അറിയപ്പെടുന്ന കണ്‍വന്‍ഷനുകളില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് അവസരം നല്‍കണം (Landway News Editorial, 2019 February,  സന്തോഷ് പന്തളം)

    മനുഷ്യായുസ്സിന്‍റെ മുഴുഭാഗവും അങ്ങകലെ ആരുമറിയാത്ത ഗ്രാമങ്ങളില്‍ ദൈവത്തിന്‍റെ നാമത്തിനായി ത്യാഗം സഹിച്ചു പട്ടിണി, നിരാശ, കഷ്ടത എന്നിവകള്‍ സഹിച്ചു ദൈവവേല ചെയ്യുന്നവര്‍ അനവധിയാണ്. എന്നാല്‍ ഇങ്ങനെയുള്ളവരെ ഒരിക്കല്‍പോലും  കുമ്പനാട് പോലുള്ള മെഗാകണ്‍വന്‍ഷനുകളില്‍ പ്രസംഗകരായി കാണാറില്ല. 

ഭംഗിയോ, ശരീരത്തിന് നിറമോ, പറയത്തക്ക വിദ്യാഭ്യാസമോ, സാമ്പത്തിക ഭദ്രതയോ, വലിയ സഭകളോ ചിലപ്പോള്‍ എടുത്തുകാണിക്കാന്‍ ഇല്ല എന്നതായിരിക്കും. കണ്‍വെന്‍ഷന്‍റെ സംഘാടകര്‍ ദയവായി ഇങ്ങനെയുള്ളവരെ കൂടി സഹകരിപ്പിക്കണം. അറിയപ്പെടുന്നവര്‍ സംസാരിക്കുന്നതിന്‍റെ തൊട്ടു മുമ്പില്‍ കുറഞ്ഞത് 15 മിനിറ്റെങ്കിലും പാവങ്ങളായ അര്‍ഹതപ്പെട്ട ദൈവദാസന്മാര്‍ക്ക് അവസരം നല്‍കണം. എല്ലാവര്‍ക്കും പ്രസംഗകരായി അവസരം കൊടുക്കാന്‍ കഴിയുകയില്ല എന്ന് ഈ എഴുത്തുകാരന് അറിയാം പക്ഷേ 10 ദിവസത്തെ കണ്‍വന്‍ഷന്‍ നടക്കുമ്പോള്‍ 10 പേര്‍ക്കും കൂടി കണ്‍വെന്‍ഷന്‍റെ സംഘാടകര്‍ അവസരം ഒരുക്കുവാന്‍ വലിയ ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് തോന്നുന്നില്ല.

ഇവരുടെ ഭാര്യമാര്‍ക്കും മക്കള്‍ക്കും അത് കാണുവാനുള്ള ഒരവസരം നാം ഒരുക്കിക്കൊടുക്കണം. അവര്‍ ജീവിച്ചിരിക്കുമ്പോള്‍ നമുക്ക് കൊടുക്കാന്‍ കഴിയുന്ന ഏറ്റവും വലിയ ബഹുമതി ഇതായിരിക്കും. അവസരം ലഭിച്ചവര്‍ക്ക് പിന്നെ അവസരം നല്‍കണമെന്ന് പറയുന്നില്ല. പക്ഷേ അവര്‍ക്ക് ജീവിതത്തില്‍ ഒരു പ്രാവശ്യമെങ്കിലും അതിനുള്ള അവസരം നല്‍കിയിരിക്കണം. അത് ദൈവത്തിന്‍റെ നീതിയാണെന്ന് സംഘാട കര്‍ മറന്നുപോകരുതേ.

