ജീവിതത്തിന്‍റെ  രുചിക്കൂട്ട്
    ചെറുപ്പത്തിൽ വേദനയിലൂടെയും ബുദ്ധിമുട്ടിലൂടെയും കടന്നു പോകുമ്പോൾ അറിയാതെ ചിന്തിച്ചു.ഈ വേദനയും കഷ്ടപ്പാടും ഒന്നുമില്ലായിരുന്നെങ്കിൽ ജീവിതം എന്തു രസമായിരുന്നു. ഒരിയ്ക്കൽ അമ്മയോട് ചോദിച്ചു: അമ്മേ എന്തിനാണ് ജീവിതത്തിൽ ഈ കഷ്ടപ്പാടും വേദനയുമൊക്കെ മനുഷ്യന് വെച്ചിരിക്കുന്നത്? അമ്മ അതിന് മറുപടി പറഞ്ഞില്ല.

    അങ്ങനെയിരിക്കെ ഒരു ദിവസം സാമ്പാർ കഷണങ്ങൾ വാങ്ങാൻ അമ്മ എന്നെ കടയിൽ പറഞ്ഞു വിട്ടു. ഞാൻ ആദ്യമായി പോകുകയാണ്.അമ്മ പറഞ്ഞു എല്ലാം കണ്ടറിഞ്ഞ് വാങ്ങി വരാൻ ഞാൻ ചന്തയിൽ ചെന്നു. ഒരു പാട് പച്ചക്കറികൾ നിരത്തി വെച്ചിരിക്കുന്നു. ഇതിൽ നിന്നും എങ്ങനെ വാങ്ങാനാണ്? നല്ലതെങ്ങനെ തിരിച്ചറിയും? ഒരു ഐഡിയ തോന്നി.ആവശ്യമെന്നു തോന്നുന്ന സാധനങ്ങൾ രുചിച്ചു നോക്കി ഉറപ്പു വരുത്താം.

   ആദ്യമായി ഒരു കഷണം ചേന എടുത്ത് കടിച്ചു നോക്കി. ഹൊ....! നാക്കു ചൊറിയുന്നു.എന്തായാലും അതു വേണ്ട.
പിന്നെ നോക്കിയത് ഒരു വാഴക്കായ... അതിന്റെ കറ വായിൽ പിടിച്ചു. വല്ലാത്ത ചവർപ്പ്. അപ്പൊ ഇതും ശരിയാവില്ല.
അടുത്ത പരീക്ഷണം സവാളയിലായിരുന്നു.ചെറുതൊരെണ്ണം വാങ്ങി തിന്നു നോക്കി.
കണ്ണീരൊഴുകാൻ തുടങ്ങി. ഹൊ.... കരയിയ്ക്കുന്ന പച്ചക്കറിയോ ?ഒട്ടും വേണ്ട.... പിന്നെ കണ്ടത് പച്ച നിറത്തിലുള്ള മനോഹരമായ ചില പച്ചക്കറികൾ ആയിരുന്നു. 
അതും ഒരെണ്ണമെടുത്ത് ഒറ്റക്കടി.... എരിഞ്ഞിട്ട് നിൽക്കാൻ വയ്യ..... ഇനി മേലാൽ പച്ചക്കറി വാങ്ങാൻ ഞാനില്ല എന്നു ചിന്തിച്ച് പോകാൻ തുടങ്ങി.

  പോരാൻ നേരം ഒരു സാധനത്തിൽ കണ്ണുടക്കി. അതു കൂടെ ഒന്നു പരീക്ഷിച്ചു.നല്ല മധുരം....! ഒടുവിൽ ഞാൻ നല്ലത് കണ്ടെത്തിയിരിയ്ക്കുന്നു. അങ്ങനെ 3 കിലോ ബീറ്റ്റൂട്ടും വാങ്ങി വിജയശ്രീലാളിതനായി വീട്ടിലേയ്ക്കു മടങ്ങി. പക്ഷേ അമ്മയ്ക്കത് എന്തോ എന്തോ ഇഷ്ടപ്പെടാത്തത് പോലെ തോന്നി.

