ചന്ദ്രയാൻ 2: വിക്രം ലാൻഡറിൻ്റെ ആദ്യ ഭ്രമണപഥം താഴ്ത്തൽ വിജയകരം

ബെംഗലൂരു: ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 2 ലെ വിക്രം ലാൻഡറിൻ്റെ ആദ്യം ഭ്രമണപഥം താഴ്ത്തൽ വിജയകരമെന്ന് ഐഎസ്ആര്‍ഒ. ഇന്ന് രാവിലെ 8.50 നാണ് ഭ്രമണപഥം താഴ്ത്തൽ പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇന്നലെ പേടകത്തിൽ നിന്ന് വിക്രം ലാൻഡര്‍ വേര്‍പെട്ട് സ്വതന്ത്ര സഞ്ചാരം ആരംഭിച്ചിരുന്നു. 

ഇന്നലെ ഉച്ചയ്ക്ക് 1.15 നാണ് ഓര്‍ബിറ്ററും വിക്രം ലാൻഡറും പേടകത്തിൽ നിന്ന് വേര്‍പെട്ടത്. നിലവിൽ ചന്ദ്രനിൽ നിന്ന് 104 കിലോമീറ്റര്‍ അടുത്ത ദൂരവും 128 കിലോമീറ്റര്‍ അകന്ന ഭ്രമണപഥത്തിലാണ് വിക്രം ലാൻഡര്‍. നാളെ ഉച്ചയ്ക്ക് ശേഷം 3.30 ന് ചന്ദ്രനിൽ നിന്ന് 36 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലേക്ക് ലാൻഡറിനെ മാറ്റും. 

സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെ 1.30 നും 2.30 നും ഇടയിലായിരിക്കും വിക്രം ലാൻഡർ ചന്ദ്രൻ്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുക. ഇതിന് മുന്നോടിയായി വിക്രം ലാൻഡറിൻ്റെ വേഗത സ്വയം ഡീബൂസ്റ്റ് ചെയ്തു കുറയ്ക്കണം. ദക്ഷിണ ധ്രുവത്തിലെ മാൻസിനസ് സി, സിംപെലിയസ് എൻ എന്നീ ക്രേറ്ററുകൾക്കിടയിലാണ് ലാൻഡർ ഇറങ്ങുന്നത്. 

ജൂലൈ 22 നാണ് ചന്ദ്രയാന്‍-2 ൻ്റെ വിക്ഷേപണം നടന്നത്. നേരത്തെ ജൂലൈ 15 ന് വിക്ഷേപിക്കാൻ തീരുമാനിച്ചെങ്കിലും സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. അതേസമയം സോഫ്റ്റ് ലാൻ്റിങ് പ്രക്രിയയെ ഏറ്റവും ഭയത്തോടെ നോക്കിക്കാണുന്ന നിമിഷമാണെന്ന് ഐഎസ്ആർഒ ഡയറക്ടർ ഡോ കെ ശിവൻ വ്യക്തമാക്കിയിട്ടുണ്ട്. സെപ്റ്റംബര്‍ ഏഴിന് ദൗത്യം വിജയിച്ചാൽ റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ചന്ദ്രന്‍റെ ഉപരിതലത്തില്‍ സോഫ്റ്റ്‍ലാന്‍ഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. 

RELATED STORIES