ഗള്‍ഫ് രാജ്യങ്ങളോ, അമേരിക്ക, കാനഡ, യു.കെ തുടങ്ങിയ രാജ്യങ്ങളില്‍ കാലുകുത്തിയിട്ടില്ലാത്തവരും വിമാനത്തില്‍പ്പോലും കയറിയിട്ടില്ലാത്തവരുമായ അനേക ദൈവദാസന്മാര്‍ ഗ്രാമസുവിശേഷീകരണത്തില്‍ പങ്കാളികളാകുന്നുവെന്ന് നാം മറന്നുപോകരുതേ. കണ്‍വെന്‍ഷന്‍റെ സംഘാടകര്‍ ചിലരെങ്കിലും പറയും ഞങ്ങള്‍ ഇങ്ങനെയുള്ളവര്‍ക്ക് അവസരം കൊടുക്കുന്നുവല്ലോ എന്ന്. ഞാന്‍ പറയാം ശരിയായിരിക്കും അടിയേറ്റവര്‍ക്കും ജയിലില്‍ അടച്ചവര്‍ക്കും മാത്രമല്ലേ അവസരം നല്‍കിയിട്ടുള്ളു. അപ്പോള്‍ എല്ലാവരും അടികൊള്ളണം, ജയിലില്‍ അടക്കണം എന്നിങ്ങനെ ആയാലെ അവസരം നല്‍കുകയുള്ളുവെന്നാണോ? എങ്കില്‍ ഇവര്‍ പീഡനത്തിനായി കാത്തിരിക്കണം എന്നായിരിക്കും അല്ലേ?

നാം അറിയാത്തവര്‍ എത്രയെത്രപേര്‍ ഗ്രാമസുവിശേഷീകരണത്തിന് പോയിട്ട് തിരിച്ചു വരാന്‍ കഴിയാതെ കാടുകളിലും വീട്ടുതടങ്കലിലുമായിട്ടുണ്ട്. അവരെ ആരും അറിയുന്നില്ലായെങ്കിലും അവരുടെ വീട്ടുകാര്‍ വിടുതലിനായി കാത്തിരിപ്പുണ്ട്. ഇവര്‍ തിരിച്ചു വന്നാല്‍ ഇവര്‍ക്ക് അവസരം കൊടുക്കണം. പക്ഷേ അവസരം നഷ്ടപ്പെട്ട ഭക്തന്മാരായ ദൈവദാസന്മാരെക്കൂടി ഓര്‍ക്കണമെന്നാണ് ഈ എഴുത്തുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

അര്‍ഹതപ്പെട്ടവരുടെ അവസരങ്ങള്‍ കണ്‍വെന്‍ഷന്‍റെ സംഘാടകര്‍ തടയരുത് അഥവാ നാം അതിന് എതിര്‍നിന്നാല്‍ ദൈവീകകോടതിയില്‍ കണക്ക് ബോധിപ്പിക്കേണ്ടിവരുമെന്ന് മറന്നു പോകരുതേ. സംഘാടകര്‍ ചെയ്യുന്ന ദൗത്യത്തെ ശിരസാല്‍ ബഹുമാനിച്ചുകൊണ്ടു തന്നെയാണ് എഴുതുന്നത്. നിങ്ങളെ ആരെയും അപമാനിക്കുകയോ ആക്ഷേപിക്കുകയോ ചെയ്യുന്നില്ല. പക്ഷേ ഇനിയുള്ള കണ്‍വന്‍ഷനുകളില്‍ എല്ലാ ഡിനോമിനേഷനുകളിലും ഇങ്ങനെയുള്ളവര്‍ക്ക് അവസരം കൊടുത്തിരിക്കണം എന്നതാണ് ഈ ലേഖനത്തിന്‍റെ പ്രസക്തഭാഗം.

