ചാരിറ്റി സ്‌ഥാപനത്തിന്റെ മറവില്‍ തട്ടിപ്പ്‌ നടത്തിയതിന്‌ ആലത്തൂര്‍ സ്വദേശി പിടിയിലായി

പാലക്കാട്‌ ആലത്തൂര്‍ സിവില്‍ സ്‌റ്റേഷന്‌ അടുത്ത്‌ 10 വര്‍ഷമായി പ്രവര്‍ത്തിച്ച്‌ വരുന്ന മദര്‍ ചാരിറ്റബിള്‍ ട്രസ്‌റ്റ്‌ എന്ന സ്‌ഥാപനത്തിന്റെ ചെയര്‍മാനായ ജഹാംഗീറിനെ(56)യാണ്‌ കുത്തിയതോട്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.

കുത്തിയതോട്‌ പോലീസ്‌ സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട പറയകാട്‌ എ.കെ.ജി ബസ്‌ സ്‌റ്റോപ്പിന്‌ സമീപത്തുള്ള വീട്ടില്‍ ഓട്ടിസം ബാധിച്ച ഇരുപത്തിയാറുകാരിയായ യുവതി തനിച്ചുള്ളപ്പോള്‍ ചാരിറ്റിയുടെ ഭാഗമായുള്ള പിരിവിന്‌ എന്ന വ്യാജേന വന്ന്‌ യുവതിയുടെ ഏഴ്‌ ഗ്രാമിന്റെ സ്വര്‍ണമാല പൊട്ടിച്ചു കടന്നുകളഞ്ഞ പ്രതിയെകുറിച്ചുള്ള അന്വേഷണത്തിലാണ്‌ തട്ടിപ്പ്‌ കണ്ടെത്തിയത്‌.

ശാസ്‌ത്രീയമായ അന്വേഷണത്തിലും മാല പൊട്ടിച്ചെടുത്ത വീടിന്റെ ചുറ്റുവട്ടത്തും അന്വേഷിച്ചതിന്റെ അടിസ്‌ഥാനത്തില്‍ കൃത്യം നടന്ന സമയം 25 വയസ്‌ തോന്നിക്കുന്ന യുവാവ്‌ മദര്‍ തെരേസ ചാരിറ്റബിള്‍ ട്രസ്‌റ്റിന്റെ പിരിവിനായി എത്തിയിരുന്നെന്ന്‌ മനസിലായി.
അന്വേഷണത്തില്‍ സംഭവം നടന്ന വീടിന്റെ ഒരു കിലോമീറ്റര്‍ മാറിയുള്ള വീട്ടില്‍ ട്രസ്‌റ്റിന്റെ പേരിലുള്ള രസീത്‌ കൊടുത്തതായും ബോധ്യപ്പെട്ടു.

തുടര്‍ന്ന്‌ ട്രസ്‌റ്റിന്റെ ആലത്തൂരിലുള്ള ഓഫീസ്‌ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ യാതൊരു രേഖകളും ഇല്ലാതെ ഒരേ നമ്പറിലുള്ള ഒന്നിലധികം റസീപ്‌റ്റ്‌ ബുക്കുകള്‍ അച്ചടിച്ച്‌ പലര്‍ക്കായി വിതരണം ചെയ്‌ത്‌ അനധികൃതമായി പണം സമാഹരിച്ച്‌ വരികയായിരുന്നു. പിരിവ്‌ നടത്തുന്നവരില്‍ കൂടുതലും ഇതരസംസ്‌ഥാനക്കാരായിരുന്നു. മാല പൊട്ടിച്ച്‌ കടന്നു കളഞ്ഞ പ്രതിയെയും കുത്തിയതോട്‌ പോലീസ്‌ തിരിച്ചറിഞ്ഞു.

RELATED STORIES