നടന്‍ സുരേഷ് ഗോപിയെ തൃശൂര്‍ അതിരൂപത ആസ്ഥാനത്തേക്ക് ക്ഷണിച്ച് കത്തോലിക്ക സഭ

സഭയുടെ മുഖപത്രത്തില്‍ വന്ന വാര്‍ത്തയില്‍ പങ്കില്ലെന്നും തങ്ങളുടെ നിലപാടു വ്യത്യസ്തമാണെന്നും അതിരൂപതാ നേതൃത്വം ഇന്നലെ അദേഹത്തെ നേരിട്ട് അറിയിച്ചു. തുടര്‍ന്നാണ് സഭാ ആസ്ഥാനത്തേക്ക് ക്ഷണിച്ചിരിക്കുന്നത്. ഗരുഡന്‍ സിനിമയുടെ പ്രമോഷന്‍ പരിപാടികള്‍ കഴിഞ്ഞാല്‍ സഭാ ആസ്ഥാനത്ത് എത്താമെന്ന ഉറപ്പും സുരേഷ് ഗോപി നല്‍കിയിട്ടുണ്ട്.

മുഖപത്രത്തില്‍ വന്ന വാര്‍ത്തയെക്കുറിച്ചു പ്രതികരിക്കാനില്ലെന്നു കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തും വ്യക്തമാക്കി. ആന്‍ഡ്രൂസ് താഴത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് വിവാദം അവസാനിപ്പിക്കാന്‍ തൃശൂര്‍ അതിരൂപതാ നേരിട്ടിറങ്ങിയത്.

മുഖപത്രത്തില്‍ എഴുതിയത് തൃശൂര്‍ അതിരൂപതയുടെ ഔദ്യോഗിക നിലപാടല്ലെന്ന് സഭാ കേന്ദ്രങ്ങള്‍ അറിയിച്ചു. സഭക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കത്തോലിക്കാ കോണ്‍ഗ്രസ് എന്ന സംഘടനയുടെ നിലപാടാണ് പത്രത്തില്‍ വന്നതെന്നും അതിരൂപത പറയുന്നു. അല്‍മായരുടെ സംഘടനയായ കത്തോലിക്കാ കോണ്‍ഗ്രസ് മണിപ്പൂര്‍ പ്രതിഷേധ ജ്വാല സംഘടിപ്പിരുന്നു. പ്രതിഷേധത്തില്‍ ഉയര്‍ന്ന അഭിപ്രായമാണ് ലേഖനമായി കത്തോലിക്കാസഭയില്‍ വന്നതെന്നുമാണ് അതിരൂപതയുടെ വിശദീകരണം. സഭയ്ക്ക് കീഴില്‍ രാഷ്ട്രീയകാര്യ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്ന സംഘടനകളില്‍ ഒന്നാണ് കത്തോലിക്ക കോണ്‍ഗ്രസ്.

മണിപ്പൂര്‍ കത്തിയെരിയുമ്പോള്‍ എന്തെടുക്കുകയായിരുന്നെന്ന് പ്രധാനമന്ത്രിയോട് ചോദിക്കാന്‍ സുരേഷ് ഗോപിക്ക് ആണത്തമുണ്ടോ എന്നായിരുന്നു മുഖപത്രം ചേദിച്ചത്. വാര്‍ത്ത വിവാദമായതിന് പിന്നാലെയാണ് സഭയുടെ വിശദീകരണം വന്നിട്ടുള്ളത്. ‘മറക്കില്ല മണിപ്പൂര്‍’ എന്ന തലക്കെട്ടില്‍ ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സുരേഷ് ഗോപിയെയും കടന്നാക്രമിച്ചുകൊണ്ടായിരുന്നു മുഖപത്രത്തില്‍ എഴുതിയത്.

‘അങ്ങ് മണിപ്പൂരിലും യുപിയിലുമൊന്നും നോക്കിനില്‍ക്കരുത്, അതു നോക്കാന്‍ അവിടെ ആണുങ്ങളുണ്ട്’ എന്നായിരുന്നു നടന്റെ വിവാദ പ്രസ്താവന. മണിപ്പൂര്‍ കത്തിയെരിഞ്ഞപ്പോള്‍ ഈ ‘ആണുങ്ങള്‍’ എന്തെടുക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രിയോട് ചോദിക്കാന്‍ ആണത്തമുണ്ടോയെന്ന് ലേഖനത്തില്‍ ചോദ്യമുണ്ട്. തൃശൂരില്‍ പാര്‍ട്ടിക്ക് പറ്റിയ ആണുങ്ങളില്ലാത്തതുകൊണ്ടാണോ ആണാകാന്‍ തൃശൂരിലേക്ക് വരുന്നതെന്നും ലേഖനത്തില്‍ പരിഹസിക്കുന്നുണ്ട്.

മണിപ്പൂര്‍ വിഷയത്തില്‍ തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് സുരേഷ് ഗോപി ഇന്നലെ പ്രതികരിച്ചിരുന്നു. അതിരൂപതയുടെ മുഖപത്രം കാത്തോലിക്കാസഭ മണിപ്പൂര്‍ വിഷയത്തില്‍ ഉന്നയിച്ച വിമര്‍ശനത്തോടു പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി. അതേസമയം സഭയ്ക്ക് അഭിപ്രായം പറയാനുള്ള അവകാശമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. എന്നാല്‍ ഇതിനു പിന്നില്‍ ആരെന്നു തിരിച്ചറിയണമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

RELATED STORIES