ആലുവ കേസിലെ പ്രതി അസ്ഫാക് ആലത്തിന്‍റെ ശിക്ഷാ വിധിയില്‍ വാദം ഇന്ന്

ആലുവയിൽ അഞ്ച് വയസ്സുകാരിലെ ബലാത്സംഗം ചെയ്തത് കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാക് ആലത്തിന്‍റെ ശിക്ഷാ വിധിയിൽ ഇന്ന് വാദം നടക്കും.

എറണാകുളം പോക്സോ കോടതി ജഡ്ജ് കെ.സോമനാണ് കേസ് പരിഗണിക്കുന്നത്. കൊലപാതകം, തുടർച്ചയായി ബലാത്സംഗം ചെയ്യൽ അടക്കം 16 വകുപ്പുകൾ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പ്രതിയ്ക്ക് വധ ശിക്ഷ തന്നെ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യം.

പ്രതിയുടെ മനസിക നില പരിശോധന റിപ്പോർ‍ട്ടുകൾ സർക്കാരും, ജയിൽ അധികൃതരും പ്രൊബേഷണറി ഓഫീസറും കോടതിയിൽ മുദ്രവെച്ച കവറില്‍ ഇന്നലെ ഹാജരാക്കിയിരുന്നു. നേരത്തെ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി അസ്ഫാക് ആലത്തിന്‍റെ മാനസിക നില പരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. കോടതി നിര്‍ദേശത്തെതുടര്‍ന്നാണ് ഈ രേഖകള്‍ മുദ്രവെച്ച കവറില്‍ ഹാജരാക്കിയത്.

ഈ റിപ്പോർട്ട് പരിശോധിച്ച ശേഷമാകും ശിക്ഷാ വിധി. കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബവും ശിക്ഷാവിധിയിൽ തങ്ങൾക്ക് പറയാനുള്ള കാര്യങ്ങൾ കോടതിയിൽ റിപ്പോർട്ടായി ഹാജരാക്കിയിട്ടുണ്ട്. പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞതായി പ്രോസിക്യൂഷൻ അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു.

ആലുവയിലെ അഞ്ചുവയസ്സുകാരിക്ക് നേരെയുണ്ടായത് സമാനതകളില്ലാത്ത ക്രൂരതയാണ്. പ്രതിയ്ക്ക് യാതൊരു വിധത്തിലുള്ള മാനസിക പ്രശ്നങ്ങളും ഇല്ലെന്നും 100 ദിവസം പ്രതിയിൽ യാതൊരു വിധത്തിലുള്ള മാറ്റവും ഉണ്ടാക്കിയിട്ടില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചിരുന്നു. ഇക്കാരണങ്ങളാലാണ് പ്രതി അസ്‌ഫാക് ആലത്തിന് പ്രോസിക്യൂഷൻ പരമാവധി ശിക്ഷ ആവശ്യപ്പെട്ടിരിക്കുന്നത്.

RELATED STORIES