അരുണാചലിൽ മലയാളികളുടെ അസ്വാഭാവിക മരണം; ദുർമന്ത്രവാദ സാധ്യത തള്ളാതെ പൊലീസ്

വട്ടിയൂർക്കാവ്: അരുണാചലിൽ മലയാളികളുടെ അസ്വാഭാവിക മരണത്തിൽ ദുർമന്ത്രവാദ സാധ്യത തള്ളാതെ അരുണാചൽ പ്രദേശ് പൊലീസ്. കേരള പൊലീസുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും കേസന്വേഷണത്തിന് 5 പേരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചതായും ഇറ്റാനഗർ എസ് പി അറിയിച്ചു.

വട്ടിയൂർക്കാവ് മേലത്തുമേലെ എംഎംആർഎ 198 ശ്രീരാഗത്തിൽ ആര്യ ബി.നായർ (29), ആയുർവേദ ഡോക്ടർമാരായ കോട്ടയം മീനടം നെടുംപൊയ്കയിൽ നവീൻ തോമസ് (39), ഭാര്യ വട്ടിയൂർക്കാവ് മൂന്നാംമൂട് അഭ്രകുഴി എംഎംആർഎ സിആർഎ കാവിൽ ദേവി (41) എന്നിവരാണു മരിച്ചത്. മരിച്ച ആര്യയേയും ദേവിയേയും വിചിത്ര വഴികളിലേക്ക് നയിച്ചത് നവീൻ എന്നാണ് സൂചന.

മാർച്ച് 28ന് ഇറ്റാനഗറിൽ എത്തിയ മൂവരും കുടുംബം എന്ന പറഞ്ഞാണ് സിറോ താഴ്വരയിലെ ഹോട്ടലിൽ മുറിയെടുത്തത്. നവീൻറെ രേഖകളാണ് നൽകിയത്. മറ്റുള്ളവരുടെ രേഖകൾ പിന്നീട് നൽകാമെന്നായിരുന്നു ധാരണ. മുറിയെടുത്ത ശേഷം മൂന്ന് ദിവസം പുറത്ത് കറങ്ങി. ഏപ്രിൽ ഒന്ന് മുതലാണ് ഇവരെ കുറിച്ച് വിവരം ഇല്ലാതായതെന്ന് എസ്പി പറഞ്ഞു.

മൂവരും രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്ന് കഴിച്ചിരുന്നുവെന്ന് സംശയിക്കുന്നതായി എസ്പി പറഞ്ഞു. ഇറ്റാനഗറിൽ നടക്കുന്ന പോസ്റ്റ്മോർട്ടത്തിൽ ഇക്കാര്യം വ്യക്തമാകും. മുറിയിൽനിന്നു മരുന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരു പ്ലേറ്റിൽ മുടി, കറുത്ത വളകൾ, മൂന്നു പേരും ഒപ്പിട്ട ആത്മഹത്യാ കുറിപ്പും എന്നിവയും കണ്ടെടുത്തു. ഇതിൽ ബന്ധുക്കളെ ബന്ധപ്പെടേണ്ട ഫോൺ നമ്പറും എഴുതിയിരുന്നതായി എസ്‌പി വ്യക്തമാക്കി.

ആത്മഹത്യാ കുറിപ്പിൽ മൂന്നു പേരും ഒപ്പിട്ടിട്ടുണ്ട്. തങ്ങൾക്ക് കടബാധ്യതകളില്ലെന്നും മരണത്തിന് മറ്റു ഉത്തരവാദികൾ ഇല്ലെന്നും ആത്മഹത്യാ കുറിപ്പിൽ എഴുതിയിട്ടുണ്ട്. ‘സന്തോഷത്തോടെ ജീവിച്ചു, ഇനി ഞങ്ങൾ പോകുന്നു’ എന്നു കുറിപ്പിൽ ഉണ്ട്.

ആര്യ മകൾ ആണെന്ന് പറഞ്ഞാണ് ഇവർ മുറിയെടുത്തത്. മൂന്നു പേരും ഒരു മുറിയാണ് എടുത്തത്. സ്ത്രീകളുടെ വലതുകൈയും പുരുഷന്‍റെ ഇടതുകൈയും മുറിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ദേവിയുടെ കഴുത്തിലും മുറിവുണ്ട്. ബ്ലേഡുകളും മുറിയിൽനിന്നു കണ്ടെടുത്തു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്നും എല്ലാ വശങ്ങളും പരിശോധിക്കുകയാണെന്നും എസ്പി പറഞ്ഞു. ആദ്യ രണ്ടു ദിവസത്തേക്ക് മുറിയെടുത്ത ഇവര്‍ പിന്നീട് കൂടുതല്‍ ദിവസങ്ങളിലേക്ക് മുറി നീട്ടിയെടുക്കുകായിരുന്നുവെന്ന് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയ ഹോട്ടല്‍ ബ്ലൂ പൈനിലെ ജീവനക്കാരനും പറഞ്ഞു.

മരിച്ച നവീൻ ദേവി ദമ്പതികൾ മുമ്പേ മരണാന്തര ജീവിതവുമായി ബന്ധപ്പെട്ട ആശയങ്ങൾ പിന്തുടർന്നിരുന്നുവെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം. മൃതദേഹം കണ്ടെത്തിയ അരുണാചിലെ സിറോ താഴ്വരയിലേക്ക് ദമ്പതികൾ ഒന്നര വർഷം മുമ്പും ആരുമറിയാതെ യാത്ര ചെയ്തിരുന്നു.

ആയുർവേദ ഡോക്ടർമാരായ നവീനും ദേവിയും ബിസിനസ് തുടങ്ങാനെന്ന് പറഞ്ഞാണ് ആ ജോലി ഉപേക്ഷിച്ചത്. പിന്നീട് ദേവി ജെർമൻ ഭാഷ അധ്യാപികയായി തിരുവന്തപുരത്തെ സ്വകാര്യ സ്‌കൂളിൽ പ്രവേശിച്ചു. ഇവിടെ വച്ചാണ് ആര്യയെ പരിചയപ്പെടുന്നത്. ആര്യയുടെ വിവാഹം നിശ്ചയിച്ചതോടെയാണ് മൂവരും മരിക്കാൻ തീരുമാനിച്ചതെന്നും സൂചനയുണ്ട്. ആര്യയുടെ വിവാഹം അടുത്തമാസം 7ന് നടത്താനാണ് നിശ്ചയിച്ചിരുന്നത്.

ആരോടും അധികം സംസാരിക്കാത്ത പ്രകൃതമായിരുന്നു ആര്യയുടേതെന്ന് ബന്ധുക്കള്‍ പറയുന്നു. സ്‌കൂളില്‍ നിന്ന് വിനോദയാത്രക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ആര്യയെ കാണാതായതോടെ വീട്ടുകാര്‍ വട്ടിയൂര്‍ക്കാവ് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ആര്യയുടെ പിതാവ് വട്ടിയൂര്‍ക്കാവ് മേലത്തുമേലെ സ്വദേശി അനില്‍കുമാര്‍ ലാറ്റക്‌സിലെ ഉദ്യോഗസ്ഥനായിരുന്നു.

RELATED STORIES