സമര്‍ത്ഥനായ ലേഖകന്‍റെ എഴുത്തുകോലിനെ പരിശുദ്ധാത്മാവ് നിയന്ത്രിക്കട്ടെ

						കൊച്ചുമോന്‍, ആന്താരിയേത്ത്.

    എന്ത് ഉടുക്കും എന്ത് കഴിക്കും എന്നു ചിന്തിച്ച നമ്മുടെ പിതാക്കന്മാരുടെ കാലം മാറി, കഥ മാറി, കോലം മാറി. പുതുതലമുറ നവമാധ്യമങ്ങളില്‍ "ഇന്ന്" എന്ത് എഴുതും എന്ത് പറയണം അത് പ്രചരിപ്പിച്ച് കമന്‍റ് സ്വീകരിച്ച് ആത്മ സംതൃപ്തി നേടുന്ന യുവതലമുറ സമര്‍ത്ഥനായ ലേഖകന്‍റെ എഴുത്തു കോലിന്‍റെ അളവുകോല്‍ പരിശുദ്ധാത്മ നിയന്ത്രിതമാകട്ടെ. പുതിയ നിയമസഭയുടെ ശക്തനായ എഴുത്തുകാരന്‍, മൂന്നാം സ്വര്‍ഗ്ഗത്തോളം എടുക്കപ്പെട്ടവന്‍. ഒട്ടനവധി സഭകള്‍ സ്ഥാപിച്ചവന്‍, കര്‍ത്താവില്‍ നിന്നും  പ്രാപിച്ചവന്‍, പുതിയ നിയമത്തില്‍ 14 ഓളം ലേഖനങ്ങള്‍ എഴുതാന്‍ പൗലോസിനെ ശക്തീകരിച്ചത് തൂലിക പരിശുദ്ധാത്മാവ് ആണ്.

വായില്‍ വരുന്നത് കോതക്ക് പാട്ടുപോലെ എന്ന് വിഢിത്തരവും എഴുതുകയും അത് ക്രൈസ്തവ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നത് അപമാനമാണ്, അപലപനീയമാണ്. ഒരു വ്യക്തിക്ക് എഴുതുവാനുള്ള കഴിവ് തരുന്നത് ദൈവത്തില്‍ നിന്നും ആണ്. ആ കഴിവ് ദൈവനാമ മഹത്വത്തിനായി പ്രയോഗിക്കണം. ലേഖനം വായിക്കുന്ന ആളിന്‍റെ ആത്മീയ പ്രചോദനത്തിനും, മാനസാന്തരത്തിനും മുഖാന്തരം ആയിതീരണം എഴുത്തുകള്‍. മറിച്ച് വ്യക്തിഹത്യ നടത്തി ഒരുവനെ കൊച്ചാക്കുന്നതും, പിന്‍മാ റ്റത്തിലേക്ക് നയിക്കുന്നതും ആയിരിക്കരുത്.

തീയുടെ രണ്ട് സ്വഭാവ സവിശേഷതകള്‍:  1). ശുദ്ധിയില്ലാത്തതിനെ ദഹിപ്പിക്കുകയും 2). ദഹിപ്പിക്കാന്‍ പറ്റാത്തതിനെ ശുദ്ധീകരിക്കും. അതെ നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്നിയല്ലോ. പരിശുദ്ധാത്മാവിന്‍റെ അഗ്നിയില്‍ ശുദ്ധീകരിക്കപ്പെട്ട എഴുത്തുകള്‍ അനേകര്‍ക്ക് ആശ്വാസത്തിനും അനുഗ്രഹത്തിനും വിടുതലിനും  മുഖാന്തരമായി തീരും. തീയില്‍ കുരുത്തത് വെയിലത്ത് വാടാത്തതുപോലെ അങ്ങനെയുള്ള എഴുത്തുകള്‍. എന്‍റെ ഹൃദയം ശുഭവചനത്താല്‍ കവിയുന്നു, എന്‍റെ കൃതി രാജാവിനു വേണ്ടിയുള്ളത് എന്ന് ഞാന്‍ പറയുന്നു. എന്‍റെ നാവ് സമര്‍ത്ഥനായ ലേഖകന്‍റെ എഴുത്തുകോല്‍ ആകുന്നു (സങ്കി. 45:1).

ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം അവന്‍റെ രചനകളില്‍ ദൈവം ശാസ്ത്രപരമായ നൂതന ആശയങ്ങള്‍ അവതരിപ്പിക്കുന്നവര്‍ ഉണ്ട്. ഒരു പ്രത്യേക വിഷയത്തെ അധിഷ്ഠിതമാക്കി ചിന്തകള്‍ എഴുതുന്ന വര്‍ ഉണ്ട്. പ്രായോഗിക ജീവിതത്തില്‍ മനസിലായിരിക്കേണ്ട വിവിധ വിഷയങ്ങള്‍ വേദപുസ്തക അടിസ്ഥാന ത്തില്‍ രേഖപ്പെടുത്തുന്നവര്‍ ഉണ്ട്. കുടുംബ ജീവിതവുമായി എഴുതുന്നവര്‍ ഉണ്ട്. മറ്റ് മതഗ്രന്ഥങ്ങളില്‍ നിന്നും  ദൈവവചനം എങ്ങനെ വ്യത്യസ്തപ്പെട്ടിരിക്കുന്നു എന്ന് സൂക്ഷ്മമായി അവലോകനം ചെയ്യുന്നവര്‍ ഉണ്ട്.  ഏതു തരത്തിലുള്ള എഴുത്തുകള്‍ ആയാലും "മഴ പെയ്തു തീര്‍ന്നാലും മഴ പെയ്തു കൊണ്ടിരിക്കും" എന്നതു പോലെ, ഒരു ലേഖനം വായിച്ചു തീര്‍ന്നാലും അതിലെ ആഴമായ ചിന്തകള്‍ മനസ്സില്‍ പെയ്തു കൊണ്ടിരിക്കും.

പ്രവര്‍ത്തിയില്ലാത്ത പ്രസംഗം പോല്‍, ജീവിതമില്ലാത്ത എഴുത്തുകാര്‍ എഴുതിയിട്ട് എന്ന് പ്രചോദനം, ആര്‍ക്ക് പ്രയോജനം. ഞാന്‍ ക്രിസ്തുവിന്‍റെ അനുകാരികള്‍ ആയിരിക്കുന്നതുപോലെ നിങ്ങള്‍ എന്‍റെ അനു കാരികള്‍ ആയിരിപ്പിന്‍ എന്ന അപ്പോസ്തോലനായ പൗലോസിന്‍റെ ആഹ്വാന മനസ്ഥിതിയായിരിക്കണം എല്ലാ എഴുത്തുകാര്‍ക്കും ഉണ്ടായിരിക്കണ്ടത്.

നാം ക്രിസ്തുവിന്‍റെ പത്രങ്ങള്‍ ആണല്ലോ നമ്മില്‍ കൂടെ മറ്റുള്ളവര്‍ ക്രിസ്തുവിനെ വായിച്ചറിയട്ടെ. ആ പത്രത്തില്‍ ആലേഖനം ചെയ്യുന്ന എഴുത്തുകള്‍ ക്രിസ്തുവിനെ കുറിച്ചാകട്ടെ. ഒരു പാപിയെ മാനസാ ന്തരത്തിലേക്ക് നയിച്ച് അവനെ നിത്യതയില്‍ എത്തിക്കാന്‍ സാധിച്ചാല്‍ നമ്മുടെ എഴുത്ത് ഫലവത്തായി നിത്യതയില്‍ അതിന് പ്രതിഫലം ഉണ്ട് നിശ്ചയം. ദൃശ്യമാധ്യമങ്ങളുടെ അതിപ്രസരണം മൂലം, ഈ ഡിജിറ്റല്‍ യുഗത്തില്‍ ആര്‍ക്കും ഒന്നിനും സമയം തികയാതെ പോകുമ്പോള്‍ "വായന മരിക്കുന്നു". 21 -ാം നൂറ്റാണ്ടില്‍ അതിനെ പുനര്‍ ജീവിപ്പിക്കാന്‍ സാധിക്കണമെങ്കില്‍ ഈടുറ്റ മികവുറ്റ ആശയങ്ങള്‍ അനാവര്‍ണ്ണം ചെയ്യപ്പെടുന്ന സമര്‍ത്ഥനായ ലേഖകന്‍റെ തൂലികയ്ക്കു മാത്രമേ സാധിക്കുകയുള്ളു.

അക്ഷരത്തിലൂടെ ആത്മാക്കളെ നേടുക എന്ന ദൗത്യത്തിലൂടെ അഹോരാത്രം പ്രതിഫലേശ്ച കൂടാതെ  പ്രവര്‍ത്തിക്കുന്ന നമ്മുടെ ക്രിസ്തീയ പ്രസിദ്ധീകരണങ്ങളെയും എഴുത്തുകാരെയും പ്രശംസിക്കുന്നതിനോ ടൊപ്പം, വേദപുസ്തകം ചെന്നെത്തിയിട്ടില്ല. ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യുന്ന നമ്മുടെ സഹോദരങ്ങള്‍ ക്കായ് പ്രാര്‍ത്ഥിക്കേണ്ടതാകുന്നു. അതെ സമയം നൂറു ശതമാനം സാക്ഷരതയുള്ള 'ദൈവത്തിന്‍റെ സ്വന്തം നാടായ' കൊച്ചു കേരളത്തില്‍ പോലും 3 വയസ്സുള്ള പിഞ്ചു കുഞ്ഞുങ്ങളെ പോലും പീഡിപ്പിച്ചു കൊല്ലാന്‍ ശ്രമിക്കുന്ന വൈകല്യമുള്ള മനസുകളെ നേരെയാക്കാന്‍ പ്രാര്‍ത്ഥനയോടുകൂടിയ തൂലികയെന്ന പടവാള്‍ എടുത്തു പടവെട്ടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. 

