കുവൈത്തിൽ അനധികൃത ചാരിറ്റി പ്രവർത്തനങ്ങൾക്കെതിരെ നടപടി ശക്തമാക്കുന്നു

കുവൈത്തിൽ അനധികൃത ചാരിറ്റി പ്രവർത്തനങ്ങൾക്കെതിരെ നടപടി ശക്തമാക്കുന്നു. അനുമതിയില്ലാതെയുള്ള ധനസമാഹരണം അനുവദിക്കരുതെന്നാണ് സർക്കാർ നിലപാട്. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച പ്രത്യേക തീരുമാനങ്ങൾ ഉണ്ടാകുമെന്നു അൽ ഖബ്സ് പത്രം റിപ്പോർട് ചെയ്തു.


ചാരിറ്റി പ്രവർത്തനങ്ങളുടെ സുതാര്യത ഉറപ്പാക്കുന്നതിനായി എന്തൊക്കെ നടപടികളാണ് കൈക്കൊള്ളേണ്ടതെന്ന കാര്യം മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കും. ചാരിറ്റി അനധികൃത ധനസമാഹരണം പോലുള്ളവ തടയാനും ബന്ധപ്പെട്ട വകുപ്പുകൾക്ക് കർശന നിർദേശം നല്‍കുമെന്നാണ് സൂചനകൾ. കുവൈത്തിനെ രഹസ്യ പ്രവർത്തനങ്ങൾക്കുള്ള ഇടമാക്കുന്നത് തടയുകയാണ് ലക്ഷ്യം.

രാഷ്ട്രീയപരമായ കാര്യങ്ങൾക്ക് സാമ്പത്തിക സമാഹരണം നടത്താൻ അനുവദിക്കില്ല. സംശയകരമായ പ്രവർത്തനങ്ങൾ നടത്തുന്നവരെ അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കും. സുഹൃദ് രാജ്യങ്ങളിൽനിന്നുള്ളവരായാലും വിട്ടു വീഴ്‌ച ഉണ്ടാകില്ല. സംശയകരമായ സംഘടനകൾക്കും സ്ഥാപനങ്ങൾക്കും കുവൈത്തിൽ നിന്ന് പണമയക്കുന്നത് നിയന്ത്രിക്കാൻ തൊഴിൽ സാമൂഹിക ക്ഷേമ മന്ത്രാലയവുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയം നടപടി സ്വീകരിക്കും.

വിദേശികൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പണം പിരിക്കുന്നത് ഓരോത്തരുടെയും ഇഖാമയുമായി ബന്ധപ്പെടുത്തി സൂക്ഷ്മമായി നിരീക്ഷിക്കും. കുറ്റക്കാരെന്ന് കണ്ടാൽ ഉടൻ നടപടി സ്വീകരിക്കും. ബ്രദർഹുഡ് പ്രവർത്തകരായ എട്ടു ഈജിപ്ത് പൗരന്മാരെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. ഈജിപ്ത് ഇൻറർ പോളിൻറെ നിർദേശത്തെ തുടർന്നാണ് കുവൈത്ത് പൊലീസ് എട്ടംഗ സംഘത്തെ കസ്റ്റഡിയിലെടുത്തത്.

RELATED STORIES