വിദ്യാർത്ഥികൾക്കുവേണ്ടി അധ്യാപകൻ പരീക്ഷയെഴുതി; പ്രിൻസിപ്പൽ അടക്കം മൂന്നുപേർക്ക് സ്സപെൻഷൻ

തിരുവനന്തപുരം: നാല് വിദ്യാർത്ഥികൾക്കുവേണ്ടി ഹയർസെക്കന്ററി അധ്യാപകൻ പരീക്ഷയെഴുതിയതായി കണ്ടെത്തിയതിനെത്തുടർന്ന് പ്രിൻസിപ്പൽ അടക്കം മൂന്ന് അധ്യാപകരെ സസ്പെന്റ് ചെയ്തു. 

കോഴിക്കോട് നീലേശ്വരം സർക്കാർ ഹയർസെക്കന്ററി സ്കൂൾ അധ്യാപകനും പരീക്ഷയുടെ ഡെപ്യൂട്ടി ചീഫുമായിരുന്ന നിഷാദ് വി മുഹമ്മദ് ആണ് വിദ്യാർത്ഥികൾക്കുവേണ്ടി പരീക്ഷയെഴുതി നൽകിയത്. പ്ലസ് ടു ഇംഗ്ലീഷ്, പ്ലസ് ടു കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷയാണ് അധ്യാപകൻ എഴുതി നൽകിയത്. 

നിഷാദ് കൂടാതെ പരീക്ഷ ചീഫ് സൂപ്രണ്ടും നീലേശ്വരം സ്കൂളിന്റെ പ്രിൻസിപ്പലുമായ കെ റസിയ, പരീക്ഷ ഡെപ്യൂട്ടി ചീഫും ചേന്ദമംഗലൂർ ഹയർസെക്കന്ററി സ്കൂൾ അധ്യാപകനുമായ പി കെ ഫൈസൽ എന്നിവരെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെന്റ് ചെയ്തത്. വകുപ്പുതല അന്വേഷണത്തിനു ശേഷം ഇവർക്കെതിരെ പോലീസിൽ പരാതി നൽകാനാണ് തീരുമാനം. 

നിഷാദ് കമ്പ്യൂട്ടർ സയൻസ് അധ്യാപകനാണ്. ഉത്തര കടലാസ് മൂല്യനിർണ്ണയത്തിനിടെ രണ്ട് പേപ്പറിലെ കയ്യക്ഷരത്തിൽ സംശയം തോന്നിയതിനെത്തുടർന്നാണ് സംശയം തോന്നിയത്.


കൊല്ലം അഞ്ചൽ സ്കൂളിലെ പ്ലസ് ടു ഇംഗ്ലീഷ് മൂല്ല്യനിർണയ ക്യാമ്പിൽ രണ്ട് പേപ്പറുകളിലും കയ്യക്ഷരം സംശയത്തെത്തുടർന്ന് റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് നാല് വിദ്യാർത്ഥികളുടെയും മറ്റ് പേപ്പറുകൾ വരുത്തി പരീക്ഷാ സെക്രട്ടറി കെ വിവേകാനന്ദന്റെ നേതൃത്വത്തിൽ പരിശോധന നടത്തുകയായിരുന്നു.

RELATED STORIES