ബീഹാറിൽ മസ്തിഷ്‌ക ജ്വരം: ലിച്ചിപ്പഴങ്ങള്‍ ശാസ്ത്രീയ പരിശോധന നടത്തും

ഭുവനേശ്വര്‍: ബിഹാറില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച്‌ ഇതുവരെ മരണപ്പെട്ടിരിക്കുന്നത് 109 കുട്ടികളാണ്. മൂന്നൂറിലേറെ കുട്ടികള്‍ ഇപ്പോഴും രണ്ട് ആശുപത്രികളിലായി ചികില്‍സയിലും കഴിയുകയാണ്. കുട്ടികള്‍ മരിക്കാനിടയായത് ലിച്ചിപ്പഴം കഴിച്ചതു കൊണ്ടാണെന്ന തരത്തില്‍ ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തില്‍ ലിച്ചിപ്പഴത്തില്‍ ശരീരത്തിന് ഹാനികരമായ വിഷവസ്തുക്കളുണ്ടോ എന്ന് പരിശോധിക്കാന്‍ ഒഡീഷ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. 
ബീഹാര്‍ പഴ വിപണിയില്‍ വില്‍പന നടത്തുന്ന ലിച്ചിപ്പഴങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ഒഡീഷ ആരോഗ്യമന്ത്രി നവകിഷോര്‍ ദാസ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ചില പ്രത്യേകതരം ലിച്ചിപ്പഴങ്ങളിലുള്ള ഘടകങ്ങള്‍ മനുഷ്യ ശരീരത്തിന് വെറുംവയറ്റിൽ കഴിച്ചാൽ ഹാനികരമാകുന്നതായി മുമ്പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇത്തരത്തിൽ ലിച്ചിപ്പഴം കഴിച്ച കുട്ടികള്‍ക്കാണ് മസ്തിഷ്‌ക ജ്വരം ബാധിച്ചതെന്നും ചില ആരോഗ്യ വിദഗ്ധര്‍ സോഷ്യൽമീഡിയയിലൂടെ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

ലിച്ചി പഴം വെറും വയറ്റിൽ കഴിക്കുന്നത് നിര്‍ജ്ജലീകരണത്തിന് കാരണമാകുമെന്നും ബീഹാറിലെ ചൂടുകൂടിയ ഈ കാലാവസ്ഥയും ഇതിന് കാരണമാകുമെന്നും ചില ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്. വെറുവയറ്റിൽ കഴിക്കുമ്പോള്‍ ലിച്ചിപഴം ഒരു വിഷവിസ്തുവിന്‍റെ ഫലം ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും, വിദഗ്ധര്‍ പറയുന്നു. 

മുസാഫര്‍പൂരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാത്രം മസ്തിഷ്കജ്വരം ബാധിച്ച് 89 കുട്ടികളാണ് മരിച്ചിട്ടുള്ളത്. ശ്രീകൃഷ്ണ ആശുപത്രി സന്ദര്‍ശിക്കാനെത്തിയ ബീഹാര്‍ മുഖ്യമന്ത്രി നിധീഷ് കുമാറിനെതിരെ നാട്ടുകാ‍ര്‍ പ്രതിഷേധവുമായെത്തുകവരെയുണ്ടായി. മുസഫര്‍പൂരിലെ ആശുപത്രികളില്‍ കൂടുതല്‍ സൗകര്യം വേണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ പൊതു താല്‍പര്യ ഹര്‍ജി നല്‍കിട്ടുമുണ്ട്. ഈ വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടിട്ടുണ്ട്. 

RELATED STORIES