6 മാസത്തിനിടെ തകര്‍ന്നത് രണ്ടാമത്തെ ബോയിങ് 737; ഇന്ത്യ വിശദീകരണം തേടി

157 പേരുടെ മരണത്തിനിടയാക്കിയ എത്യോപ്യൻ എയര്‍ലൈൻസ് വിമാനാപകടത്തിനു തൊട്ടുപിന്നാലെ വിമാനനിര്‍മാതാവായ ബോയിങ് കമ്പനിയോട് വിശദീകരണം തേടി ഇന്ത്യ. ആറ് മാസത്തിനിടെ രണ്ടാം തവണയും ബോയിങ് 737 മാക്സ് വിമാനം തകര്‍ന്നു വീണതിന് പിന്നാലയൊണ് ഇന്ത്യ ബോയിങ് കമ്പനിയോട് വിശദീകരണം ചോദിക്കുന്നത്. ഇന്ന് രാവിലെ ആഡിസ് അബാബയിൽ നിന്ന് നെയ്റോബിയിലേയ്ക്ക് പോയ എത്യോപ്യൻ എയര്‍ലൈൻസ് വിമാനം തകര്‍ന്നു വീണ് 157 പേര്‍ മരിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ ഇന്തോനേഷ്യൻ വിമാനക്കമ്പനിയായ ലയൺ എയറിന്‍റെ ബോയിങ് 737 മാക്സ് വിമാനം തകര്‍ന്നു വീണ് 189 പേരാണ് കൊല്ലപ്പെട്ടത്. 

ഇന്ത്യയിൽ സ്പൈസ്ജെറ്റിനും ജെറ്റ് എയര്‍വേയ്സിനുമാണ് ബോയിങ് 737 വിമാനങ്ങള്‍ ഉള്ളത്. സ്പൈസ്ജെറ്റിന് മാത്രം 13 ബോയിങ് 737 മാക്സ് വിമാനങ്ങളുണ്ട്. 

എത്യോപ്യൻ എയര്‍ലൈൻസിന്‍റെ ബോയിങ് 737 മാക്സ് വിമാനമാണ് തകര്‍ന്നതെന്നും ഇന്ത്യയിൽ രണ്ട് വിമാനക്കമ്പനികള്‍ ഇത്തരം വിമാനങ്ങള്‍ ഉപയോഗിച്ച് സര്‍വീസ് നടത്തുന്ന സാഹചര്യത്തിൽ ബോയിങിനോട് വിശദീകരണം തേടിയിട്ടുണ്ടെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ തലവൻ ബി എസ് ഭുല്ലര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. വിമാനക്കമ്പനിയുടെ വിശദീകരണം ലഭിച്ച ശേഷം സുരക്ഷാനടപടികള്‍ ആവശ്യമെങ്കിൽ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഇന്തോനേഷ്യയിൽ ലയൺ എയര്‍ വിമാനം തകര്‍ന്നു വീണ സാഹചര്യത്തിൽ യുഎസ് ഫെഡറൽ ഏവിയേഷനും ബോയിങ് കമ്പനിയും സര്‍ക്കുലര്‍ ഇറക്കിയതിനു പിന്നാലെ ഡിജിസിഎ സ്പൈസ്ജെറ്റിനോടും ജെറ്റ് എയര്‍വേയ്സിനോടും ആവശ്യമായ നടപടികള്‍ സ്വീകരിക്കാൻ നിര്‍ദ്ദേശിച്ചിരുന്നു.

നിലവിൽ ജെറ്റ് എയര്‍വേയ്സ് 225 ബോയിങ് 737 മാക്സ് വിമാനങ്ങള്‍ക്കും സ്പൈസ്ജെറ്റ് 205 വിമാനങ്ങള്‍ക്കുമാണ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. ലയൺ എയര്‍ അപടകത്തിനു ശേഷം ഡിജിസിഎ ഇരുകമ്പനികളുടെയും വിമാനങ്ങളിൽ പരിശോധന നടത്തിയിരുന്നെങ്കിലും സുരക്ഷാപ്രശ്നങ്ങളൊന്നും കണ്ടെത്താനായിരുന്നില്ല. 

RELATED STORIES