ഉത്തരക്കടലാസ് തിരുത്തിയ കേസ്: വിദ്യാര്‍ത്ഥികള്‍ വീണ്ടും പരീക്ഷ എഴുതണമെന്ന് നിര്‍ദ്ദേശം

തിരുവനന്തപുരം: കോഴിക്കോട് നീലേശ്വരത്ത് അധ്യാപകൻ ഉത്തരക്കടലാസ് തിരുത്തിയ കേസിൽ വിദ്യാര്‍ത്ഥികള്‍ വീണ്ടും പരീക്ഷ എഴുതണമെന്ന് വിദ്യാഭ്യാസ വകുപ്പ്. സേ പരീക്ഷയ്ക്ക് ഒപ്പം എഴുതാനാണ് വകുപ്പ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതേസമയം നിര്‍ദ്ദേശം അംഗീകരിക്കാനാവില്ലെന്ന് രക്ഷിതാക്കള്‍ വ്യക്തമാക്കി. 

പരീക്ഷാദിവസം സ്കൂളിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നും വിദ്യാഭ്യാസ വകുപ്പ് മൊഴിയെടുത്തു. അധ്യാപകൻ ഇത്തരത്തിൽ ഒരു ക്രമക്കേട് നടത്തുന്നതിനെക്കുറിച്ച് തങ്ങൾക്ക് അറിവുണ്ടായിരുന്നില്ലെന്നും നന്നായി പഠിച്ചാണ് പരീക്ഷ എഴുതിയതെന്നും കുട്ടികൾ അറിയിച്ചു. 

അതേസമയം ഉത്തരക്കടലാസ് തിരുത്തിയ സംഭവത്തിൽ അധ്യപകരുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. പരീക്ഷ ചീഫ് സൂപ്രണ്ടും പ്രിൻസിപ്പാളുമായ കെ റസിയ, അഡീഷണൽ ഡെപ്യൂട്ടി ചീഫ് നിഷാദ് മുഹമ്മദ്, ചേന്നമംഗലൂര്‍ സ്കൂൂള്‍ അധ്യാപകനും ഡെപ്യൂട്ടി ചീഫുമായ പി കെ ഫൈസൽ എന്നിവര്‍ക്കെതിരെയാണ് മുക്കം പോലീസ് കേസെടുത്തിട്ടുള്ളത്. സസ്പെൻഡ് ചെയ്യപ്പെട്ട മൂന്ന് പേര്‍ക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹയര്‍ സെക്കണ്ടറി വകുപ്പ് റീജിയണൽ ഡെപ്യൂട്ടി ഡയറക്ടര്‍ ഗോകുലകൃഷ്ണ മുക്കം പോലീസിൽ ഇന്നലെ പരാതി നല്‍കിയിരുന്നു. 

അധ്യാപകര്‍ ഇതിനു മുൻപും സമാനമായ രീതിയിൽ ഉത്തരക്കടലാസ് തിരുത്തിയതായി സംശയമുണ്ടെന്നും ഇക്കാര്യം കൂടി അന്വേഷിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. വിജയശതമാനം കൂട്ടാനാണ് അധ്യാപകനുമായി ഒത്തുകളിച്ച് ഉത്തരക്കടലാസുകള്‍ തിരുത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഇതിനായി പ്രിൻസിപ്പാള്‍ കെ റസിയയും അധ്യാപകൻ നിഷാദ് വി മുഹമ്മദും വ്യക്തമായ ആസൂത്രണം നടത്തിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
സാധാരണഗതിയിൽ പരീക്ഷയ്ക്ക് ശേഷം ഉച്ചയോടെ ഉത്തരക്കടലാസുകള്‍ സീൽ ചെയ്ത് മൂല്യനിര്‍ണ്ണയത്തിനായി അയയ്ക്കുന്നതാണ് പതിവ്. ഗ്രാമീണമേഖലകളിൽ ഇതിന് പിറ്റേന്ന് രാവിലെ വരെ സമയം അനുവദിക്കാറുണ്ട്. മാര്‍ച്ച് 21ന് രാവിലെ പ്ലസ് ടു ഇംഗ്ലീഷ് പരീക്ഷയും പ്ലസ് വണ്ണിലെ കംപ്യൂട്ടര്‍ ആപ്ലിക്കേഷൻ പരീക്ഷയുമാണ് നടന്നത്. തൊട്ടടുത്ത ദിവസം പരീക്ഷകളൊന്നുമില്ലെന്ന സാഹചര്യം മുതലെടുത്ത നിഷാദ് വി മുഹമ്മദ് നാല് ഉത്തരക്കടലാസുകള്‍ മാറ്റിയെഴുതിയെന്നും 3 എണ്ണം തിരുത്തിയെന്നുമാണ് കണ്ടെത്തിയിട്ടുള്ളത്. പ്രിൻസിപ്പാളും പരീക്ഷാകേന്ദ്രത്തിന്‍റെ സഹചുമതലയുള്ള അധ്യാപകനും ഇതിന് കൂട്ടുനിന്നെന്നും വിദ്യാഭ്യാസവകുപ്പ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. 

RELATED STORIES