴ്സൺ " ആയിരുന്നു ആ ഉപദേശി... തന്റെ ശരീരം 24 കഷണങ്ങളാക്കി മാറ്റുമെന്ന ഭീഷണിയുടെ മുന്നിലും പതറാതെ അദ്ദേഹം പറഞ്ഞ വാക്കുകളാണ് എന്നെ ഇതെഴുതുവാൻ പ്രേരിപ്പിച്ചത്..." പ്രിയ നിക്കി, താങ്കൾ എന്റെ ശരീരം 24 കഷണങ്ങളാക്കി മാറ്റിയാലും ആ ഓരോ കഷണവും വിളിച്ചു പറയും പ്രിയ നിക്കി ക്രൂസ്, താങ്കളെ യേശു സ്നേഹിക്കുന്നുവെന്ന്.... യേശുവിനെ ഹൃദയത്തിൽ സൂക്ഷിച്ചിരിക്കുന്ന ഒരു ഭക്തനു മാത്രമേ ഇങ്ങനെ പറയുവാനാവൂ...

 

പ്രിയ സ്നേഹിതരെ, യേശുവിന്റെ സുവിശേഷം സ്നേഹമാണ്, അവിടെ തിരിച്ചടികൾക്കോ, പ്രതികാരത്തിനോ സ്ഥാനമില്ല.. സുവിശേഷം പ്രഘോഷിക്കുമ്പോൾ നിങ്ങൾ നേരിടുന്ന പ്രതിസന്ധികളും പീഡനങ്ങളും ക്രിസ്തുവിന്റെ സ്നേഹത്തിലേക്ക് പീഡകരെ നയിക്കുവാൻ ഉതകുന്നതായിരിക്കണം... അല്ലാതെ ഏതോ ഒരുത്തൻ പോലീസിനെ പേടിച്ച് ഓടുന്നത് പാസ്റ്ററിനെ തല്ലിയതിൽ  യേശു  പ്രതികാരം ചെയ്തതാണന്ന മട്ടിൽ പ്രചരിപ്പിക്കുന്നത് യഥാർത്ഥ ദൈവസ്നേഹം തിരിച്ചറിയാത്തതുകൊണ്ടു മാത്രമാണ്... സ്തേഫാനോസിൽ തുടങ്ങി ക്രിസ്തു ശിഷ്യന്മാരും മറ്റായിരക്കണക്കിനു  ധീര പോരാളികളും എന്തിനു അങ്ങ് ഒറീസയിൽ ചുട്ടെരിക്കപ്പെട്ട ഗ്രഹാം സ്റ്റെയിൻസും  തന്റെ രണ്ട്  കുഞ്ഞുങ്ങളിലും വരെ എത്തി നിക്കുന്ന രക്തസാക്ഷികളുടെ നീണ്ട നിര തന്നെ നമ്മുടെ കണ്ണിൽ മുൻപിലുണ്ടല്ലോ.... ഇതിനെല്ലാം  നമ്മുടെ  ദൈവം പ്രതികാരം ചെയ്യുന്നുവെങ്കിൽ ഈ ലോകം തന്നെ ഇന്നു കാണുമായിരുന്നുവോ? അല്ലങ്കിൽ തന്നെ നാം കരുതുന്ന പോലയല്ലല്ലോ ദൈവം പ്രവർത്തിക്കുന്നതും ചിന്തിക്കുന്നതും... അറുക്കുവാൻ കൊണ്ടുപോയ ആടിനെപ്പോലെ ക്രൂശിലേക്ക് ചാട്ടവാറടികളാൽ നടത്തിക്കൊണ്ടു പോകുമ്പോഴും, പ്രാണവേദനയാൽ ശരീരമാസകലം പിടയുമ്പോഴും ഒരിറ്റുവെള്ളത്തിനു വേണ്ടി കാംക്ഷിക്കുമ്പോഴും തന്നെ ഉപദ്രവിച്ചവർക്കു വേണ്ടി "പിതാവേ, ഇവർ ചെയ്യുന്നതെന്തന്ന് ഇവർ അറിയുന്നില്ല ഇവരോട് ക്ഷമിക്കേണമെ " എന്ന് പറഞ്ഞ അവിടുത്തെ സ്നേഹം എന്തിനോട് നമുക്ക് ഉപമിക്കുവാൻ കഴിയും.... അവിടുത്തെ സാക്ഷികളായി വിളിച്ച് വേർതിരിച്ച നാം എത്രയധികം ആ സ്നേഹത്തെ ഈ ലോകത്തിനു പരിചയപ്പെടുത്തേണ്ടിയിരിക്കുന്നു... നമ്മുടെ വാക്കിലും, നോട്ടത്തിലും, ചിന്തയിലും പ്രവർത്തിയിലും ക്രിസ്തുവെന്ന തലയോളം വളരുവാൻ സ്നേഹമെന്ന ഈ ഒരൊറ്റ ആയുധത്തിനു മാത്രമേ കഴിയൂ....

 


RELATED STORIES