ആക്രി വില്‍പ്പനക്കടയിൽ എത്തിയ മോഷ്ടാക്കളെ പോലീസ് അറസ്റ്റ് ചെയ്തു

അടൂർ: കൊട്ടാരക്കര മൈലം പുലമൺ പാറക്കടവ് രഞ്ജു ഭവനം രഞ്ജു പി കുഞ്ഞുമോൻ (24) പ്രായപൂർത്തിയാകാത്ത പള്ളിക്കൽ സ്വദേശി (17) യെയുമാണ് കഴിഞ്ഞ ദിവസം വൈകിട്ട് 6 ന് പോലീസ് കസ്റ്റഡിയിലെടുത്തത്.


മോഷ്ടിച്ച വാഹനം വിൽക്കാൻ ചെന്ന കടയുടെ ഉടമ വാഹനത്തിന്റെ രേഖകൾ ആവശ്യപ്പെട്ടതിനെ തുടർന്ന് യുവാക്കൾ പരസ്പര വിരുദ്ധമായി സംസാരിച്ചതിൽ തോന്നിയ സംശയമാണ് പ്രതികളെ കുടുക്കിയത്. ഇരുവരെയും തന്ത്രപൂർവം അവിടെ നിർത്തിയ ശേഷം ഉടമ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് യുവാക്കളെ ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തിന്റെ ചുരുളഴിഞ്ഞത്. ഇവർ വിൽക്കാനായി കൊണ്ടുവന്ന ബജാജ് ഡിസ്കവർ ബൈക്ക് പോലീസ് പരിശോധിച്ചപ്പോൾ നമ്പർ പ്ലേറ്റ് വ്യാജമാണെന്ന് കണ്ടെത്തി, തുടർന്ന് പരിസരത്ത് നടത്തിയ അന്വേഷണത്തിൽ കടയുടെ സമീപത്തുനിന്നും റോയൽ എൻഫീൽഡ് മോട്ടോർ സൈക്കിൾ കണ്ടെത്തുകയും ചെയ്തു. പരിശോധനയിൽ അതിന്റെ നമ്പർ പ്ലേറ്റും വ്യാജമാണെന്ന് വ്യക്തമായി. പിന്നീട് മോഷ്ടാക്കളെ സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് യുവാക്കൾ സ്ഥിരം മോഷ്ടാക്കളാണെന്ന് മനസ്സിലായത്. എൻഫീൽഡ് ബൈക്ക് കുണ്ടറ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ഡിസ്കവർ മോട്ടോർ സൈക്കിൾ കൊട്ടാരക്കര പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും മോഷ്ടിച്ചതാണെന്ന് പോലീസ് കണ്ടെത്തി.

കൊല്ലം ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ നടന്നിട്ടുള്ള വാഹന മോഷണ കേസുകളിൽ ഇവർക്ക് പങ്കുള്ളതായി ചോദ്യം ചെയ്യലിൽ പോലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്. രാത്രിസമയം കറങ്ങി നടക്കുന്ന പ്രതികൾ, മോഷ്ടിക്കുന്ന വാഹനങ്ങളുടെ നമ്പർ പ്ളേറ്റുകൾ തിരുത്തി ആക്രി കടകളിൽ എത്തിച്ച് വില്പന നടത്തുകയാണ് പതിവ്. ഇങ്ങനെ കിട്ടുന്ന പണം മദ്യപാനത്തിനും ,ലഹരിവസ്തുക്കൾ വാങ്ങുന്നതിനും ആഡംബര ജീവിതം നയിക്കുന്നതിനും, ഉപയോഗിച്ചു വരികയായിരുന്നു.

RELATED STORIES