ഇനി മുതൽ സൗദിയിൽ പ്രവാസികൾക്ക് വീട് വാങ്ങാം; ദീർഘകാല വിസയും

റിയാദ്: സൗദി അറേബ്യയിൽ പ്രവാസികള്‍ക്ക് സ്വന്തം പേരിൽ വീടുകളും വാഹനങ്ങളും സ്വന്തമാക്കുന്നതിന് അവസരമൊരുങ്ങുന്നു. രാജ്യത്ത് താമസിക്കുന്ന ഇന്ത്യക്കാരുള്‍പ്പെടെയുള്ള വിദേശികള്‍ക്ക് സ്പോൺസര്‍ഷിപ്പ് ആവശ്യമില്ലാത്ത പുതിയ വിസ സമ്പ്രദായത്തിന് ശൂറാ കൗൺസിൽ അംഗീകാരം നല്‍കി. ഇതോടെ വിദേശികള്‍ക്ക് സൗദിയിൽ ദീര്‍ഘകാല താമസത്തിനുള്ള വിസ അനുവദിക്കുന്നതിനുള്ള തടസ്സം നീങ്ങി. 

സൗദിയിൽ പ്രവാസികള്‍ക്ക് ഗ്രീൻ കാര്‍ഡിന് തുല്യമായ ദീര്‍ഘകാല താമസരേഖ അനുവദിക്കാനാണ് നീക്കം. ഇതോടെ രാജ്യത്ത് പ്രവാസികള്‍ക്ക് സ്വന്തം പേരിൽ വീടുകളും വാഹനങ്ങളും വാങ്ങാം. കൂടാതെ സ്വകാര്യസ്ഥാപനങ്ങളിൽ ജോലി ചെയ്യാനും ഇഷ്ടം പോലെ ജോലി മാറാനും സാധിക്കും. രാജ്യത്തു നിന്ന് എപ്പോള്‍ വേണമെങ്കിലും പുറത്തുപോകുകയും തിരിച്ചു വരികയും ചെയ്യാം. 

ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനും ബന്ധുക്കള്‍ക്ക് വിസിറ്റിങ് വിസ എടുക്കാനുമുള്ള സൗകര്യവും ഇതോടെ യാഥാര്‍ത്ഥ്യമാകും. വിമാനത്താവളങ്ങളിൽ സ്വദേശികള്‍ക്കായുള്ള പ്രത്യേക കൗണ്ടറുകളും ഉപയോഗിക്കാം. വ്യാപാര വ്യവസായമേഖലയിൽ പ്രവര്‍ത്തിക്കാനും പുതിയ വിസ പദ്ധതിയിലൂടെ പ്രവാസികള്‍ക്ക് സാധിക്കും. 

ദീര്‍ഘകാല വിസ അപേക്ഷകരുടെ പ്രായം 21 വയസ്സിൽ കുറയാൻ പാടില്ലെന്നാണ് ചട്ടം. രാജ്യത്ത് ജീവിക്കാൻ അനുസൃതമായ സാമ്പത്തികസ്ഥിതിയുണ്ടെന്നും കുറ്റകൃത്യങ്ങളിൽ പങ്കില്ലെന്നും തെളിയിക്കുന്ന രേഖകളും ഹാജരാക്കണം. നിലവിൽ സൗദിയിൽ ജോലി ചെയ്യുന്നവര്‍ അപേക്ഷിക്കുമ്പോള്‍ നിയമാനുസൃതമായ താമസരേഖയും ഹാജരാക്കണം.

RELATED STORIES