കര്‍ണാടകയിലെ ഖനിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ് പ്രതിമ(45)യുടെ കൊലപാതകത്തില്‍ മുന്‍ഡ്രൈവര്‍ കിരണ്‍ കസ്റ്റഡിയില്‍

ഒരാഴ്ച്ച മുന്‍പ് പിരിച്ചുവിട്ട ഡ്രൈവര്‍ കിരണിനെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. ബംഗളുരു പൊലിസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തന്നെ പിരിച്ചുവിട്ടതിലുള്ള പ്രതികാരത്തെത്തുടര്‍ന്നാണ് പ്രതിമയെ കൊലപ്പെടുത്തിയതെന്ന് പ്രതി പൊലിസിനോട് പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷമായി കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു കിരണ്‍. ഇയാളുമായി പ്രതിമയ്ക്ക് ചില പ്രശ്‌നങ്ങളുണ്ടായതിനെത്തുടര്‍ന്ന് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.

കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെയാണ് പൊലിസ് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തിരുന്നത്. ഇവരെ വിശദമായി ചോദ്യംചെയ്തതിന് പിന്നാലെയാണ് കൊലയ്ക്ക് പിന്നില്‍ മുന്‍ ഡ്രൈവറാണെന്ന വിവരം ലഭിച്ചത്.

ദൊഡ്ഡക്കല്ലസാന്ദ്ര സുബ്രഹ്മണ്യപുരയിലെ ഗോകുലം അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന പ്രതിമയെ ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് കഴുത്തറുത്ത് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. മകനും ഭര്‍ത്താവും തീര്‍ഥഹള്ളിയിലായതിനാല്‍ പ്രതിമ ഒറ്റയ്ക്കായിരുന്നു വീട്ടില്‍.

ഞായറാഴ്ച രാവിലെ വീട്ടിലെത്തിയ സഹോദരനാണ് മൃതദേഹം കണ്ടത്. ഇദ്ദേഹം ശനിയാഴ്ച രാത്രി പ്രതിമയെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയിരുന്നില്ല. തുടര്‍ന്നാണ് രാവിലെ പ്രതിമയുടെ വീട്ടിലേക്ക് പോയത്. ഇദ്ദേഹം തന്നെയാണ് വിവരം പൊലിസിനെ അറിയിച്ചത്.

RELATED STORIES