എം.ഡി.എം.എയുമായി യുവതികളെ പിടികൂടി

തൃശ്ശൂർ:  അതിമാരക സിന്തറ്റിക് മയക്കുമരുന്നായ 17.5 ഗ്രാം എം.ഡി.എം.എയുമായി യുവതികളെ ചൂണ്ടലില്‍ നിന്നും ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടി. പിടിയിലായ ചൂണ്ടല്‍ പുതുശേരി സ്വദേശി കണ്ണോത്ത് വീട്ടില്‍ സുരഭി (23), വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ കണ്ണൂര്‍ ആലക്കോട് കരുവഞ്ചാ സ്വദേശി തോയല്‍ വീട്ടില്‍ പ്രിയ (30) എന്നിവരെ കുന്നംകുളം സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ. ഷാജഹാന്‍, പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ. ഷിജു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.


കഴിഞ്ഞ രാത്രി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡിലെ എസ്‌ഐമാരായ സുവൃത്കുമാര്‍, രാഗേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ പഴനിസ്വാമി, വിപിന്‍ദാസ്, സുജിത്ത് എന്നിവരടങ്ങുന്ന സംഘം മയക്കുമരുന്ന് വാങ്ങനെന്ന വ്യാജേനയാണ് യുവതികളെ പിന്തുടര്‍ന്ന് ചൂണ്ടല്‍ ഗുരുവായൂര്‍ റോഡില്‍ കൂനംമുച്ചിയില്‍നിന്നാണ് പാന്റിന്റെ പോക്കറ്റിലായി സൂക്ഷിച്ച 17.5 ഗ്രാം അതിമാരക സിന്തറ്റിക് മയക്ക് മരുന്നായ എം.ഡി.എം.എ. പിടികൂടിയത്.

പാവറട്ടി പാങ്ങ് സ്വദേശികളായ വൈഷ്ണവ്, അതുല്‍ എന്നിവരാണ് യുവതികള്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കിയത്. യുവതികള്‍ പിടിയിലായതോടെ ബൈക്കിലെത്തിയ യുവാക്കള്‍ രക്ഷപ്പെട്ടു. പിടിയിലായ ഇരുവരെയും പിന്നീട് ലഹരി വിരുദ്ധ സ്‌ക്വാഡ് കുന്നംകുളം പോലീസിന് കൈമാറി. ഇരുവരും മയക്കുമരുന്ന് മാഫിയ റാക്കറ്റിലെ ക്യാരിയര്‍മാരാണന്ന് കുന്നംകുളം എസ് .എച്ച്. ഒ: യു. കെ. ഷാജഹാന്‍ പറഞ്ഞു. കൂടുതല്‍ അന്വേഷണം നടന്നു വരുന്നതായും അദ്ദേഹം സൂചിപ്പിച്ചു.

ചൂണ്ടല്‍ സ്വദേശിനിയായ സുരഭിയും കണ്ണൂര്‍ സ്വദേശിനിയായ പ്രിയയും തൃശൂരിലെ ഒരു സ്വകാര്യ ഫ്‌ളാറ്റ് വാടകക്കെടുത്ത് ഒരുമിച്ചാണ് താമസിച്ചു വന്നിരുന്നത്. സജീവ ബി.ജെ.പി. പ്രവര്‍ത്തകയായ സുരഭി കരാട്ടെ അഭ്യാസിയും ബുള്ളറ്റ് റൈഡറുമാണ്. കഴിഞ്ഞ ആറുമാസമായി സുരഭിയെ ചൂണ്ടല്‍ പുതുശേരിയിലെ സ്വന്തം വീട്ടില്‍ കണ്ടിരുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. അതിനു മുമ്പ് ചില ദിവസങ്ങളില്‍ വീട്ടില്‍ വരാറുള്ള സുരഭി അമ്മയുമായി വഴക്കുണ്ടാക്കി തിരിച്ചു പോകാറുള്ളതായി നാട്ടുകാര്‍ സൂചിപ്പിച്ചു.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായ ബന്ധുവിനുവേണ്ടി സുരഭി സജീവമായി രംഗത്തുണ്ടായിരുന്നു. ഫാഷന്‍ ഡിസൈനറും ഒരു കുട്ടിയുടെ അമ്മയുമായ പ്രിയ ഭര്‍ത്താവുമായി തെറ്റി പിരിഞ്ഞ ശേഷമാണ് സുരഭിയോടപ്പം താമസമാരംഭിച്ചത്. സുരഭിയും പ്രിയയും ബുള്ളറ്റ് ബൈക്കില്‍ ബംഗളുരുവില്‍ പോയാണ് എം.ഡി.എം.എ. വാങ്ങാറുള്ളതെന്നു പോലീസ് പറഞ്ഞു. ബംഗളൂരുവില്‍ 1000 രൂപക്ക് വാങ്ങുന്ന ഒരു ഗ്രാം എം.ഡി. എം.എ. നാട്ടില്‍ 2000 രൂപക്കാണ് വില്‍പ്പന നടത്തിയിരുന്നത്.

കഴിഞ്ഞ ഒരു വര്‍ഷമായി ഇരുവരും ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു. എം.ഡി.എം.എ. ആവശ്യക്കാരന്നെ വ്യാജേന സ്‌ക്വാഡ് ഇവരുമായി ചാറ്റിങ് നടത്തിയിരുന്നു. സ്‌ക്വാഡിന്റെ പിടിയില്‍ നിന്നും പലപ്പോഴും രക്ഷപ്പെട്ട യുവതികളെ കഴിഞ്ഞ ദിവസം സ്‌ക്വാഡ് അതീവ രഹസ്യമായി തന്ത്രപൂര്‍വ്വം പിടികൂടുകയായിരുന്നു. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് കഴിഞ്ഞ ഒരു മാസം ജില്ലയില്‍നിന്ന് 270 കിലോ കഞ്ചാവാണ് പിടികൂടിയത്. 10 ഗ്രാം എം.ഡി.എം.എയ്ക്ക് 200 കിലോ കഞ്ചാവിന് തുല്യമായ ശിക്ഷയാണ് ലഭിക്കുക.

RELATED STORIES