ഉഷ്ണതരംഗം മൂലം ബീഹാറില്‍ മരണം 184 ആയി
Author:Dr. Jipson LawranceReporter:Dr. Jipson Lawrance 19-Jun-2019

പട്ന : കടുത്ത ചൂടില്‍ വലയുകയാണ് ബീഹാര്‍ സംസ്ഥാനം. സംസ്ഥാനത്തെ വിവിധയിടങ്ങളിലായി ഉഷ്ണ തരംഗത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 184 കടന്നിരിക്കുകയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചൂടു രേഖപ്പെടുത്തിയിരിക്കുന്നത് ഗയയിലാണ്. ഇവിടെ 35 പേരാണ് സൂര്യാഘാതമേറ്റ് മരിച്ചിരിക്കുന്നത്. അതിനാൽ തന്നെ ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഔറംഗബാദ്, നവാഡ എന്നീ പ്രദേശങ്ങളിലും കടുത്ത ചൂടാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. 45 ഡിഗ്രി താപനിലയ്ക്ക് മുകളിലാണ് ബീഹാറില്‍ കഴിഞ്ഞ 4 ദിവസമായി രേഖപ്പെടുത്തിയിരിക്കുന്നത്. വരും ദിവസങ്ങളിലും ഉഷ്ണതരംഗം കൂടുതലായി ഉണ്ടാകുമെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നൂറിലേറെ പേര് സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നുമുണ്ട്.
ഉഷ്ണതരംഗത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ 4 ലക്ഷം രൂപ നഷ്ടപരിഹാരമായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബീഹാറിലെ സംഭവം ദൗര്‍ഭാഗ്യകരമാണെന്നും ജനങ്ങള്‍ വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നത് കുറയ്ക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്ഷവര്ദ്ധൻ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ബീഹാറിന് പുറമെ രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലും 40 ഡിഗ്രിക്ക് മുകളിലാണ് താപനില. കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ ഇന്ത്യയിലെ 10 സ്ഥലങ്ങളിൽ ഭൂലോകത്ത് തന്നെ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയിരുന്നെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. 72 മണിക്കൂറിൽ 90 പേരെങ്കിലും ഉഷ്ണതരംഗത്തിൽ മരണപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.