വിവാദ മുദ്രാവാക്യം അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജാമ്യം

ആലപ്പുഴ: ഹൈക്കോടതിയാണ് കേസിലെ 31 പ്രതികള്‍ക്കും ജാമ്യം നല്‍കിയത്. കഴിഞ്ഞ 41 ദിവസമായി ജയിലിലായിരുന്നു ഇവര്‍. കീഴ്‌ക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് വൈകീട്ടോടെ പ്രതികള്‍ ജയില്‍ മോചിതരാകുമെന്നാണ് കരുതുന്നത്. കേരളം വിട്ടുപോകരുത്, സമാന കുറ്റകൃത്യം ചെയ്യരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവും ജാമ്യം ലഭിച്ചവരില്‍ ഉള്‍പ്പെടും. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ട്രഷറര്‍ കെഎച്ച് നാസര്‍, സംസ്ഥാന സമിതി അംഗം യഹിയ തങ്ങള്‍, ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനം തുടങ്ങിയ സംസ്ഥാന-ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് കേസില്‍ അറസ്റ്റിലായിരുന്നത്.


മെയ് 21 ന് റിപബ്ലിക്കിനെ രക്ഷിക്കുക എന്ന പേരില്‍ പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴയില്‍ ജന മഹാസമ്മേളനം സംഘടിപ്പിച്ചിരുന്നു. സമ്മേളനത്തിന്റെ ഭാഗമായി നടന്ന റാലിയില്‍ ഒരു കുട്ടി യുവാവിന്റെ തോളിലിരുന്ന് വിളിച്ച മുദ്രാവാക്യമാണ് വിവാദമായത്. മറ്റു മതസ്ഥര്‍ക്കെതിരെയാണ് മുദ്രാവാക്യം എന്ന വിമര്‍ശനം ഉയര്‍ന്നതോടെ പോലീസ് ത്വരിത നടപടി സ്വീകരിച്ചു. തുടര്‍ന്ന് കുട്ടിയുടെ പിതാവ്, കുട്ടിയെ തോളിലേറ്റിയ യുവാവ്, പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ്, സംസ്ഥാന സമിതി അംഗം തുടങ്ങി 31 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

കുട്ടിക്ക് മുദ്രാവാക്യം വിളിക്കാന്‍ പരിശീലനം ലഭിച്ചുവെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ നേരത്തെ സിഎഎ സമരത്തില്‍ പങ്കെടുത്ത സമയത്തും ഈ മുദ്രാവാക്യം വിളിച്ചിട്ടുണ്ടെന്ന് കുട്ടിയും പിതാവും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മുദ്രാവാക്യം കേട്ടുപഠിച്ചതാണെന്നും ഇതിന്റെ അര്‍ഥം അറിയില്ലെന്നുമാണ് കുട്ടി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് ഹൈക്കോടതിയും നിര്‍ദേശിച്ചിരുന്നു.

മറ്റു മതസ്ഥര്‍ക്കെതിരായ മുദ്രാവാക്യമല്ല കുട്ടി വിളിച്ചതെന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ പറയുന്നു. ആര്‍എസ്എസിനെതിരായ മുദ്രാവാക്യമാണ് വിളിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ബിജെപിക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തിയിരുന്നു. സംഘടനയുടെ സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവരുടെ വീടുകളില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിനെതിരെ പ്രതിഷേധവുമായി പോപ്പുലര്‍ ഫ്രണ്ട് രംഗത്തുവരികയും ചെയ്തു.

RELATED STORIES