20 മണിക്കൂറിന് ശേഷം ആശ്വാസം; കുഴൽക്കിണറിൽ അകപ്പെട്ട കുട്ടിയെ രക്ഷിച്ചു

ബെംഗളൂരു: കര്‍ണാടകയിലെ വിജയപുരയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസ്സുകാരനെ രക്ഷിച്ചു. ഇരുപതുമണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് കുഞ്ഞിനെ ജീവനോടെ പുറത്തെത്തിച്ചത്. കുഞ്ഞ് നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സംസ്ഥാന, ദേശീയ ദുരന്തനിവാരണ സേനകളുടെ നേതൃത്വത്തില്‍ നടന്ന രക്ഷാപ്രവര്‍ത്തനമാണ് വ്യാഴാഴ്ച വൈകിട്ടോടെ ഫലംകണ്ടത്. കുഴല്‍ക്കിണറിന് സമാന്തരമായി മറ്റൊരു കുഴിയെടുത്ത് ഇതിലൂടെയാണ് കുഞ്ഞിനെ സുരക്ഷിതമായി പുറത്തെത്തിച്ചത്. കുഞ്ഞിനെ ജീവനോടെ പുറത്തെത്തിച്ചപ്പോള്‍ നാട്ടുകാരുടെ ഹര്‍ഷാരവം മുഴങ്ങി. ഉടന്‍തന്നെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി.

വിജയപുരയിലെ ഇണ്ടി ഗ്രാമത്തിലാണ് രണ്ടുവയസ്സുകാരന്‍ കുഴല്‍ക്കിണറില്‍ വീണത്. വീടിനടുത്ത് കളിച്ചുകൊണ്ടിരിക്കെ സമീപത്തായി പുതുതായി കുഴിച്ച കുഴല്‍ക്കിണറിലേക്ക് ബാലന്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു.

ചൊവ്വാഴ്ചയാണ് കുടുംബം പുതിയ കുഴല്‍ക്കിണര്‍ കുഴിച്ചത്. എന്നാല്‍, വെള്ളം കാണാത്തതിനാല്‍ ഇത് ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് തുറന്നുകിടന്ന കുഴല്‍ക്കിണറാണ് അപകടം വരുത്തിവച്ചത്.

ബുധനാഴ്ച വൈകിട്ട് ആറരയോടെ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ഏകദേശം 20 അടിയോളം ആഴത്തിലാണ് കുട്ടി കുടുങ്ങികിടന്നിരുന്നത്. ഓക്സിജന്‍ പൈപ്പും ക്യാമറയും കുഴല്‍ക്കിണറിനുള്ളിലേക്ക് ഇറക്കിയിരുന്നു. അതിനിടെ, പാറക്കല്ലുകളും ഉരുളന്‍കല്ലുകളും സമാന്തരമായി കുഴിയെടുക്കുന്നതിന് വെല്ലുവിളിയായി. ഒടുവില്‍ ഈ വെല്ലുവിളികളെല്ലാം അതിജീവിച്ചാണ് കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുത്തത്.

ജില്ലാ പോലീസ് സൂപ്രണ്ട് ഋഷികേഷ് സോനാവാനെ, ഡെപ്യൂട്ടി കമ്മീഷണര്‍ ടി. ഭൂബാലന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ ബെലഗാവി, കലബുറഗി എന്നിവിടങ്ങളില്‍നിന്നുള്ള സംസ്ഥാന ദുരന്ത സേനയുടേയും ഹൈദരാബാദിൽ നിന്നെത്തിയ ദേശീയ ദുരന്തസേനയുടെയും നേതൃത്വത്തിൽ ആയിരുന്നു രക്ഷാ പ്രവർത്തനം.

RELATED STORIES