മാത്രമല്ല ഇതിനോടൊപ്പം മറ്റൊരു കാര്യവും കൂടി കൂട്ടിച്ചേര്‍ക്കട്ടെ. ഇതൊരു ആത്മീയ കൂട്ടായ്മയാണെന്ന് കക്ഷിരാഷ്ട്രീയത്തിനോ പാനല്‍ പരിപാടികള്‍ക്കോ സ്ഥാനമില്ലായെന്നും ചിന്തിക്കണം. അഭിക്ഷിക്തരായ ദൈവദസന്മാര്‍ക്ക് ഒരുക്കിയിരിക്കുന്ന ഇരിപ്പിടങ്ങളില്‍ രാഷ്ട്രീയക്കാരെ കയറ്റിയിരുത്താതിരിക്കാന്‍ കണ്‍വെന്‍ഷന്‍റെ സംഘാടകര്‍ സെക്യൂരിറ്റികളെ നിയോഗിക്കണം. രാഷ്ട്രീയ നേതാക്കന്മാര്‍ക്ക് മെയിന്‍ സ്റ്റേജിന്‍റെ താഴെയായി  സഹോദരന്മാരുടെ ഭാഗത്ത് റിസര്‍വോര്‍ഡ് സീറ്റുകള്‍ മുന്നമേ കരുതണം. ഇന്ത്യന്‍ പ്രസിഡന്‍റ് വന്നാല്‍ പോലും അവരെ ബഹുമാനത്തോടെ താഴെ അവര്‍ക്കായി നല്‍കിയിരിക്കുന്ന സീറ്റില്‍ ഇരുത്തണം. അവര്‍ക്ക് അവിടെ ചെറിയ ഒരു പ്രസംഗപീഠവും മൈക്കും കരുതിക്കൊടുക്കണം. അല്ലാതെ ദൈവദാസന്മാര്‍ പ്രസംഗിക്കുന്ന വേദിയില്‍ കയറി കസര്‍ത്ത് അടിക്കാന്‍ നമ്മുടെ കണ്‍വെന്‍ഷന്‍റെ സംഘാടകര്‍ രാഷ്ട്രീയ നേതാക്കന്മാരെ അനുവദിക്കരുത്.

നമുക്ക്  രാഷ്ട്രീയമുണ്ട്, നമുക്ക് മതമുണ്ട്, നമുക്ക് വിശ്വാസമുണ്ട്, പക്ഷേ ലോകജീവിതം നയിക്കുന്നവരുമായി നാം ഇണയില്ല പിണ കൂടരുത്. നമ്മെ തല്ലിത്തകര്‍ക്കുന്നവര്‍ക്ക് നാമെന്തിന് കണ്‍വെന്‍ഷനുകളില്‍ അവസരം കൊടുക്കണം. നാം നിര്‍ബന്ധിത മതപരിവര്‍ത്തനം ചെയ്യുന്നില്ല പക്ഷേ മതത്തെ പ്രസംഗിച്ചുകൂടായെന്ന് ആരും ഇന്ത്യയില്‍ പറയരുത്. ഇന്ത്യന്‍ നിയമത്തില്‍ അവനവന്‍ വിശ്വസിക്കുന്ന മതത്തെ പ്രചരിപ്പിക്കുവാന്‍ സ്വാതന്ത്ര്യമുള്ള മതേതര ജനാധിപത്യ രാജ്യത്തിലാണ് ജീവിക്കുന്നത്. 

മതത്തെയോ രാഷ്ട്രീയത്തെയോ ഞങ്ങള്‍ എതിര്‍ക്കുന്നില്ല. ഇനി ഒരിക്കലും അങ്ങനെ ചെയ്യാന്‍ ആഗ്രഹിക്കുന്നുമില്ല. ഇന്ത്യയില്‍ പറഞ്ഞിരിക്കുന്ന മതസ്വാതന്ത്ര്യത്തെ തടയുന്നവരോട് യാതൊരു കൂട്ടുകെട്ടുകളും ആത്മീയര്‍ക്ക് പാടില്ലായെന്നതാണ് വചനം പഠിക്കുമ്പോള്‍ കാണുന്നത്. ദൈവദാസന്മാര്‍ പ്രസംഗിക്കുന്ന വേദിയില്‍ കയറി കസര്‍ത്ത് അടിക്കാന്‍ നമ്മുടെ കണ്‍വെന്‍ഷന്‍റെ സംഘാടകര്‍ രാഷ്ട്രീയ നേതാക്കന്മാര്‍ക്ക് അനുവദിക്കരുത്. ആരുമറിയാത്ത ഗ്രാമങ്ങളില്‍ ദൈവത്തിന്‍റെ നാമത്തിനായി ത്യാഗം സഹിച്ചു പട്ടിണി, നിരാശ, കഷ്ടത എന്നിവകള്‍ സഹിച്ചു ദൈവവേല ചെയ്യുന്ന ഇങ്ങനെയുള്ളവര്‍ക്ക് അവസരം ഒരുക്കിക്കൊടുക്കണം.