വൃക്ക രോഗത്തെ തുടർന്ന് സംവിധായകൻ ബാലചന്ദ്രകുമാർ ആശുപത്രിയിൽ

അദ്ദേഹത്തിന്റെ നില ഗുരുതരാവസ്ഥയിലാണ് എന്നും, സഹായിക്കണം എന്നും ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തി. ഗുരുതരമായ വൃക്ക രോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ ശ്രീഉത്രാടം തിരുനാൾ ആശുപത്രിയിൽ ചികിത്സയിലാണ് നിലവിൽ ബാലചന്ദ്രകുമാർ. അദ്ദേഹത്തിന്റെ ചികിത്സയ്‌ക്കായി 20 ലക്ഷത്തോളം രൂപ ആവശ്യമുണ്ടെന്നാണ് കുടുംബം പറയുന്നത്.

സംവിധായകൻ പ്രകാശ് ബാരെയും ബാലചന്ദ്രകുമാറിനെ സഹായിക്കണം എന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ അഭ്യർത്ഥിച്ചു. കുടുംബത്തിൽ വരുമാനം ഉണ്ടായിരുന്ന ഒരേ ഒരാൾ ബാലചന്ദ്രനായിരുന്നു. വരുമാനമില്ലായ്മയും ചികിത്സയുടെ ചെലവും കൂടിയെത്തിയതോടെ സാമ്പത്തികമായി പ്രതിസന്ധി അനുഭവിക്കുകയാണ് അദ്ദേഹത്തിന്റെ കുടുംബം എന്നും പ്രകാശ് ബാരെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറുപ്പിലൂടെ പറഞ്ഞു.

വൃക്ക മാറ്റിവെച്ചെങ്കിൽ മാത്രമേ അദ്ദേഹത്തെ രക്ഷിക്കാൻ ആകൂ എന്നും സഹായത്തിനായുള്ള അക്കൗണ്ട് വിവരങ്ങളും മറ്റും ബാലചന്ദ്രകുമാറിന്റെ കുടുംബം പങ്കുവെച്ചിട്ടുണ്ട് എന്നും പ്രകാശ് ബാരെ കൂട്ടിച്ചേർത്തു. കേരളത്തിൽ നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെതിരെ നിരവധി വെളിപ്പെടുത്തലുകളുമായി ബാലചന്ദ്രകുമാർ രംഗത്ത് വന്നിരുന്നു.

RELATED STORIES