കേരളത്തിന് പ്രളയസെസ് ചുമത്താം; ജിഎസ്‍ടി കൗൺസിൽ അനുമതി

ന്യൂഡൽഹി: പ്രളയസെസ് ഏര്‍പ്പെടുത്തുന്നതിന് കേരള സര്‍ക്കാരിന് അനുമതി നൽകി ജിഎസ്‍ടി കൗൺസിൽ. ന്യൂഡൽഹിയിൽ കൂടിയ ജിഎസ്‍ടി കൗൺസിൽ യോഗത്തിലാണ് തീരുമാനം ഉണ്ടായത്. പ്രളയാനന്തരം കേരളത്തിന്‍റെ പുനര്‍നിര്‍മ്മിതിക്കായ് സഹായമേകുന്നതിനായാണിതെന്നാണ് യോഗം വിലയിരുത്തിയിരിക്കുന്നത്. പുതിയ വ്യവസ്ഥ പ്രകാരം കേരളത്തിനകത്തു മാത്രമേ ഇത്തരത്തിൽ സെസ് പിരിക്കാനാകുകയുള്ളൂ. 

മുമ്പ് പ്രളയസെസ് പിരിക്കുന്നതിന് ജിഎസ്ടി മന്ത്രിതല ഉപസമിതിയും സംസ്ഥാനത്തിന് അനുമതി നല്‍കാന്‍ ശുപാര്‍ശ നല്‍കിയിരുന്നു. കേരളത്തിന് ചരക്ക് സേവന നികുതിക്ക് മേൽ ഒരു ശതമാനം പ്രളയ സെസ് ഏര്‍പ്പെടുത്തുന്നതിന് ജിഎസ്ടി കൗണ്‍സിൽ അനുമതി ലഭിച്ചത് പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന് ഏറെ ആശ്വാസകരമാകുമെന്ന് ധനമന്ത്രി തോമസ് ഐസക് ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. 

കേരളത്തിന് ഈ ഒരു ശതമാനം സെസിലൂടെ വര്‍ഷം 500 കോടി രൂപയെങ്കിലും ലഭിക്കും. 2 വര്‍ഷം കൊണ്ട് മൊത്തം ആയിരം കോടി സമാഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 

RELATED STORIES