തിരുവനന്തപുരം അഞ്ചുതെങ്ങ് തീരത്ത് നവജാത ശിശുവിന്റെ മൃതദേഹം തെരുവ് നായ കടിച്ചുവലിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്

മാനഹാനി ഭയന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് അമ്മ ജൂലി പൊലീസിന് മൊഴി നൽകി. വിധവയായ താൻ ഗർഭിണിയായ വിവരം പുറത്തറിഞ്ഞാൽ തന്റെ മാനം പോകുമെന്നും, നല്ല പേര് ഇല്ലാതാകുമെന്നും ഭയന്നാണ് താൻ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് ജൂലി പോലീസിനോട് പറഞ്ഞത്.

ജൂലിയുടെ മൊഴി പോലീസിനെയും കുടുംബത്തെയും ഞെട്ടിച്ചിരിക്കുകയാണ്. പ്രസവിച്ച ഉടൻ ജൂലി കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. ശേഷം മൃതദേഹം പുറത്ത് ശുചിമുറിക്ക് സമീപം കുഴിച്ചിട്ടു. മണം പിടിച്ചെത്തിയ നായ്ക്കൾ മൃതദേഹം കടിച്ചെടുത്ത് ഓടി. ഓട്ടത്തിനിടെ മൃതദേഹം മാമ്പള്ളി പള്ളിക്ക് പുറക് വശത്തെ തീരത്ത് വീണു. വീണ്ടും ഇവിടെ നിന്നും മൃതദേഹം കടിച്ചെടുത്ത് മാമ്പള്ളി നടവഴിയിൽ കൊണ്ട് ഇടുകയും ഇവിടെ വച്ച് കടിച്ചു വലിയ്ക്കുകയായിരുന്നു.

ഇത് കണ്ട നാട്ടുകാർ ഉടൻ അഞ്ചുതെങ്ങ് പൊലീസ് സ്‌റ്റേഷനിൽ വിവരമറിയിച്ചു. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഒരാഴ്ചയിലേറെ പഴക്കം തോന്നിക്കുന്ന മൃതദേഹത്തിന്റെ ഒരു കൈയും കാലും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച അമ്മയെ കണ്ടെത്തിയത്. സമീപത്തെ ആശുപത്രികളിൽ നടത്തിയ അന്വേഷണത്തിലാണ് പോലീസ് ജൂലിയെ തിരിച്ചറിഞ്ഞത്.

ജൂലിയുടെ ഭർത്താവ് ഒരു വർഷം മുൻപ് മരിച്ചിരുന്നു. പിന്നാലെ ജൂലി ഗർഭിണിയായി. വിധവയായ താൻ ഒരു കുഞ്ഞിനെ പ്രസവിച്ചാൽ അത് മാനഹാനി ഉണ്ടാക്കുമെന്ന് കരുതിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് യുവതി പോലീസിനോട് പറഞ്ഞു. 13 വയസുള്ള ഒരു കുട്ടി കൂടി ജൂലിക്കുണ്ട്.

RELATED STORIES