ഗുജറാത്തില്‍ കടുവ എത്തി

അഹമ്മദാബാദ്: ഗുജറാത്ത് വനത്തില്‍ 27 വര്‍ഷങ്ങള്‍ക്ക് ശേഷം കടുവയെ കണ്ടെത്തി. മഹാരാഷ്ട്ര - ഗുജറാത്ത് അതിര്‍ത്തിയായ ദാങ്ങില്‍ 1992ല്‍ ആണ് അവസാനമായി ഒരു കടുവയെ കണ്ടെത്തിയത്. ഒരു സ്‍കൂള്‍ അധ്യാപകന്‍ ആണ് ബോറിയ ഗ്രാമത്തില്‍ കടുവയെ കണ്ടത്. വീഡിയോ സ്വന്തം മൊബൈല്‍ഫോണില്‍ ഇയാള്‍ പകര്‍ത്തുകയും ചെയ്‍തു. 

ഫെബ്രുവരി ആറിനാണ് കടുവയെ കണ്ടത്. ഈ വീഡിയോ വൈറല്‍ ആയതോടെ കടുവയുടെ സാന്നിധ്യം ഉറപ്പിക്കാന്‍ ക്യാമറകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് വനംവകുപ്പ്. 

"സ്‍കൂളില്‍ നിന്ന് ഒരു വൈകുന്നേരം തിരികെ വന്നപ്പോഴാണ് കടുവയെ കണ്ടത്. എന്‍റെ മുന്നില്‍ നിന്ന് 40 അടി ദൂരത്തിലായിരുന്നു കടുവ. കടുവ ഇവിടെ വരാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞ് കേട്ടിരുന്നു. ഞാന്‍ വണ്ടിയില്‍ ആണ് വന്നത്. കടുവയെ കണ്ടപ്പോള്‍ തന്നെ ഫോട്ടോയെടുത്തു" അധ്യാപകന്‍ മഹേഷ് മഹെറ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. 

കഴിഞ്ഞ ജൂലൈയിലും കടുവയെ കണ്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗുജറാത്തിലെ തപി ജില്ലയില്‍ ഒരാളെ കടുവ ആക്രമിച്ചിരുന്നു. മറ്റൊരു സംഭവത്തില്‍ അഹമ്മദബാദില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെ നടന്ന ഒരു സംഭവത്തില്‍ കടുവ ഒരു ഗ്രാമത്തില്‍ എത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 

RELATED STORIES