കുട്ടിക്കാനത്ത് ചരക്കു‍ലോറി മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു

കുട്ടിക്കാനം: ഇടുക്കി കുട്ടിക്കാനത്ത് ചരക്കുലോറി മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. തമിഴ്നാട് മധുര സ്വദേശി ഭൂമിരാജൻ, ദിനേശൻ, സുബ്രഹ്മണ്യൻ എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടിന് കോട്ടയം-കുട്ടിക്കാനം പാതയിലെ വളഞ്ഞങ്ങാനത്തു വച്ചാണ് അപകടം ഉണ്ടായത്. തമിഴ്നാട്ടിൽ നിന്ന് കോട്ടയത്തേക്ക് തേങ്ങയുമായി പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിയതാകാം അപകട കാരണമെന്ന് പോലീസ് അറിയിച്ചു. മരിച്ച ഭൂമിരാജൻ്റെ കുടുംബവുമായി പോലീസ് ബന്ധപ്പെട്ടു. മറ്റുള്ളവരുടെ കുടുംബത്തെ ബന്ധപ്പെടാനുള്ള നടപടികള്‍ ആരംഭിച്ചു. മൃതദേഹങ്ങള്‍ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായ ശേഷം മൃതദേഹം പോസ്റ്റ്‍മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും. മുൻപും കോട്ടയം-കുട്ടിക്കാനം പാതയിൽ നിരവധി അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

RELATED STORIES