തമിഴ്‌നാട് പ്രത്യേക പരിശീലനം കിട്ടിയ ആനപിടുത്ത സംഘത്തെ ഇറക്കുന്നു

ജനവാസമേഖലയില്‍ ഇറങ്ങുകയും ഒരാളുടെ മരണത്തിന് കാരണമാകുകയും ചെയ്ത അരികൊമ്പനെ കണ്ടെത്താനും പിടികൂടാനുമായി തമിഴ്‌നാട് പ്രത്യേക പരിശീലനം കിട്ടിയ ആനപിടുത്ത സംഘത്തെ ഇറക്കുന്നു. ആനയെ പിടിക്കാനും മെരുക്കാനും പ്രത്യേകം പരിശീലനം നേടിയിട്ടുള്ള ആദിവാസി വിഭാഗത്തില്‍ നിന്നുള്ള അഞ്ചുപേര്‍ അടങ്ങുന്ന സംഘത്തെയാണ് കൊണ്ടുവരുന്നത്.


മുതുമല കടുവസങ്കേതത്തില്‍ നിന്നുള്ള മീന്‍കാളന്‍, ബൊമ്മന്‍, സുരേഷ് , ശിവ, ശ്രീകാന്ത് എന്നിവരാണ് അഞ്ചംഗ സംഘം. ഇവര്‍ക്ക് പുറമേ വെറ്റിനറി സര്‍ജന്‍ ഡോ. രാജേഷും ഇവര്‍ക്കൊപ്പമുണ്ട്. സഞ്ചാരപാത നോക്കി പിന്തുടര്‍ന്ന് ഇവര്‍ ആനയെ കണ്ടെത്തും. കഴിഞ്ഞദിവസം കാടുവിട്ട് നാട്ടിലേക്ക് ഇറങ്ങിയ അരികൊമ്പന്‍ കമ്പത്ത് ജനവാസമേഖലയില്‍ ഇറങ്ങുകയും തെരുവിലൂടെ നടക്കുകയൂം ചെയ്തിരുന്നു. ആനയ്ക്ക് എതിരേ ബൈക്കില്‍ വന്നയാളെ തട്ടിയിട്ടു പരിക്കേല്‍പ്പിക്കുകകയും ഇയാള്‍ പിന്നീട് മരണമടയുകയും ചെയ്തു.

കാട്ടിലേക്ക് വീണ്ടും കയറിയ ആന ഇനിയും തിരിച്ചുവരാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. അതിര്‍ത്തി കടന്നു തമിഴ്‌നാട്ടിലെ കാര്‍ഷിക മേഖലയിലെത്തിയ അരിക്കൊമ്പന്‍ പച്ചക്കറിയും മുന്തിരിയുമൊക്കെയാണ് ആഹാരമാക്കി മാറ്റിയിരിക്കുന്നത്. കൃഷിയിടങ്ങളും അരിക്കൊമ്പന്‍ കണ്ടെത്തിക്കഴിഞ്ഞു. ഈ മാസം 28 നാണ് അരിക്കൊമ്പന്‍ കമ്പം ടൗണിനെ മുള്‍മുനയില്‍ നിര്‍ത്തി ജനങ്ങളെ ഭീതിയിലാഴ്ത്തിയത്. അരിക്കൊമ്പന്‍ പ്രശ്‌നക്കാരനായതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നും നിരീക്ഷണം ഏര്‍പ്പെടുത്തണമെന്നും തമിഴ്‌നാട് വനം വകുപ്പ് അധികാരി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതുമെല്ലാം മണിക്കൂറുകള്‍ക്കുള്ളില്‍ കഴിഞ്ഞു.

