ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 67 കുറ്റവാളികൾ പരോളിലിറങ്ങി മുങ്ങിയെന്ന് വിവരം

ഇവർ എല്ലാവരും കൊലക്കേസ് പ്രതികളാണ്. മറ്റു കേസുകളിൽ പല കാലയളവിലേക്ക് കഠിന തടവിന് ശിക്ഷിക്കപ്പെട്ട മൂന്നു പേരും മടങ്ങി വന്നിട്ടില്ല.

1990 മുതൽ 2022 വരെയുള്ള കണക്കാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് ഒരു യുവതി കൊല്ലപ്പെടുകയും പ്രതി മുൻ മാനഭംഗക്കേസിലെ പ്രതിയാണെന്ന് അതിജീവിത വെളിപ്പെടുത്തുകയും ചെയ്തതോടെ വിഷയത്തിന് ഗൗരവം കൂടുകയാണ്.

മൂന്നുവർഷത്തിനിടെ റിമാൻഡിൽ കഴിയുന്നതിനിടെ ചാടിപ്പോയ 42 പ്രതികളിൽ 17 പേരെയും ഇനി കണ്ടെത്താനുണ്ട്. കൊലപാതകം, കവർച്ച , മാനഭംഗം, സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം മുതലായ കേസുകളിൽ വിചാരണ നേരിടുന്നവരാണ് ഇവർ. കോടതിയിലേക്കും ആശുപത്രികളിലേക്കുമുള്ള യാത്രകൾക്കിടെ പൊലീസുകാരുടെ കണ്ണുവെട്ടിച്ചാണ് ഇവർ രക്ഷപ്പെടുന്നത്.

1990 മുതലുള്ള കണക്കു പരിശോധിച്ചാൽ ആദ്യകൊലയാളി മുങ്ങിയിട്ട് ഇപ്പോൾ 34 വർഷമാകുന്നു. നെട്ടുകാൽത്തേരി തുറന്ന ജയിലിൽ നിന്നാണ് പരോളിൽ ഇറങ്ങിയത്. പൊള്ളാച്ചി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ രാമൻ എന്ന സുബ്രഹ്മണ്യനാണ് കുറ്റവാളി.1990 ആഗസ്റ്റ് നാലിന് പുറത്തിറങ്ങിയ സുബ്രമണ്യൻ സെപ്തംബർ ആറിന് തിരിച്ചെത്തേണ്ടതായിരുന്നു.

ഏറ്റവും ഒടുവിൽ മുങ്ങിയത് ഇരവിപുരം പൊലീസ് രജിസ്റ്റർ ചെയത് കൊലക്കേസിൽ ജീവപര്യന്തം ലഭിച്ച കൊല്ലം പട്ടത്താനം കൊരയ്‌ക്കാട്ട് വയലിൽ വീട്ടിൽ അനിൽ കുമാറാണ്. അന്തക്കണ്ണൻ എന്ന് പേരുള്ള ഇയാൾ 2022 ആഗസ്റ്റ് 29നാണ് പരോളിൽ പോയത്. സെപ്തംബർ 21ന് തിരിച്ചെത്തേണ്ടതായിരുന്നു.

RELATED STORIES