പട ചേര്‍ത്തവനെ പ്രസാദിപ്പിക്കേണ്ട നാം, എഴുത്തിലൂടെ സ്വയം പ്രശംസയും വ്യക്തിഹത്യയും നടത്തി, കൂട്ടുസഹോദരനെ ചെളിവാരിത്തേച്ച് സ്വയം നാറാതെ, ദൈവനാമത്തിന് ദുഷ്പേര് ഉണ്ടാകാതെ, "ആ" പ്രവ ര്‍ത്തിയില്‍ നിന്നും പിന്‍മാറേണ്ടത് അനിവാര്യമാണ്. നാം എന്ത് എഴുതുന്നതിനു മുമ്പ് ഒന്ന് ആലോചിക്കുക ഇതില്‍ ദൈവം പ്രസാധിക്കുമോ. വിമര്‍ശനങ്ങള്‍ നല്ലതാണ്. പക്ഷേ അത് ആരോഗ്യപരമായിരിക്കണം. അനര്‍ത്ഥം വിളിച്ചുവരുത്തുന്നത് ആയിരിക്കരുത്.

അറിവിന്‍റെ വാതായനങ്ങള്‍ തുറന്ന് ആഴിയുടെ ആഴങ്ങളില്‍ നിന്നും മുത്തുകള്‍ വാരിയെടുക്കുന്ന ബുദ്ധിശാലിയായിരിക്കണം എഴുത്തുകാരന്‍. ദൈവം നമ്മുടെ അവസ്ഥകള്‍ക്ക് വ്യത്യാസം വരുത്തുമ്പോള്‍ വ്യവസ്ഥകള്‍ മാറ്റാതെ തിരുനാമ മഹത്വത്തിനായി എഴുതാം.

അസാമാന്യ കഴിവുകള്‍ ഉള്ള ഒരു അസാധാരണ തലമുറയാണ് ഇന്നതേത്. ഈ തലമുറ വഷളത്വം നിറഞ്ഞതാണ്. ഈ വഷളത്വം നിറഞ്ഞ തലമുറയുടെ നടുവിലും "ഇതാ തനിച്ചു പാര്‍ക്കുന്നോരു ജനം (സംഖ്യ 23:9) എന്ന് ദൈവ വചനത്തില്‍ പറയുന്നതുപോലെ വിശുദ്ധിക്കും വേര്‍പാടിനും വില കൊടു ക്കുന്ന ഒരു കൂട്ടത്തിന് ഇന്നും ഈടുറ്റ എഴുത്തുകളും പുസ്തകങ്ങളും അത്യന്താപേക്ഷിതമാണ്. ഭൂരിപക്ഷത്തെ ചേര്‍ക്കാനല്ല ന്യൂനപക്ഷത്തെ കര്‍ത്താവിനായി കാത്തിരിക്കുന്ന എണ്ണയോടുകൂടി വിളക്കെടുക്കുന്ന ബുദ്ധിയുള്ള കന്യകയെ ചേര്‍ക്കാനാണ് കര്‍ത്താവ് വരുന്നത്. അവന്‍റെ മുന്‍പില്‍ മറഞ്ഞിരിക്കുന്നത് ഒന്നും ഇല്ല. നമ്മുടെ ജീവിതവും പ്രവര്‍ത്തിയും എഴുത്തും എല്ലാം അവന്‍ അറിയുന്നു. 

ഇക്കിളിപ്പെടുത്തുന്ന  ലേഖനങ്ങള്‍ അല്ല ഇന്നിന്‍റെ ആവശ്യം ലോകരക്ഷിതാവിനെ 'ക്രിസ്തു'വിനെ ഉയര്‍ത്തുന്നതും പരിചയപ്പെടുത്തുന്നതും ആണ് പരമപ്രധാനം. എരുതീയില്‍ എണ്ണ ഒഴിക്കുന്നതിനു പകരം സമാധാനപ്പെടുത്തുന്ന, സാന്ത്വനം പകരുന്ന, മാനസാന്തരത്തിലേക്ക് നയിക്കുന്ന, നിത്യതയ്ക്ക് വഴിയൊരുക്കുന്ന തൂലിക ചലിപ്പിക്കുന്ന സമര്‍ത്ഥരായ ലേഖകള്‍ ആയി ദൈവം നമ്മെ തീര്‍ക്കട്ടെ. 

RELATED STORIES