ചൂട് കൂടിയിട്ടും ചിക്കന്‍ വില സര്‍വകാല റെക്കോര്‍ഡില്‍

സംസ്ഥാനത്തിന്റെ പല ഭാഗത്തും കോഴിയിറച്ചിക്ക് കിലോയ്‌ക്ക് 265 രൂപ വരെ ഉയര്‍ന്നു. റംസാന് നോമ്പിന് തൊട്ടു മുന്‍പ് വരെ 120 രൂപയ്‌ക്ക് കിട്ടിയിരുന്ന കോഴിയിറച്ചിക്കാണ് ഒരു മാസം കൊണ്ട് ഇരട്ടിയും കടന്ന് വില കുതിക്കുന്നത്.



വിഷുവും കഴിഞ്ഞേ വില കുറയാനിടയുള്ളൂ. മറുനാടന്‍ ഫാമുകളില്‍ മാത്രമല്ല തദ്ദേശീയ ഫാമുകളിലും കോഴി ഉല്‍പാദനം കുത്തനെ കുറഞ്ഞതാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിനു കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു. ചൂട് കൂടിയതും ജലക്ഷാമവും പല ഫാമുകളും പൂട്ടാനും കാരണമായി.

അതോടൊപ്പം റംസാന്‍, ഈസ്റ്റര്‍, ചെറിയ പെരുന്നാള്‍ തുടങ്ങി ചിക്കന് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള അവസരങ്ങള്‍ ഒരുമിച്ചു വരികയും ചെയ്തതോടെ ഉപയോഗവും കുത്തനെ കൂടി. ചിക്കന്‍ ക്ഷാമവും ആവശ്യക്കാര്‍ കൂടിയതും കാരണമുള്ള സ്വാഭാവിക വിലക്കയറ്റമാണ് ഇപ്പോഴത്തേതെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. തമിഴ്‌നാട്ടിലെ നാമക്കലില്‍ നിന്നുമാണ് പ്രധാനമായി ഇറച്ചിക്കോഴികള്‍ എത്തുന്നത്. ഇപ്പോള്‍ തമിഴ്‌നാട്ടിലും 280 രൂപ വരെയൊക്കെയാണ് വില.

RELATED STORIES