രാജ്യത്തെ മികച്ച റോഡുകളുള്ളത് കേരളത്തിലാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്

ചെറിയ റോഡ് തകര്‍ച്ചകളെ പര്‍വ്വതീകരിച്ചു ചര്‍ച്ച നടത്തുന്നതിനാലാണ് നല്ല റോഡുകള്‍ കാണാതെ പോകുന്നതെന്നും മന്ത്രി പറഞ്ഞു. കൊട്ടാരക്കരയില്‍ തൃക്കണ്ണമംഗല്‍-പ്ലാപ്പള്ളി- സദാനന്ദപുരം റോഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


കാലാവസ്ഥാ വ്യതിയാനമാണ് റോഡുകളുടെ തകര്‍ച്ചയ്ക്ക് കാരണമെന്നും മന്ത്രി ആവര്‍ത്തിച്ചു. അതിനാല്‍ റോഡ് സുരക്ഷയ്ക്ക് പ്രത്യേകം സംവിധാനം ഒരുക്കാനാണ് തീരുമാനം. സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും പശ്ചാത്തല വികസന രംഗത്ത് കേരളം മുന്നേറുകയാണെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. എല്ലാ റോഡുകളും മികവുറ്റതാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കാലാവസ്ഥാ വ്യതിയാനവും ഇതര വെല്ലുവിളികളും മറികടന്നുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും മന്ത്രി റിയാസ് പറഞ്ഞു.

അതേസമയം, റോഡ് നിര്‍മാണത്തില്‍ സംസ്ഥാനത്ത് കാലാനുസൃത മാറ്റം വരുത്തുകയാണ് സര്‍ക്കാര്‍ എന്ന് കഴിഞ്ഞ ദിവസം മന്ത്രി വ്യക്തമാക്കിയിരുന്നു. റോഡുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ഫലപ്രദമായി ഇടപെടണമെന്നും സങ്കേതികത്വം പറഞ്ഞ് ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിവായി നില്‍ക്കരുതെന്നും അങ്ങിനെ അലസത കാണിക്കുന്നവര്‍ക്കെതിരെ കര്‍ക്കശ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

RELATED STORIES