    ഉച്ചകഴിഞ്ഞ് എന്നെയും കൂട്ടി വീണ്ടും കടയിൽ പോയി. ഞാൻ വാങ്ങാതെ മാറ്റി വെച്ച സാധനങ്ങൾ എല്ലാം അമ്മ വാങ്ങി.
ചേന, വാഴക്കായ, സബോള, മുളക്... അവ കൂടാതെ മറ്റു പല പച്ചക്കറികളും.
പിന്നെ വേറെന്തോ ചില സാധനങ്ങൾ കൂടി വാങ്ങി. അമ്മ കാണാതെ ഞാൻ അതെടുത്ത് ടേസ്റ്റ് നോക്കി. ഭയങ്കര കയ്പ്. അതെന്താണെന്നു ചോദിച്ചപ്പോൾ കായം ആണത്രേ! പിന്നെ മറ്റൊന്ന് പുളിയും.
 ഞാൻ ചിന്തിച്ചു ഇതെല്ലാം ചേർത്ത് എങ്ങനെ രുചിയുള്ള കൂട്ടാനുണ്ടാക്കും? എന്തായാലും കാത്തിരിക്കുക തന്നെ.

   അമ്മ അടുക്കളയിൽ ജോലി തുടർന്നു. അതിന്റെ ക്ലൈമാക്സ് എന്തെന്നറിയാൻ ഞാനും ആകാംക്ഷയോടെ നിന്നു .കടുക് പൊട്ടുന്നു.ശ്.. ശ്... എന്ന ശബ്ദം.... എന്തൊക്കെയോ ബഹളങ്ങൾ .ഒടുവിൽ അടുക്കളയിൽ നിന്നും വന്ന സുഗന്ധത്തെ മൂക്ക് തിരിച്ചറിഞ്ഞു.
   വായിൽ നിറഞ്ഞ വെള്ളം തന്നെ ധാരാളമായിരുന്നെങ്കിലും ,അമ്മേ ഒരു ഗ്ലാസ് വെള്ളം എന്നു പറഞ്ഞ് ഞാനും അടുക്കളയിലേക്ക് കയറി. സാമ്പാർ നിർമ്മാണം പൂർത്തിയായിരിക്കുന്നു.

 അമ്മ ചോറിനൊപ്പം സാമ്പാർ തന്നു. എന്തൊരു രുചി...!! ഇതെങ്ങനെ സംഭവിച്ചു? എനിയ്ക്കത്ഭുതം തോന്നി.

അമ്മ പറഞ്ഞു: "മോനെ കയ്പ്പും ചവർപ്പും പുളിപ്പും എരിവും എല്ലാം ചേർന്നപ്പൊഴല്ലേ രുചികരമായ സാമ്പാർ ഉണ്ടായത്."
    " നീ ചോദിച്ചില്ലേ എന്തിനാണ് ജീവിതത്തിൽ കഷ്ടപ്പാടുകളും വേദന നകളുമെന്ന്? ഇതെല്ലാം കൂടി ചേരുമ്പോഴേ ജീവിതം അർത്ഥപൂർണമാകൂ... ഇതാണ് ജീവിതത്തിന്റെ രുചിക്കൂട്ട്..... "

  പ്രീയ സുഹൃത്തേ... ഇപ്പോൾ അനുഭവിയ്ക്കുന്ന വേദനകളെയും പ്രതിസന്ധികളെയും ഓർത്ത് പരിതപിയ്ക്കുകയാണോ താങ്കൾ.... നിരാശപ്പെടേണ്ട.... ഇപ്പോഴത്തെ കയ്പിന്റെ അനുഭവങ്ങൾ നിങ്ങളുടെ ജീവിതത്തിൽ രുചി പകരുന്ന ഒരു സമയമുണ്ട്...... പ്രതീക്ഷയോടെ കാത്തിരിയ്ക്കുക.


                                 ഡെന്നിജോൺ, എക്സൽ മിനിസ്ട്രീസ്         
                                   +91 9744325604

RELATED STORIES