ഓയൂര്‍ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ അച്ഛനും അമ്മയ്ക്കും ഒപ്പം പോലീസ് അറസ്റ്റ് ചെയ്ത അനുപമ യുട്യൂബിലെ താരം

4.98 ലക്ഷം പേരാണ് ‘അനുപമ പത്മന്‍’ എന്ന യുട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്തിരിക്കുന്നത്.

ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളുടെയും വൈറല്‍ വീഡിയോകളുടെ റിയാക്ഷന്‍ വീഡിയോയും ഷോട്സുമാണ് അനുപമ കൂടുതലായി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇംഗ്ലീഷിലാണ് അവതരണം. 381 വീഡിയോയാണുള്ളത്. അവസാനമായി വീഡിയോ പോസ്റ്റ് ചെയ്തത് ഒരുമാസം മുമ്പാണ്.

വളര്‍ത്തുനായ്ക്കള്‍ക്ക് ഒപ്പമുള്ള വീഡിയോയുമുണ്ട്. അമേരിക്കന്‍ സെലിബ്രിറ്റി കിം കര്‍ദാഷ്യാനെക്കുറിച്ചുള്ളവയാണ് പ്രധാന വീഡിയോകളെല്ലാം. തട്ടിക്കൊണ്ടുപോയ കുട്ടിയെ പാര്‍പ്പിച്ചെന്ന് കരുതുന്ന ഫാംഹൗസിലെ റംബൂട്ടാന്‍ വിളവെടുപ്പ് വീഡിയോയും ഉണ്ട്.

ഇന്‍സ്റ്റാഗ്രാമില്‍ 14,000പേരാണ് അനുപമയെ ഫോളോ ചെയ്യുന്നത്. വളര്‍ത്തുനായകളെ ഇഷ്ടപ്പെടുന്ന അനുപമ നായകളെ അഡോപ്റ്റ് ചെയ്യാറുമുണ്ട്. എണ്ണം കൂടിയതിനാല്‍ നായകള്‍ക്കായി ഷെല്‍ട്ടര്‍ ഹോം തുടങ്ങാന്‍ ആഗ്രഹിച്ചിരുന്നു. അതിനു സമൂഹമാധ്യമങ്ങളിലൂടെ സഹായം അഭ്യര്‍ഥിച്ച് അനുപമ പോസ്റ്റിട്ടിരുന്നു.

അടുത്ത കാലത്ത് കുടുംബം വലിയ കടക്കെണിയില്‍ പെടുകയും അനുപമക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള വരുമാനം കുറയുകയും ചെയ്തത് കുടുംബത്തെ പ്രതിസന്ധി യിലാക്കിയപ്പോഴാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയി മോചന ദ്രവ്യം ആവശ്യപ്പെടുക എന്ന ആശയത്തിലേക്ക് കുടുംബം എത്തിയത് എന്നാണു വിവരം. പിതാവ് പത്മകുമാര്‍ ലോണ്‍ ആപ്പുകളില്‍ നിന്നും ക്രെഡിറ്റ് കാര്‍ഡില്‍ നിന്നും പണമെടുത്തത് തിരിച്ചടക്കാന്‍ കഴിയാതെ വലിയ ബാധ്യത ഉണ്ടായി എന്നും വിവരം ലഭിച്ചു.

RELATED STORIES