ആനയെ മയക്കു വെടിവയ്ക്കാന്‍ ഉത്തരവ് തമിഴ്‌നാട് ഇറക്കിയെങ്കിലും. മയക്കുവെടി വയ്ക്കാനും പിടിച്ച് ഉള്‍വനത്തില്‍ കൊണ്ടുവിടാനുള്ള എല്ലാ സംവിധാനങ്ങളുമായി സായുധസംഘം ഞായറാഴ്ച സന്ധ്യവരെ കാത്തുനിന്നത് വെറുതെയായി. ഞായറാഴച കാട് കയറിയ അരികൊമ്പന്‍ ഇന്നലെ വീണ്ടും ജനവാസ മേഖലയിലെത്തി. ആനയെ കൂട്ടിലടയ്ക്കരുതെന്ന നിയമോപദേശം കൂടി ലഭിച്ചതോടെ വനംവകുപ്പ് കൂടുതല്‍ പ്രതിസന്ധിയിലായി. കമ്പം ടൗണിലിറങ്ങിയ ആന ശാന്തനായി നടന്നുനീങ്ങുന്നതിനിടെയാണ് ആള്‍കൂട്ടം ആരവവുമായി പിന്നാലെ കൂടിയത്. ഇതോടെ ആന നടത്തത്തിന്റെ വേഗത കുട്ടി. വാഹനങ്ങളുടെ ഹോറണ്‍ മുഴക്കിയതും അളുകള്‍ നാലു ഭാഗത്തേക്കും ചിതറി ഓടിയതുമെല്ലാം കണ്ട് അരിക്കൊമ്പന്‍ വിരണ്ടു.

തമിഴ്‌നാട് മന്ത്രിയും ആനവിരണ്ടോടുകയായിരുന്നു എന്ന് പറഞ്ഞിരുന്നു. ഇത്രയൊക്കെ പ്രകോപനമുണ്ടായിട്ടും അരിക്കൊമ്പന്‍ ആരെയും ആക്രമിച്ചില്ല. ചൊവ്വാഴ്ചവരെ കമ്പത്ത് നിരോധനാജ്ഞയാണ്. ഇന്നുംകൂടി ദൗത്യസംഘം കമ്പത്തുണ്ടാകും. വനംവകുപ്പിന്റെ നിര്‍ദ്ദേശമനുസരിച്ചായിരിക്കും അടുത്ത നീക്കം. രണ്ട് ദിവസമായി തമിഴ്‌നാടിനെ വിറപ്പിച്ച അരിക്കൊമ്പന്‍ ഷണ്മുഖ നദി അണക്കെട്ട് പരിസരത്ത് വെള്ളം കുടിച്ചും, ഭക്ഷണം തേടിയും തമ്പടിച്ചിരിക്കുകയാണ്. മേഘമലയില്‍നിന്നും അഞ്ച് കിലോമീറ്റര്‍ സഞ്ചരിച്ചാണ് കൊമ്പന്‍ ഇവിടെയെത്തിയത്. വീണ്ടും ജനവാസ മേഖലയിലേക്ക് ഇറങ്ങിയാല്‍ മാത്രമേ മയക്കുവെടിവച്ച് പിടികൂടി മേഘമലയിലെ ഉള്‍വനത്തിലേക്കു കൊണ്ടുപോകൂ എന്ന നിലപാടിലാണ് തമിഴ്‌നാട് വനം വകുപ്പ്.

ഇന്നലെ പുലര്‍ച്ചെ ചുരുളിപെട്ടിക്കു സമീപം, ഒന്നര കിലോമീറ്ററോളം ഉള്ളിലായി വനമേഖലയിലാണ് അരിക്കൊമ്പന്‍ നിലയുറപ്പിച്ചിരുന്നത്. പിന്നീട് കൂതാനാച്ചി ക്ഷേത്രത്തിന് 200 മീറ്റര്‍ അടുത്തുവരെ ആന എത്തി. മണിക്കൂറുകളോളം ജനവാസ മേഖലയോട് ചേര്‍ന്ന് നിലയുറപ്പിച്ചശേഷം വീണ്ടും ദിശ മാറി സഞ്ചരിക്കുകയായിരുന്നു. ആന ജനവാസമേഖലയോട് അടുത്ത സാഹചര്യത്തില്‍ കേരള- തമിഴ്‌നാട് വനംവകുപ്പുകള്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മയക്കുവെടി വയ്ക്കാനുള്ള വിദഗ്ധസംഘം സ്ഥലത്ത് തുടരുകയാണ്. ആനയെ നിരീക്ഷിക്കാനായി 150 അംഗ വനപാലകസംഘവും പ്രദേശത്തുണ്ട്.

RELATED STORIES