കുവൈറ്റില്‍ നിന്ന് പ്രവാസികള്‍ സ്വന്തം നാടുകളിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാക്കി എം.പിമാര്‍.

കുവൈറ്റ് : കുവൈറ്റില്‍ നിന്ന് പ്രവാസികള്‍ സ്വന്തം നാടുകളിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാക്കി എം.പിമാര്‍. ഇക്കാര്യം അടിയന്തരമായി പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഏഴ് എം.പിമാര്‍ കത്തുനല്‍കി. നേരത്തെ ചര്‍ച്ച ജൂണിലേക്ക് മാറ്റിവെച്ചിരുന്നു. ഇതിനെതിരെയാണ് എംപിമാരുടെ നീക്കം.


പാര്‍ലമെന്റ് അംഗങ്ങളായ ഖാലിദ് അല്‍ സലാഹ്, ഉമര്‍ അല്‍ തബ്തഇ, ഫറാജ് അല്‍ അര്‍ബീദ്, ഹമൂദ് അല്‍ ഖുദൈര്‍, അഹ്മദ് അല്‍ ഫാദില്‍, സലാഹ് ഫുര്‍ഷിദ്, സഫ അല്‍ ഹാശിം എന്നിവരാണ് വിഷയം അടിയന്തരമായിത്തന്നെ ചര്‍ച്ച ചെയ്യണമെന്ന ആവശ്യമുയര്‍ത്തിയിരിക്കുന്നത്.

420 കോടി ദിനാറാണ് പ്രവാസികള്‍ കഴിഞ്ഞ വര്‍ഷം മാത്രം രാജ്യത്ത് നിന്ന് പുറത്തേക്ക് അയച്ചതെന്നും അതുകൊണ്ട് രാജ്യത്തിന് യാതൊരു ഗുണവും ഉണ്ടായിട്ടില്ലെന്നും സഫ അല്‍ ഹാശിം പറഞ്ഞു.

ഓരോ വര്‍ഷവും പ്രവാസികള്‍ അയക്കുന്ന പണത്തില്‍ കാര്യമായ വര്‍ദ്ധനവുണ്ടാകുന്നുണ്ട്. 1900 കോടി റിയാല്‍ അഞ്ച് വര്‍ഷത്തിനിടെ അയച്ചിട്ടുണ്ട്. ഇതിന് നികുതി ഏര്‍പ്പെടുത്തിയിരുന്നെങ്കില്‍ സര്‍ക്കാറിന് പുതിയൊരു വരുമാന മാര്‍ഗമായി മാറുമായിരുന്നുവെന്നും അല്‍ ഹാശിം പറയുന്നു.

നേരത്തെ പാര്‍ലമെന്റിന്റെ ധന-സാമ്പത്തികകാര്യ സമിതിയാണ് നികുതി നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. തുടര്‍ന്ന് ഇപ്പോള്‍ ഇത് പാര്‍ലമെന്റിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്. പാര്‍ലമെന്റ് ഈ സെഷനില്‍ തന്നെ വിഷയം ചര്‍ച്ച ചെയ്യാന്‍ നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് ജൂണിലേക്ക് മാറ്റുകയായിരുന്നു

RELATED STORIES