ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിന്റെ അന്വേഷണത്തിനിടയിലാണ് ഈ തട്ടിപ്പിന്റെയും വിവരങ്ങൾ പുറത്തുവരുന്നത്

യു.കെയിലേക്കും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും കുടിയേറാന്‍ ആഗ്രഹിക്കുന്ന നഴ്‌സുമാരുടെ സ്വപ്‌ന പരീക്ഷയാണ് ഒ.ഇ.ടി. ഒരൊറ്റ ചോദ്യപ്പേപ്പറിലാണ് ലോകമെമ്പാടും ഒ.ഇ.ടി. പരീക്ഷ നടത്തുന്നത്. പല രാജ്യത്തും പല സമയത്തു പരീക്ഷ നടക്കുന്നുവെന്നതിലെ പഴുത് മുതലെടുത്താണ് തട്ടിപ്പു നടക്കുന്നത്. ന്യൂസിലാന്‍ഡില്‍ പരീക്ഷ നടന്ന് 12 മണിക്കൂര്‍ കഴിഞ്ഞാണ് കേരളത്തില്‍.

ഗള്‍ഫില്‍ പരീക്ഷ നടന്നു മൂന്നു മണിക്കൂര്‍ കഴിഞ്ഞും. അവിടുത്തെ ചോദ്യപേപ്പര്‍ ചോര്‍ത്തുകയാണ് തട്ടിപ്പുസംഘം ആദ്യം ചെയ്യുന്നത്. ഇതിനായി ഏജന്റുമാരുണ്ട്. ചോര്‍ത്തിയ ചോദ്യങ്ങളും ഉത്തരസൂചികയും പണം കൊടുത്ത വിദ്യാര്‍ഥികള്‍ക്കു കൈമാറി ഏതെങ്കിലും ഹോട്ടലുകളില്‍ താമസിപ്പിച്ച് പരിശീലനം നല്‍കുന്നതാണ് തട്ടിപ്പിന്റെ രീതി. അതിനാല്‍ പഠിച്ച് പരീക്ഷ എഴുതുന്നവര്‍ മിക്കവാറും തോല്‍ക്കും. കാരണം, ഓരോ പരീക്ഷയിലും ഇത്ര ശതമാനം പേരെ മാത്രമാണ് ജയിപ്പിക്കുക.

ഒരു തവണ പരീക്ഷ എഴുതാന്‍ കേരളത്തില്‍ മുപ്പതിനായിരത്തിനു മുകളിലാണ് ഫീസ്. നിരവധി തവണ എഴുതുമ്പോഴാണ് പലരും പരീക്ഷയില്‍ പാസാകുന്നത്. ഇതാണ് തട്ടിപ്പു സംഘത്തിന്റെ തുറുപ്പ്ചീട്ട്. പരീക്ഷ എഴുതാനുള്ള ചെലവും സമയനഷ്ടവും കണക്കിലെടുക്കുമ്പോള്‍ നഴ്‌സുമാര്‍ ഇത്തരം തട്ടിപ്പ് സംഘങ്ങളുടെ വലയില്‍ വീഴുകയാണ്.

മൂന്നു മുതല്‍ നാലു ലക്ഷം വരെയാണ് ഇത്തരം സംഘങ്ങള്‍ ഒരു നഴ്‌സിന്റെ കയ്യിൽ നിന്നു ചോദ്യപേപ്പറിനായി വാങ്ങുന്നത്. കേരളത്തില്‍ കൊച്ചി കേന്ദ്രമായി പ്രവൃത്തിക്കുന്ന മലയാള സിനിമയിലെ ഒരു പ്രമുഖ നടി മോഡലായി വരുന്ന സ്ഥാപനവും കോട്ടയം കേന്ദ്രീകരിച്ചുള്ള സ്ഥാപനവുമാണ് തട്ടിപ്പ് നിയന്ത്രിക്കുന്നത്. ഇതില്‍ ഒരുകൂട്ടര്‍ക്ക് ഉത്തരസൂചിക കിട്ടുന്നപക്ഷം അവരിലേക്കാകും കോടികള്‍ ഒഴുകിയെത്തുക. അപ്പോള്‍ മറുസംഘത്തിനു പണം നല്‍കിയവര്‍ വെട്ടിലാകും. കോടികളുടെ ഈ പണമിടപാടാണ് തട്ടിക്കൊണ്ടുപോകലിലും ക്വട്ടേഷനിലും കലാശിക്കുന്നത്.

വടക്കാഞ്ചേരിയില്‍നിന്ന് യുവാവിനെയും ഡ്രൈവറെയും തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടത് മാസങ്ങള്‍ക്ക് മുമ്പാണ്. തൃശൂരിലെ അറേബ്യന്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഉടമ ഗണേഷ് ജെ. കുമാര്‍, ഡ്രൈവര്‍ ലിബിന്‍ എന്നിവരെയാണ് അന്ന് തട്ടിക്കൊണ്ടുപോയത്. ഒ.ഇ.ടി. ചോദ്യപേപ്പര്‍ ചോര്‍ത്തിക്കൊടുക്കാമെന്നു പറഞ്ഞ് പത്താഴക്കുണ്ടിലുള്ള റിസോര്‍ട്ടില്‍വച്ച് മൂന്ന് കോടി രൂപ ആവശ്യപ്പെട്ട സംഭവവും പിന്നീട് തട്ടിക്കൊണ്ടുപോകലിലാണ് അവസാനിച്ചത്.

അങ്കമാലി പോലീസാണ് പ്രതികളെ പിടികൂടിയ്. സമാന രീതിയില്‍ വാഗമണിലും യുവാവിനെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയിരുന്നു. ഇതുതന്നെയാണ് കൊല്ലത്തെ തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്നതിന് ഇതുവരെ സ്ഥിരീകരണമില്ലെങ്കിലും സാധ്യതകള്‍ അന്വേഷിക്കുന്നുണ്ട്. നഴ്‌സിങ് അഡ്മിഷനിലെ പണമിടപാടെന്ന് പ്രതി നല്‍കിയ മൊഴി പോലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല.

RELATED STORIES