ഐഎസ്‌ഐഎസ് ഭീകര സംഘടനയുടെ ഇന്ത്യയിലെ മേധാവി ഹാരീസ് ഫാറൂഖി എന്ന ഹാരീസ് അജ്മല്‍ ഫറൂഖിയും കൂട്ടാളി റെഹാനും അസ്സമില്‍ അറസ്റ്റില്‍

ദേശീയ അന്വേഷണ ഏജന്‍സിയുടെ കൊടുംകുറ്റവാളി പട്ടികയില്‍ ഉള്‍പ്പെട്ട ഹാരീസിനെ അസ്സം പോലീസ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ആണ് പിടികൂടിയത്. ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി അസ്സമിലെ ദുബ്രിയില്‍ എത്തിയതാണ് ഇയാള്‍.

ഭീകരാക്രമണത്തിനായി അയല്‍രാജ്യത്തുനിന്നും രണ്ട് ഐഎസ്‌ഐഎസ് ഭീകരര്‍ അസ്സമില്‍ കടന്നുവെന്ന് എന്‍ഐഎയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇന്നലെ രാത്രി നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലാകുന്നത്. എസ്ടിഎഫിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇന്ത്യ-ബംഗ്ലാദേശി അതിര്‍ത്തി മേഖലയില്‍ റെയ്ഡ് നടത്തിയത്. പുലര്‍ച്ചെയോടെ ദുബ്രിയിലെ ധര്‍മ്മശാലയില്‍ നിന്ന് ഇവരെ പിടികൂടുകയായിരുന്നു.

ഇന്ത്യയുടെ പല ഭാഗത്തും ഭീകരസംഘടനയിലേക്ക് ആളുകളെ റിക്രൂട്ട്‌ചെയ്തതിലും ഭീകരപ്രവര്‍ത്തനത്തിന് ഫണ്ട് കണ്ടെത്തിയതിലും ഐഇഡി ഉപയോഗിച്ച് സ്‌ഫോടനങ്ങള്‍ അടക്കമുള്ള ഭീകര പ്രവര്‍ത്തനങ്ങളിലും ഇവര്‍ ഏര്‍പ്പെട്ടതായും എസ്ടിഎഫ് പറയുന്നു. എന്‍ഐഎ, ഡല്‍ഹി പോലീസ്, എടിഎസ്, ലക്‌നൗ എന്നിവിടങ്ങളില്‍ ഇവര്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്.

ഇവരെ തുടര്‍ നടപടികള്‍ക്കായി എന്‍ഐഎയ്ക്ക് കൈമാറുമെന്നും അസ്സം പോലീസ് അറിയിച്ചു.

RELATED STORIES