കേരള വർമ്മ തിരഞ്ഞെടുപ്പ് വിവാദത്തിൽ ഇടക്കാല ഉത്തരവ് നൽകാനാകില്ലെന്ന് ഹൈക്കോടതി

തിരഞ്ഞെടുപ്പ് സംബന്ധിച്ച കൂടുതൽ രേഖകൾ ഹാജരാക്കാൻ കോടതി റിട്ടേണിങ് ഓഫീസർക്ക് നിർദേശം നൽകി. കേരള വർമ്മ കോളേജിലെ എസ്എഫ്ഐയുടെ വിജയം ചോദ്യം ചെയ്തുള്ള ഹർജിയാണ് കോടതി പരിഗണിച്ചത്. കെഎസ്‌യു ചെയർമാൻ സ്ഥാനാർഥി ശ്രീകുട്ടന്റെ ഹർജി വ്യാഴാഴ്ച കോടതി വീണ്ടും പരിഗണിക്കും.

തിരഞ്ഞെടുപ്പിലെ വിജയി എസ്എഫ്ഐയുടെ അനിരുദ്ധൻ ചെയർമാനായി ചുമതല നിൽക്കുന്നതിൽ തടസമില്ലെന്നും എന്നാൽ അത് കോടതിയുടെ അന്തിമ ഉത്തരവിന് വിധേയമായിരിക്കുമെന്നും ഹൈക്കോടതി ഓർമിപ്പിച്ചു. പ്രിൻസിപ്പലിനെയും കോളേജ് മാനേജരെയും കേസിൽ കക്ഷി ചേർക്കണമെന്നും കോടതി പറഞ്ഞു. ഇവരുടെ ഭാഗം കൂടി കേട്ട ശേഷമായിരിക്കും വ്യാഴാഴ്ച കോടതി വിധി പറയുന്നത്.

മാനദണ്ഡങ്ങൾ ലംഘിച്ചാണ് തിരഞ്ഞെടുപ്പിൽ റീ കൗണ്ടിംഗ് നടത്തിയതെന്നും റീ കൗണ്ടിംഗ് സമയത്ത് വൈദ്യുതി ബോധപൂർവ്വം തടസ്സപ്പെടുത്തിയെന്നും അട്ടിമറിയുണ്ടായെന്നും ഹ‍ര്‍ജിയിൽ കെഎസ് യു സ്ഥാനാര്‍ത്ഥി ആരോപിച്ചിരുന്നു.

അതേസമയം കേരളവർമ കോളേജിൽ വീണ്ടും യൂണിയൻ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് സമരം കടുപ്പിക്കാൻ ഒരുങ്ങിയിരിക്കുകയാണ് കെഎസ്‌യു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ വസതിയിലേക്ക് കെഎസ്‌യു ഇന്ന് മാർച്ച് നടത്തും. ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധം നടത്തും.

RELATED STORIES