രണ്ടുവയസുകാരൻ കുഴല്‍ക്കിണറില്‍ വീണു

കർണാടകയിലെ വിജയപുരി ജില്ലയിലെ ലച്യാന ഗ്രാമത്തില്‍ രണ്ടുവയസുകാരൻ കുഴല്‍ക്കിണറില്‍ വീണു. ബുധനാഴ്ച വൈകീട്ടാണ് അപകടം.

15 അടി താഴ്ചയിലേക്ക് വീണ കുട്ടിയെ പുറത്തെത്തിക്കാനായി രക്ഷാപ്രവർത്തനം തുടരുകയാണ്.

വീടിന് സമീപം കളിക്കാൻ പോയ കുട്ടി കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടി തലകറങ്ങി വീണതാണെന്നാണ് കരുതുന്നത്. കുട്ടിയുടെ കരച്ചില്‍ കേട്ടവർ വീട്ടുകാരെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

കുഴല്‍ക്കിണറിന് സമാന്തരമായി 21 അടി താഴ്ചയുള്ള കുഴി നിർമ്മിച്ചാണ് അധികൃതർ കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. ഇന്ന് രാവിലെ കുഞ്ഞ് ശബ്ദങ്ങളോട് പ്രതികരിക്കാതിരുന്നതോടെ വലിയ ആശങ്കയുണ്ടായിരുന്നു.

ഇപ്പോള്‍ ട്രഞ്ച് കുഴിച്ച്‌ അത് വഴി രക്ഷാപ്രവർത്തകർ കുഞ്ഞിന്‍റെ അടുത്തെത്തിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. രക്ഷാ പ്രവർത്തനം അവസാനഘട്ടത്തിലാണ്. ഇപ്പോള്‍ രക്ഷാപ്രവർത്തകർക്ക് കുഞ്ഞിനെ കാണാമെന്നും കുഞ്ഞ് കരയുന്ന ഒച്ച കേള്‍ക്കാമെന്നുമാണ് പുറത്തുവരുന്ന വിവരം. കുഞ്ഞ് അബോധാവസ്ഥയിലല്ല എന്നത് രക്ഷാപ്രവർത്തകർക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. പതുക്കെ ട്രഞ്ച് വഴി, കുഞ്ഞിനെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

ഇന്നലെ രാത്രി മുതല്‍ കുഞ്ഞിന് നിരന്തരം ഓക്സിജൻ നല്‍കാൻ സജ്ജീകരണം ഒരുക്കിയിരുന്നു. കുഞ്ഞിന്‍റെ അമ്മ അടക്കമുള്ളവർ പുറത്ത് ആംബുലൻസില്‍ കാത്തിരിക്കുകയാണ്. പുറത്തെത്തിച്ചാലുടൻ കുഞ്ഞിനെ അടിയന്തരവൈദ്യസഹായം നല്‍കി ആശുപത്രിയിലേക്ക് എത്തിക്കാൻ എല്ലാ സജ്ജീകരണങ്ങളും തയ്യാറാണെന്നും പൊലീസ് വ്യക്തമാക്കി.

RELATED STORIES