കൊങ്ങിണിച്ചെടി കൊണ്ടൊരാന

കൊച്ചി: നമ്മുടെ ചുറ്റുവട്ടത്തും റോഡരികിലും കാണുന്ന കൊങ്ങിണിച്ചെടികള്‍ ശ്രദ്ധിച്ചിട്ടുണ്ടോ കൊങ്ങിണിപ്പൂക്കൾ മനോഹരമാണെങ്കിലും നമ്മുടെ ആവാസവ്യവസ്ഥയ്ക്ക് വലിയ ഭീഷണിയാണ് ഇവയെന്ന് എത്ര പേര്‍ക്കറിയാം. ലോകമെമ്പാടുമുള്ള വനങ്ങള്‍ക്കും വന്യജീവികള്‍ക്കും ഭീഷണിയാണ് ഇന്ന് കൊങ്ങിണിച്ചെടികള്‍. കൊങ്ങിണിച്ചെടികളുടെ വള്ളികള്‍ ഉപയോഗിച്ച് നിര്‍മിച്ച ആന ശിൽപങ്ങളുടെ പ്രദര്‍ശനവുമായി കൊച്ചിയിലെത്തിയിരിക്കുകയാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു സംഘടന. ആനകളുടെയും മറ്റു വന്യജീവികളുടെയും സംരക്ഷണം സംബന്ധിച്ച ബോധവത്കരണവും ഇവര്‍ ലക്ഷ്യമിടുന്നുണ്ട്. 

ഫെബ്രുവരി ഏഴിന് ഫോര്‍ട്ട് കൊച്ചി സൗത്ത് ബീച്ചിൽ തുടങ്ങിയ പ്രദര്‍ശനം അടുത്ത ഘട്ടത്തിൽ ബെംഗളുരുവിലേയ്ക്കും ഡൽഹിയിലേയ്ക്കും വ്യാപിപ്പിക്കും. കൊങ്ങിണിച്ചെടിയുടെ തണ്ടുകള്‍ കൊണ്ട് തീര്‍ത്ത 101 ആന ശിൽപങ്ങള്‍ വരുംവര്‍ഷം യുകെയിലെ വിക്ടോറിയ, ആൽബെര്‍ട്ട് മ്യൂസിയങ്ങളിലും ലണ്ടനിലെ റോയൽ പാര്‍ക്കുകളിലും പ്രദര്‍ശിപ്പിക്കും. 2020ൽ യുഎസിലും പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കും. ആന ശിൽപങ്ങള്‍ ലേലം ചെയ്ത് ലഭിക്കുന്ന തുക വന്യജീവികളുടെ സംരക്ഷണത്തിനു വേണ്ടിയായിരിക്കും ഉപയോഗിക്കുക. 

ആനകളുടെയും വന്യജീവികളുടെയും ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന രാജ്യാന്തര സംഘടനയായ ദി റിയൽ എലിഫൻ്റ് കളക്ടീവിന്‍റെ ആഭിമുഖ്യത്തിലാണ് ആനശിൽപങ്ങളുടെ നിര്‍മാണവും പ്രദര്‍ശനവും അരങ്ങേറുന്നത്. സമാനമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനയായ എലിഫൻ്റ് ഫാമിലിയും പരിപാടിയുമായി സഹകരിക്കുന്നുണ്ട്. 

ഉപയോഗശൂന്യമായ കൊങ്ങിണിച്ചെടികളിൽ നിന്ന് ഫര്‍ണിച്ചറുകളും കരകൗശലവസ്തുക്കളും നിര്‍മിക്കാനുള്ള ആശയം അശോക ട്രസ്റ്റ് ഫോര്‍ റിസര്‍ച്ച് ഇൻ ഇക്കോളജി ആൻ്റ് എൻവയൺമെൻ്റിന്‍റേതാണ്. പനിയ, ബേട്ടക്കുറുമ്പ, സോലിഗ തുടങ്ങിയ ആദിവാസി സമുദായങ്ങളിലെ 70 കലാകാരന്മാരാണ് ആനകളുടെ നിര്‍മാണത്തിൽ ഏര്‍പ്പെട്ടിരിക്കുന്നത്. തങ്ങളുടെ കലാപരമായ കഴിവുകളും ആനകളെപ്പറ്റിയുള്ള അറിവും സംയോജിപ്പിച്ചാണ് ശിൽപങ്ങള്‍ ഇവര്‍ തയ്യാറാക്കിയിരിക്കുന്നത്. 

RELATED STORIES